Friday 19 August 2011

മീര പാടുന്നു


തിരിച്ചെടുക്കുക രാജൻ വില കെട്ട പൊന്നും രാവിൻ
ഇരുളും ചേർത്തങ്ങെനിക്കായ് പണിത നീഡം
തിരിച്ചെടുക്കുക രാജൻ വില കെട്ട പൊന്നും രാവിൻ
ഇരുളും ചേർത്തങ്ങെനിക്കായ് പണിത നീഡം
തിരിച്ചു തന്നാലുമങ്ങ് മുറിച്ചൊരെൻ ചിറകുകൾ
പറക്കട്ടെ ഇവൾ സ്വച്ഛം ഉദയവാനിൽ
എടുക്കുകയൂരി എന്റെ മോതിരവിരലിലങ്ങ്
കുടുക്കിയൊരഹന്ത തൻ കഠിന വജ്രം
തിരിച്ചു തന്നാലുമങ്ങ് കനക ഖഡ്ഗത്താൽ
വെട്ടി മുറിച്ചൊരെൻ തംബുരുവിൻ പതിത ഗീതം
എനിക്കു പൊള്ളുന്നു അങ്ങെൻ മെലിഞ്ഞ കൈകളിലിട്ട
തിളയ്ക്കുന്ന വൈഡൂര്യത്തിൻ വളകളേൽക്കെ
കുരുങ്ങുന്നു കൊലക്കയർ കണക്കു നീയണിയിച്ച
പവിഴ മാലകളെന്റെ ഇളം കഴുത്തിൽ
കുടുങ്ങി നിൻ പുഷ്യരാഗം പതിച്ച പൊൻ തളകളിൽ
മറന്നു പോയെൻ പദങ്ങൾ പഠിച്ച നൃത്തം
തരികെന്റെ ചിലങ്കകൾ മുഖപടം മാറ്റി ഞാനാ
തെരുവിലേക്ക്കിറങ്ങട്ടെ വെയിലിനൊപ്പം
കഴലുകൾ കഴപ്പോളം ഇളകിയാടട്ടെ
നീലമയിലു പോൽ മഴവില്ലിൻ ലഹരി മോന്തി
നീലമയിലു പോൽ മഴവില്ലിൻ ലഹരി മോന്തി
അഴിക്കട്ടെ കസവിനാൽ കനം തൂങ്ങും ഉടുപ്പുകൽ
അവയ്ക്കുള്ളിൽ ശ്വാസം മുട്ടി പിടയുന്നു ഞാൻ
അഴിക്കട്ടെ കസവിനാൽ കനം തൂങ്ങും ഉടുപ്പുകൽ
അവയ്ക്കുള്ളിൽ ശ്വാസം മുട്ടി പിടയുന്നു ഞാൻ
എനിക്കിന്നു മുതൽ ഗ്രാമവയൽ പച്ച മണക്കുമീ
പരുത്തി തൻ കുളിരേകും ഊടുപ്പു പോരും
അഴിച്ചു വച്ചോട്ടെ ഞാനീ മകുടവും
എൻ മുടിക്കെട്ടഴിഞ്ഞിട്ടീ കൊടുങ്കാറ്റിൻ കൊടിയാവട്ടെ
മഴയിൽ ഞൻ കൂളിക്കട്ടെ തരിക്കട്ടെ വസന്തമെൻ
ഇലയിൽ ചില്ലയിലെന്റെ ഉടലിൻ വേരിൽ
തരിക തിരിച്ചെന്‍ സ്വപ്നം നിറഞ്ഞ കൌമാരം
കളിചിരികള്‍ താന്‍ കള കളം നുരഞ്ഞ ബാല്യം
തരിക തിരിച്ചെന്‍ സ്വപ്നം നിറഞ്ഞ കൌമാരം
കളിചിരികള്‍ താന്‍ കള കളം നുരഞ്ഞ ബാല്യം
ഇരിക്കട്ടെ കഥ പെയ്യും നിലാവില്‍ ഞാന്‍
മുത്തശ്ശി തന്‍ മടിക്കൂടില്‍ കുഞ്ഞുടുപ്പിട്ടൊരിക്കല്‍ കൂടി
തുറക്കുകീ ജാലകങ്ങള്‍ മരുക്കാറ്റിന്‍ ചിറകേറി പറക്കട്ടെ
ചെമ്പകത്തിന്‍ സുഗന്ധമെങ്ങും
വിളിക്കയായ് എന്നെ ഇന്നും മല കടലാക്കും നീലക്കുറിഞ്ഞികള്‍
നീല നീലക്കിളികള്‍ പൂക്കള്‍.
വിളിക്കുന്നു ഘനശ്യാമ വിപിനം ഹാ നീലവാനം
വിളിക്കുന്നു സമുദ്രത്തിൻ അനന്ത നീലം
വിളിക്കുന്നു സമുദ്രത്തിൻ അനന്ത നീലം
അറിഞ്ഞു പോയ് രാജൻ നിനക്കറിയാത്തൊരാനന്ദത്തിൻ
പരമമാം രഹസ്യം ഞാൻ ഒരു കിനാവിൽ
അറിഞ്ഞു പോയ് രാജൻ നിനക്കറിയാത്തൊരാനന്ദത്തിൻ
പരമമാം രഹസ്യം ഞാൻ ഒരു കിനാവിൽ
ഒരു മയില്‍പ്പീലിയുടെ നിറമല്ലോ സ്വാതന്ത്ര്യത്തിൻ
ഒരു വേണുഗാനത്തിന്റേതതിന്റെ നാദം
ഒരു മയില്‍പ്പീലിയുടെ നിറമല്ലോ സ്വാതന്ത്ര്യത്തിൻ
ഒരു വേണുഗാനത്തിന്റേതതിന്റെ നാദം
പൊടിയിലും വിയർപ്പിലും മുങ്ങിയതു സ്വാതന്ത്ര്യത്തിൻ ഉടൽ
സാധു ഇടയന്റേതതിന്റെ ഗന്ധം
ഇടി വെട്ടി മഴ കോരിച്ചൊരിയുന്ന പാതിരാവിൽ
മരണത്തിൻ നിഴൽക്കീഴിൽ അതിന്റെ ജന്മം
അതു കരയുമ്പോൾ ഞെട്ടിത്തരിക്കുന്നു സിംഹാസനം
അതിനെ ഞെരിക്കാൻ ദൂതരുണർന്നിരിപ്പൂ
ഒരു കൊച്ചു മാറാപ്പിൽ നിന്നതിൻ കുഞ്ഞിവിരൽ കാൺകെ
പ്രളയവുമതിനായി വഴി മാറുന്നു
ഭയമിന്നു വലിച്ചെറിഞ്ഞിരിപ്പൂ ഞാനെന്റെ
വെള്ളി മെതിയടിക്കൊപ്പം വ്രീളാ നാട്യത്തൊടൊപ്പം
മധുരകേസരത്തിൻ പൊൻ തടവറ വിട്ടു ഞാൻ
പെൺചിറകിൽ വെൺ പരാഗമായ് പറന്നിടട്ടെ
ഇതുവരെ ഞാൻ പൊഴിച്ച മിഴിനീരിൻ യമുനയിൽ
കമലദളങ്ങളായ് ഞാൻ വിരിയുവോളം
ഇതുവരെ ഞാൻ കുടിച്ച വിഷമതിൽ അമൃതാകാൻ
ഒരു നീലക്കഴൽ കാത്ത് പുളയുവോളം
നെറുകയിൽ നിന്നും മായ്ച്ചു കളഞ്ഞൊരെൻ സിന്ദൂരത്തിൻ
തുടുപ്പൊരു പുലരിയായ് പരക്കുവോളം
മിഴികളിൽ നിന്നും മായ്ച്ച മഷിയിൽ നിന്നൊരു
ശ്യാമ വിമുക്തി വിഗ്രഹം ഉയിരെടുക്കുവോളം
മിഴികളിൽ നിന്നും മായ്ച്ച മഷിയിൽ നിന്നൊരു
ശ്യാമ വിമുക്തി വിഗ്രഹം ഉയിരെടുക്കുവോളം



കവിത: മീര പാടുന്നു
രചന: സച്ചിദാനന്ദന്‍
ആലാപനം: വേണുഗോപാല്‍

No comments:

Post a Comment