Sunday 14 August 2011

ശാലിനി


ഒന്നുമെനിയ്ക്കുവേണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!




കവിത: ശാലിനി
രചന: ചങ്ങമ്പുഴ
ആലാപനം: സുജാത

5 comments:

  1. ഒരു പ്രത്യേക ഫീല്‍ തരുന്ന ആലാപനം..

    ReplyDelete
  2. സുജാത വളരെ മനോഹരമായി പാടിയിരിയ്ക്കുന്നു..

    ReplyDelete
  3. ഗാനങ്ങള്‍ പിറക്കും ഇനിയും ഒരു പാട്...! എങ്കിലും ഹൃദയം ഇത്രമേല്‍ ആര്‍ദ്രമാക്കാന്‍ ഒരു കവിക്ക് കഴിയും എന്ന് ഒരിക്കലും തോന്നുന്നില്ല...! ആലാപനം കൊണ്ട് ഒന്നു കൂടി ഹൃദ്യമാക്കിയിരിക്കുന്നു സുജാത..! നന്ദി സ്വാമിന്‍...!

    ReplyDelete
  4. ചങ്ങമ്പുഴ കാവ്യഭൂവിലെ ഒരു ചെന്താമരയാണ്!

    ReplyDelete
  5. ഭാവാര്‍ദ്രദീപ്തം.......

    ReplyDelete