Saturday, 25 January 2014

അധിനിവേശംസംഘടിത കാമക്രൗര്യത്തിനിരയിവൾ
അംഗഭംഗം വന്ന കുഞ്ഞു കിനാവിവൾ
സങ്കടങ്ങൾക്കുമപ്പുറത്തുള്ളൊരു
വൻകടൽത്തിര മുറ്റത്തിരിപ്പവൾ..

ചുടലപോൽ തന്നരികിലെ നാളങ്ങൾ
പകയൊടുങ്ങാതെ ഇരുളിനെ കൊത്തവെ
ഹൃദയഗന്ധിയാം പൂവിന്റെ വേദന
മധുകണങ്ങളായ് ഉതുരിന്ന പോലെ
തൻ സ്ത്രൈണ ഭിത്തിയിൽ ഉരുവായ്-
തുടങ്ങുന്ന ഭ്രൂണമുകളത്തിനോട് ഉരിയാടുന്നു
കുപിത സാഗരമിരമ്പുന്നൊരച്ചമേൽ
രുദ്രവീണ വിതുമ്പുന്ന സ്വരം പോലെ
കൊല്ലേണ്ടതാരെയെന്നറിവീല്ല
ഞാൻ ക്കൊല്ലുന്നു എന്നെയും നിന്നെയും
ഏതു നീചന്റെയുള്ളിൽ നിന്നാകിലും
ഉള്ളുപൊള്ളിച്ചു വീണു നീ വേണ്ടാതെയെ-
ന്തിനെന്നിൽ വളർന്നു തുടങ്ങുന്നു
വേദനയറ്റൊരു വ്രണമാണു ഞാൻ
എന്റെ ചേതനകൂടി കലർത്തട്ടെ
കനലിലോ കടലിലോ..

സോളമറ്റെ തിരശ്ശീലയാമിവൾ
തന്റെ ചേലകളൂരി കരിയ്ക്കുന്നു
കീറി തുണ്ടു തുണ്ടാക്കിയോരുത്തുമ
ഗീതകത്തിന്റെ താളാണവളിന്ന്
കതിരവന്റെ മണമുള്ള നീൾമുടി
കുളിർനദിയിൽ നനച്ചവളാണിവൾ
ഹൃദയരാഗത്തെ തന്മണവാളനായ്
കരുതിവെച്ചു നിധികാത്തിരുന്നവൾ
ദേവതാരു മരകൊണ്ട് തീർത്തൊരു
ദേവി ശില്പമെന്നാരുമോതുന്നവൾ
ദർശിതമായ മണ്ണിൻ മനസ്സായ്
കത്തിയാളി കരിഞ്ഞു തീരും മുമ്പ്
ആർത്ത നാദമായ് അലയിൽ പതിയ്ക്കുന്നു
വിങ്ങിപൊട്ടി വിതുമ്പിയോരാത്രിയും..

മാധ്യമങ്ങളാഘോഷിച്ച കഥയിവൾ
വാർത്തകൾ ദൂരദർശനപ്പെട്ടിയിൽ
കാഴ്ചതൻ ചാലുകീറി മറയവേ
കൂടെ ഞാനും പാഞ്ഞു ബോധ വേഗത്തൊടെ
മാനസ്സയാനപാത്രത്തിലേകനായ്
അധിനിവേശത്തിനിരുൾ വീണ ഭൂതലം
ഇവിടെ മരണത്തിലേയ്ക്കുള്ള ദൂരമേ ജീവിതം
ജോനകനും, പരതന്ത്രീസുകാരനും
ജൂദനും പകതീർത്തു രസിയ്ക്കുന്ന
ജനപഥങ്ങൾ തിരയുന്നു നേരിനായ്
രണവിരാമം കൊതിയ്ക്കുന്ന ജീവനായ്
ആയുധങ്ങൾ ധരിച്ചവർ നിർന്നിദ്രം
പോരിനായ് കാത്തിരിയ്ക്കും കളരികൾ
രൂപമില്ലാത്ത ശത്രുവിനെത്തേടി
നാലുപാടും തിരയുന്ന ദൃഷ്ടികൾ..

ദിക്കറിയാതെ ഞാൻ നടന്നുഗ്രമീ
തീവ്രവാദതുരുത്തിലകപ്പെട്ട്
അറ്റുപോയ ബന്ധങ്ങളെത്തേടവേ
സംശയത്തിൻ വിഷ്വോഗ്രമാം വാക്കിനാൽ
വിസ്തരിയ്ക്കുന്നു എന്റെ ലക്ഷ്യങ്ങളെ
ആർദ്ര ഭാഷമറന്നൊരു സൈനികൻ
തണലുതേടുന്നൊരഭയാർത്ഥി സംഘങ്ങൾ
പിടലിവെട്ടിയ  വൃക്ഷങ്ങളെവിടെയും
കുറ്റിമേൽ കിളിർക്കുന്നൊരിലകളിൽ
പറ്റിനിൽക്കുന്നു സമാധിസ്തമാം
ചിത്രശലഭത്തിൻ മൃതകോശപേടകം...

ചത്തുവീണ മകൻ ചോരചാലായ്
അമ്മവീടിന്റെ വാതിലിൽ തള്ളുന്നു
കണ്ണുനീരിൻ നദിവന്നു പുൽകുന്നു
ഓർമ്മയിൽ ഓണമുണ്ണാനിരുത്തുന്നു
ഉടലുനഷ്ടപ്പെട്ട കുഞ്ഞുങ്ങൾതൻ ശിരസ്സ്
അലിവു നഷ്ടപ്പെട്ട് തമ്മിൽ കടിയ്ക്കുന്നു
എന്റെ നിഴലിൻ ശിരസ്സെരിയുന്നുവോ
എന്റെ കണ്ണിലും കാകോളമിറ്റിയോ..

കൈകൾ നഷ്ടപ്പെട്ട യാചക ജീവിതം
നാവു നീട്ടുന്നു നാണയതുട്ടിനായ്
പത്തുകാശിന് ഞാൻ നിന്നരക്കെട്ടിൻ
രുദ്രപീഢകൾ നാവാലിറുത്തിടാമെന്നു
ചൊല്ലിയടുക്കും ഹിജഡകൾ
പങ്കുചേരാൻ വിളിയ്ക്കുന്നു പെണ്ണിനെ
പങ്കുവെയ്ക്കുന്ന നീചനരാധമർ
ഒരു പടുപാപിതൻ കുമ്പസ്സാരം ശ്രവിച്ച്
അധികവീര്യം ചോർന്നുപോയ പുരോഹിതൻ
പാപമുക്തിപറയാതെ നനവുമായ്
വീഞ്ഞിൽ മുങ്ങിക്കുതിർന്നു മരിയ്ക്കുന്നു..

 
സംഘടിത (Click here to download)
കവിത: അധിനിവേശം
രചന: അനിൽ പനച്ചൂരാൻ
ആലാപനം: അനിൽ പനച്ചൂരാൻ

10 comments:

 1. ശക്തവും തീവ്രവുമായ വരികള്‍...
  അനില്‍ പനച്ചൂരാനും കൊച്ചുമുതലാളിക്കും ആശംസകള്‍

  ReplyDelete
 2. അനില്‍ പനച്ചൂരാന്റെ ശക്തമായ കവിത

  ReplyDelete
 3. വളരെ മനോഹരമായ കവിത.

  ശുഭാശംസകൾ....

  ReplyDelete
 4. മനോഹരം..!
  കേൾക്കാത്ത കവിതകൾ പരിചയപ്പെടുത്തുന്ന പുലർക്കാലത്തിന് ആയിരം അഭിവാദ്യങ്ങൾ..

  ReplyDelete
 5. വണ്ടര്‍ഫുള്‍ ... മൊയലാളീ..

  ReplyDelete
 6. പുതിയ ലോകത്തിന്റെ നേർക്കാഴ്ചകൾ ...നല്ല കവിത

  ReplyDelete
 7. വിജേഷ്30 January 2014 at 11:52

  മനോഹർമായ കവിത... ഇഷ്ടായി!

  ReplyDelete
 8. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

  ReplyDelete