
അന്നാ; ഹിമത്തിൻ ധവള ദൂരങ്ങളിൽ നിന്നും
ഉഷ്ണം തേടി എന്റെ നാഡിമുഖത്ത് എന്തിനു നങ്കൂരമിട്ടു നീ..
ഏതൊരാലക്തിക സന്ധ്യയിൽ
പഞ്ചനക്ഷത്ര സത്രം വമിയ്ക്കും ധൂമ്ര സംഗീത സർപ്പങ്ങൾ
പിംഗല രശ്മികളോടിണചേരുന്ന ഗന്ധക ശയ്യയിൽ
എന്റെ കോപിഷ്ടമാം പേശികൾമീട്ടീപറഞ്ഞു നീ
"I am white, you are brown
but look; both our shadows are black"
പെട്ടന്ന് വൈദ്യുതി നിലച്ചു
പ്രകാശവും, ശബ്ദവും ഞെട്ടി മരിച്ചു
സൂചിതുമ്പിൽ നിശ്ചലം നിന്നു നിമിഷം
നിന്റെ മാംസത്തിൻ നിശബ്ദ ദേവാലയം
എന്റെ നരകദാഹങ്ങൾതൻ പ്രാർത്ഥന-
കൊണ്ടു മുഖരിതമാം നിമിഷം
വേഗങ്ങളും, തുരുമ്പും കൊണ്ട് തീർത്തൊരെൻ-
ദേഹം പിളർന്നുകൊണ്ട് ഏതോ വയലിന്റെ
നാദശലാഖ പായുമ്പോൾ മന്ത്രിച്ചു നീ..
"I want your wild substance"
സ്ത്രീയേ; ശമിയ്ക്കാത്തൊരി മൃതജ്വാലയെ
സ്വീകരിയ്ക്കുന്ന സമുദ്ര വാത്സല്യമേ..
നീയറിയാതെഴുന്നേൽക്കുകയാണ്
എന്നിലെ പ്രേതാലയത്തിനകത്ത് ഒരു ജീവിതം..
രാത്രിയിൽ കോരിചൊരിയും മഴയത്ത്
പാതയോരത്തൊരു പീടികത്തിണ്ണയിൽ
കാറ്റടിക്കീറിപൊളിച്ച കുപ്പായവും കൂട്ടിപിടിച്ച്
കടിച്ചു പറിയ്ക്കും തണുപ്പിന്റെ നായ്ക്കളെ കെട്ടിപ്പിടിച്ച്
ആത്മാവിലെ തീക്കട്ടമാത്രമെരിച്ച്
നിർനിദ്രം കിടന്നുപിടച്ച തിരസ്കൃത യൗവ്വനം!
അന്നാ; വിറയ്ക്കും വിരലുകൾകൊണ്ട്
നിൻ അന്തർജലങ്ങളെ ഞാൻ കുതിപ്പിച്ചതും
എന്റെ ശിരസ്സിൻ പുകയിലക്കാടുകൾ
നിന്റെ ചുഴലികുരുങ്ങി പറിഞ്ഞതും
നമ്മളിൽ നമ്മളന്യോന്യം പ്രവഹിച്ച്
തമ്മിൽ നിറഞ്ഞു കവിഞ്ഞതും ജീവിതം..
എങ്കിലുമുണ്ടെനിയ്ക്കോർമ്മ പെരുക്കങ്ങൾ
നിന്റെ ചുണ്ടെത്തതാം തീത്തഴമ്പുകൾ..
പെറ്റമ്മപോലും വിഷംവെച്ച വാക്കുകൾ നിത്യവും
ചോറിൽ വിളമ്പുന്ന വീടിന്റെ സർപ്പഗ്രഹണമുരിഞ്ഞ്
ലോകത്തിന്റെ ഉച്ചയിലേയ്ക്കിറങ്ങുന്നതും ജീവിതം..
തന്നിര തേടാൻ ഇറക്കിവിടുമ്പോഴും
എൻ മകനാശുനടക്കുന്ന നേരവും
കണ്മഷം തീർന്നിരുന്നീടുന്ന നേരവും
തൻ മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോതമാർന്നുരക്ഷിയ്ക്കെന്ന് പ്രാർത്ഥിച്ച്
നിന്നഹോരാത്രമാ പ്രാർത്ഥനയിൽ തന്നെ
ജന്മം ദഹിപ്പിയ്ക്കുമമ്മയും ജീവിതം..
താഴത്തെ ഹാളിൽ വിരുന്നു തുടരുകയാവും
എനിയ്ക്കെത്രവേഗം മടുക്കുന്നു
ഓറഞ്ചു നീരിൽ ഹിമക്കട്ട ചാലിച്ച്
നീ പകരും ശീതതീഷ്ണമാം വോഡ്കയിൽ
ഇറ്റുകഞ്ഞിതെളിപോലുമില്ലാതെ
വയറ്റിലെ ചോരപുകഞ്ഞ് ഞാൻ താണ്ടിയ
കഷ്ടകാണ്ഠത്തിൻ കടുംകറ മായുമോ..?
എത്രവേഗം മടുക്കുന്നു വിരുന്നിലെ വിഡ്ഢിചിരികൾ
മരിച്ച മത്സ്യങ്ങൾ പോൽ വാക്കുകൾ
പേരവറിയാത്താവർ തങ്ങളിൽ ഹസ്തദാനങ്ങൾ
ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം
വഴുക്കുന്ന ചുംബനം,,!
എന്ത്! നീയെന്നെ വിളിച്ചോ..?
വിറയ്ക്കുന്ന ചുണ്ടുകളാൽ,
വിരൽ തുമ്പുകളാൽ,
ഉൽക്ക ചിന്നിതെറിയ്ക്കുന്ന കണ്ണുകളാൽ
വരൂ.. പോകാം..
തിളങ്ങുന്ന വസ്ത്രങ്ങളിൽ നിന്ന്
ആരക്തരത്നാഭരണങ്ങളിൽ നിന്ന്
ഈ ഫ്രഞ്ചുസൗരഭ്യഭാരങ്ങളിൽ നിന്ന് പോകാം
നമുക്കെൻ കിടപ്പറയിൽ ശുദ്ധരാവാം
വരൂ, ശരീരത്തിൻ മഹോത്സവം
ഈ രാത്രിയെ സ്നേഹരാത്രിയാക്കും വരെ..
ആരോടും മിണ്ടാതെ, ആരുമേ കാണാതെ
നാമെപ്പോഴിങ്ങോട്ടു പോന്നു.. ഓർക്കുന്നില്ല!
പാതിമയക്കത്തിൽ നിന്റെ നിശ്വാസത്തിൽ
ഏതോ പിയാനോ വിതുമ്പിയോ.. ? ഇങ്ങനെ!
"When will you be my son..?"
ഗർഭപാത്രത്തിലേയ്ക്കെന്തിനു നീ എന്റെ കയ്പു കറന്നു
നിനക്കറിയില്ലല്ലോ! പുത്രരായ് പിറക്കുന്നത്
മുജ്ന്മശത്രുക്കളെന്നതേ ഞങ്ങൾക്കു ജീവിതം..
മക്കളില്ലെങ്കിലില്ലെന്നൊറ്റദുഃഖമേ
മക്കൾ പിഴക്കേ പെരുകുന്നിതാധികൾ
മക്കളുണ്ടെങ്കിൽ മരണക്കിടക്ക-
യിൽ മക്കളെയോർത്തുവിളിയ്ക്കുന്നു പ്രാണങ്ങൾ
താഴത്തെ ഹാളിൽ വിരുന്നവസാനിച്ചു കാണും
ഉച്ചിഷ്ടം കുമിഞ്ഞ തീന്മേശകൾ വൃത്തിയാക്കുന്ന-
പരിചാരകരുടെ നിശബ്ദ നാടകം തീരാതെ.. തീരാതെ..
തിന്നും, കുടിച്ചും, മദിച്ചും, രമിച്ചും
ഇങ്ങെന്നും രസിയ്ക്കാൻ കൊതിയ്ക്കും മനുഷ്യർക്ക്
പെട്ടന്നൊരുദിനം ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതും
പക്ഷപാതം കാലുചുറ്റിപ്പിടിച്ചു നിലത്തടിയ്ക്കുന്നതും
രക്തസമ്മർദ്ധത്തൊടൊപ്പം
പ്രമേഹവുമെത്തി ചവിട്ടിക്കുഴയ്ക്കുന്നതും
പിന്നെ മൃത്യുവിൻ ദൂതുമായെത്തു-
ന്നൊരർബുദം മുറ്റി തഴച്ചു വളർന്ന്
ഒരായുസ്സിനെ ചുട്ടെരിയ്ക്കുന്നതും
അങ്ങിനെ അങ്ങിനെ ഓർത്താലൊ-
രുകിടിലം മാത്രം ഉള്ളത്തിൽ ബാക്കിയാവുന്നു..
ഞ്ജാതഞ്ജാത സങ്കുലമിഭ്രണത്തിലേകന്റെസത്യം
ഇന്നു നിന്നിൽ നനഞ്ഞു കിടക്കുമ്പോഴുള്ളൊരു
തിന്മകലർന്ന നിർജീവിതാനന്ദമോ
സന്നിബാധിച്ചു വിറച്ചു തുള്ളിക്കൊണ്ട്
ധർമ്മാശുപത്രി തിരഞ്ഞുപോകും വഴി
സംഹാര സൂര്യപ്രഹരം തലയ്ക്കേറ്റ്
സ്വന്തം നിഴലിൽ മൂർച്ചിച്ച് വീഴുമ്പോഴും
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ എന്ന മന്ത്രത്തിൽ
ജീവൻ നനച്ചു രക്ഷിച്ചൊരു തെണ്ടിയിൽ
തേനിറ്റുമായുരാനന്ദമോ..
ഈ വിരമിച്ച ശരീരങ്ങളിൽ തന്നെ
നാമരൂപങ്ങളഴിഞ്ഞു കിടന്നു പാഴാവുന്ന നമ്മളിലൂടെ
കാലം ക്ഷീണസാന്ദ്രമൊഴുകുന്നു
സഹശയനത്തിന്റെയാഴങ്ങളിൽ നമ്മളൊറ്റപ്പെടുന്നുവോ..?
രാവൊടുങ്ങുന്നു, അലാറം ചിലയ്ക്കുന്നു..
ജാലകചില്ലിൽ പ്രഭാതം പരക്കുന്നു
അന്നാ; എഴുന്നേറ്റു വസ്ത്രം ധരിയ്ക്കുക
ഒന്നിച്ചിറങ്ങാം നമുക്ക് ഭിന്നിയ്ക്കുവാൻ
കപ്പലിൻ കാളം മുഴങ്ങി
തുറമുഖം വിട്ടുപോകാൻ നേരമായി
ആഴങ്ങളാർത്തലയ്ക്കുമ്പോൾ
ഇരുമ്പുപലകമേലൊറ്റയ്ക്കു ജീവിതം നിൽക്കേ
കടൽക്കാറ്റു നിർത്താതെ കൊത്തിപ്പറയ്ക്കും
നമ്മുടെയർത്ഥമില്ലാത്ത പതാകകൾ..!
അന്നാ (Click here to download)
കവിത: സഹശയനം
രചന: ബാലചന്ദ്രൻ ചുള്ളിക്കാട്
ആലാപനം: ബാലചന്ദ്രൻ ചുള്ളിക്കാട്
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteപറയാന്‍ വാക്കുകളില്ല പ്രിയാ
ReplyDeleteമനോഹരം
ഈ വിരമിച്ച ശരീരങ്ങളിൽ തന്നെ
നാമരൂപങ്ങളഴിഞ്ഞു കിടന്നു പാഴാവുന്ന നമ്മളിലൂടെ
കാലം ക്ഷീണസാന്ദ്രമൊഴുകുന്നു
സഹശയനത്തിന്റെയാഴങ്ങളിൽ നമ്മളൊറ്റപ്പെടുന്നുവോ..?
ചുള്ളിക്കാടിന്റെ കവിത!!
ReplyDeleteതാങ്ക്സ്
കവിത ഹൃദയസ്പര്‍ശിയായിരിക്കുന്നു!
ReplyDeleteആശംസകള്‍
മനോഹരമായ കവിത.ഇഷ്ടമായി
ReplyDeleteശുഭാശംസകൾ...
ഹൃദയം നിറഞ്ഞ നന്ദി..........
ReplyDeleteഭാവസാന്ദ്രം..!
ReplyDeleteനന്ദി സുഹൃത്തെ..
ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDelete