Thursday 26 July 2012

സിന്ദൂര രേഖ


സീമന്തരേഖയില്‍ ഞാനിട്ട സിന്ദൂരം
എങ്ങിനെ മാഞ്ഞുപോയ് സീമന്തിനി
മഞ്ഞചരടില്‍ തിളങ്ങിനിന്നാമണി
താലിയിന്നെങ്ങുപോയ് സീമന്തിനി
താലിയിന്നെങ്ങുപോയ് സീമന്തിനി

തങ്കവളയിട്ട താമര കൈകളില്‍
തന്നു നിനക്കു ഞാന്‍ മന്ത്രകോടി
തിങ്ങും വികാരം ഒതുക്കി കിനാവുകള്‍
എത്രയോ നെയ്തു നീ സീമന്തിനി
എത്രയോ നെയ്തു നീ സീമന്തിനി

സ്വപ്നവിമാനത്തിലേറി പറന്നനിന്‍
തപ്ത വികാരങ്ങളെങ്ങുപോയി
പേണ്മഴയായ് പണ്ടു പെയ്തിറങ്ങി നെഞ്ചില്‍
പൂമണം ചാലിച്ച് സീമന്തിനി
പൂമണം ചാലിച്ച് സീമന്തിനി

ചാലെ മരന്ദങ്ങള്‍ മൂളുന്ന വാടിയില്‍
ചാരത്തിരുന്നൊരു സീമന്തിനി
ചേനിലാ കൂന്തലില്‍ ചൂടാത്ത പൂക്കളും
വാടിക്കരിഞ്ഞുപോയ് സീമന്തിനി
വാടിക്കരിഞ്ഞുപോയ് സീമന്തിനി

ആഴക്കടലിന്റെ തീരത്തൊരുത്തിരി
മണ്‍ തരി കൂമ്പാരം തീര്‍ത്തു നമ്മള്‍
സങ്കല്‍പ്പ ഗോപുരം തച്ചുടയ്ക്കാനൊരു
വണ്‍ തിര വന്നു പോയ് സീമന്തിനി
വണ്‍ തിര വന്നു പോയ് സീമന്തിനി

എത്ര കൊടുങ്കാറ്റായ് വീശിയെന്‍ ജീവിത
പാമരം തുള്ളിച്ച കൂട്ടുകാരി
എത്രമധുര പ്രതീക്ഷതന്‍ പായ് കപ്പല്‍
ആഴിയില്‍ തള്ളിച്ച സീമന്തിനി
ആഴിയില്‍ തള്ളിച്ച സീമന്തിനി

നിന്റെ സ്വപ്നങ്ങളില്‍ ഞാനെന്ന പാഴ്നിറം
ചേര്‍ക്കാന്‍ മടിച്ചൊരു കൂട്ടുകാരി
ചേര്‍ത്തിരുന്നെനെ നിന്‍ മാറോടു ചേര്‍ത്തു നീ
ഏതോ കിനാവുകള്‍ കണ്ടിരുന്നു
വേറെ ഏതോ കിനാവുകള്‍ കണ്ടിരുന്നു

അഗ്നിയ്ക്ക് ചുറ്റും വലം വെച്ചു നീ കരം
കോര്‍ത്തു പ്രദക്ഷിണം വെച്ച നാളില്‍
നഗ്നമാം നിന്മിഴി കോണുകള്‍ ചുറ്റിലും
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി

എന്നും മണിയറയ്ക്കുള്ളില്‍ നിന്‍ ശൃംഗാര-
നിസ്വനം കേള്‍ക്കാന്‍ കൊതിച്ചിരുന്നു
എങ്ങുപോയെന്നോര്‍ത്തു സ്വാര്‍ത്ഥമാം ചിന്തകള്‍
കാടേറിയെങ്ങോ തപസ്സിരുന്നു
കാടേറിയെങ്ങോ തപസ്സിരുന്നു

കാറ്റും മഴയും നിലാതിങ്കളും മാഞ്ഞ
രാവില്‍ നനഞ്ഞൊരു സീമന്തിനി
പൂവും വിയര്‍പ്പാലെ മാഞ്ഞതോ ഞാനിട്ട
സിന്ദൂര രേഖയെന്‍ സീമന്തിനി
സിന്ദൂര രേഖയെന്‍ സീമന്തിനി

നിന്റെ നിശ്വസ കൊടുചൂടിലെപ്പോഴോ
നിന്നെയറിഞ്ഞു ഞാന്‍ കൂട്ടുകാരി
എന്റെ സങ്കല്‍പ്പത്തിലിത്ര കെടാത്ത-
തെന്‍ എന്റെ നിറയ്ക്കുന്നു കൂട്ടുകാരി
എന്റെ നിറയ്ക്കുന്നു കൂട്ടുകാരി

രാത്രിയാമങ്ങള്‍ തിരക്കിയെത്തും
നിലാ തിങ്കള്‍ കരിമ്പടം ചൂടി നില്‍ക്കെ
കാല്‍ പെരുമാറ്റം അകന്ന മുറ്റങ്ങളില്‍
കണ്ടില്ല നിന്നെയെന്‍ സീമന്തിനി
കണ്ടില്ല നിന്നെയെന്‍ സീമന്തിനി



കവിത: സിന്ദൂര രേഖ
രചന: ഹരി വെട്ടൂര്‍
ആലാപനം: ഹരി വെട്ടൂര്‍

7 comments:

  1. ഗായകനായ കവിയ്ക്ക്‌ അഭിനന്ദനങ്ങൾ
    ഒപ്പം കൊച്ചുമുതളാളിക്കും.

    ReplyDelete
  2. നല്ല പാട്ട്

    ReplyDelete
  3. മനോഹരം.. വേദനാജനകമായ വരികള്‍..!

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
    ശുഭസായാഹ്നം!

    ReplyDelete
  5. നിയ്ക്കും ഇഷ്ടായി...ഓരോ വരികളും എത്ര മനോഹരം...!

    സുപ്രഭാതം ട്ടൊ...!

    ReplyDelete
  6. കവിത നന്നായിട്ടുണ്ട്....

    ReplyDelete