Monday, 5 March 2012

ഒറ്റമണല്‍ത്തരി


അസാന്നിധ്യം കൊണ്ട് സദാ സാന്നിദ്യമറിയിക്കുന്ന നീയാര്?
എന്റെ അവസാനത്തെ രഹസ്യം വരെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്
ജലപ്രഹാത്തിലൂടെ പൊസൈഡോന്‍ എന്നെ കാണാനെത്തുന്നതുവരെ
മൌനമാ‍ണ് എപ്പോഴും നിന്റെ മറുപടി
ഒരുവാക്ക്.. വെറുമൊരുവാക്ക്.. ഒറ്റവാക്ക്
അതാണ് ഞാനെപ്പോഴും ചോദിയ്ക്കുന്നത്
നീ തരാത്തതും...
സൂര്യോദയത്തിന്റെ ചിരിയുമായ്
കാറ്റിന്റെ പാദുകങ്ങളില്‍ നീ യാത്ര ചെയ്യുമ്പോഴും
പലപ്പോഴും എന്റെ പട്ടം നിന്റെ പിന്നാലെ വന്നിട്ടുണ്ട്
ഓരോ തവണയും തൊട്ടുവെന്നാകുമ്പോള്‍ നീ വിണ്ടുമകലേ..
ഏതോ നൂറ്റാണില്‍ വന്ന ആ ഭ്രാന്തന്‍ കുതിര.. ഒറ്റകൊമ്പന്‍
ചിറകുകള്‍ വീശിക്കൊണ്ട് തളരാതെ നിന്റെ കൂടെയുണ്ടെന്നെനിയ്ക്കറിയാം
ഒരേ പകലിന്റെ നിറഭേദങ്ങളില്‍
നിന്റെ മുഖം വിരിയുന്നതും, തെളിയുന്നതും, ഒടുവില്‍ മങ്ങുന്നതും
ഞാനിവിടെയിരുന്ന് കാണുന്നു..
പകലിന്റെ പണിശാലയില്‍ നിന്ന് നീ വിടവാങ്ങുന്നതും
രാത്രിയുടെ നീലവിശാലതയില്‍ ലയിച്ചമരുന്നതും ഞാനറിയുന്നു
ഒരുവാക്കിനായ്.. ഒരേ ഒരു വാക്കിനായ്..
തലയിട്ടടിച്ച് ഞാന്‍ നിന്റെ പടിവാതിലില്‍ അന്വേഷിയ്ക്കുന്നു..
പക്ഷെ, അത് അദൃശ്യമായി അവശേഷിയ്ക്കുന്നു..
തണുത്ത രാത്രി തകര്‍ന്ന മരപ്പാലം
നാം കണ്ടുമുട്ടുമ്പോള്‍ ഞാന്‍ തെരുവ് തെണ്ടിയായിരുന്നു
നീയെന്നെ കൊട്ടാരത്തിലേയ്ക്ക് നയിച്ചു
വീഞ്ഞ്, വിരുന്ന്, പുതുവസ്ത്രങ്ങള്‍
ഏറ്റവും പ്രകാശമുള്ള രാത്രി അതായിരുന്നു
നിദ്ര വന്നണഞ്ഞത് ഏത് വിദൂര ദ്വീപില്‍ നിന്നാണ്
കറുത്ത ജലത്തില്‍ തുഴകളുടെ മിന്നായം കണ്ടുവോ
നിന്റെ മൌനമോ.. ചുവന്ന വയലിന്റെ സംഗീതമായ്
എന്നിലേയ്ക്ക് പകര്‍ന്നൊഴുകി
എന്നാല്‍, ഏതുസംഗീതത്തിനുമൊടുവില്‍
അനിവാര്യമായ നിശബ്ദതയുടെ മാഹാപ്രവാഹമുണ്ട്
പകല്‍ വെളിച്ചത്തില്‍ ഞാന്‍ കണ്ണ് തുറന്നത് പാലത്തിനരികില്‍
നിര്‍ദ്ദയനായ സൂര്യന്‍ എനിയ്ക്ക് മേലെ ജ്വലിച്ച് നിന്നു
വെയില്‍ താണു.. രാത്രി വരികയായി..
പഴകിയ വസ്ത്രങ്ങളിലിതാ രാജകീയ സുഗന്ധം ഉയരുകയായി
പിന്നിയ കുപ്പായകീശയില്‍ നീ കുത്തിതിറുകിയ പട്ടുറുമാലുണ്ട്
അതിലാകട്ടെ.. നിന്റെ മാന്ത്രിക സ്പര്‍ശവും
പ്രകാശത്തേക്കാള്‍ വേഗതയിലാണ് നീ
കരയില്‍, ജലത്തില്‍, വായുവിന്റെ അദൃശ്യങ്ങളായ നേര്‍മ്മകളില്‍
നീയെവിടെ സ്പന്ദിച്ചാലും അതറിയുന്നവളാണ് ഞാന്‍
ആനിനകളെല്ലാം നിന്നിലേയ്ക് തിരിച്ചുകൊണ്ട്
അന്ധയെങ്കിലും കണ്ണ് തുറന്ന്
ഊമയെങ്കിലും ഉച്ചാരണത്തിന് പണിപ്പെട്ട്
ബാദരിയത്തില്‍ സംഗീതത്തെ തേടികൊണ്ട്
എനിയ്ക്കെങ്ങിനെ ഉറങ്ങാന്‍ കഴിയും..?
കലുഷമാ‍യ രാത്രിയിലൂടെ
സ്വയം മുറിചച്ചുമാറ്റികൊണ്ട് ഞാന്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കും..
എന്നിലൊരിയ്ക്കലും എത്തിചേരാത്ത പകല്‍
അതാണ് നീ...

അസാന്നിദ്ധ്യം കൊണ്ട് (Click here to download)
കവിത: ഒറ്റമണല്‍ത്തരി
രചന: വിജയലക്ഷ്മി
ആലാപനം: റിയാസ്സ് അഹമ്മദ്

11 comments:

 1. ഇതാരെഴുതിയെന്നോ, ആര് പാടിയെന്നോ അറിയാതെ ഒരുപാടുകാലം മനസ്സില്‍ കൊണ്ട് നടന്ന ഒരു കവിത. പിന്നീടറിഞ്ഞു ഇത് വിജയലക്ഷ്മിയുടെ കവിതയാണെന്ന്, അപ്പോഴും ഇതിന് ജീവന്‍ നല്‍കിയ വ്യക്തിയാരാണെന്നുള്ളത് അഞ്ജമായിരുന്നു. ഒരുപാട് നിഗമനങ്ങളെത്തി, അപ്പോഴും തിരയുകയായിരുന്നു. ഒരവസരത്തില്‍ ചുണ്ടോളമെത്തിയിട്ടും രുചിച്ചു നോക്കുവാന്‍ പറ്റിയില്ല എന്നതുപോലെ ആരാണെന്ന് കണ്ടുപിടിയ്ക്കുവാന്‍ പറ്റിയില്ല. ഇന്നാണ് അറിയുന്നത് ഇത് ചൊല്ലിയത് റിയാസ്സ് അഹമ്മദ് ആണെന്ന്. വര്‍ഷങ്ങള്‍ക്ക് മുന്നെ ബ്ലോഗ് കൂട്ടായ്മ നടത്തിയ വനിതാലോകം കവിതാക്ഷരിയില്‍ ആലാപനത്തിന് രണ്ടാം സ്ഥാനം കിട്ടിയ കവിതയായിരുന്നു ഇതെന്ന്. ഈ വൈകിയവേളയില്‍ റിയാസ്സ് അഹമ്മദിന് അഭിനന്ദനമറിയിച്ചു കൊള്ളുന്നു..

  ഏവര്‍ക്കും ശുഭദിനാശംസകള്‍!

  ReplyDelete
 2. എന്നിലൊരിയ്ക്കലും എത്തിചേരാത്ത പകല്‍
  അതാണ് നീ...:)


  സ്നേഹിക്കുന്നവരോട്‌ പറയാന്‍ കൊതിക്കുന്ന വാക്കുകള്‍ .....നല്ല വരികള്‍ ....

  ReplyDelete
 3. ബ്രഷിന്റെ ചായക്കൂട്ടുകള്‍ക്ക് അതീതമായ ഒരു ചിത്രം , വാക്കുകളുടെ ഇന്ദ്രജാലതിലൂടെ നമ്മില്‍ വരക്കുമ്പോള്‍ ആണ് അതൊരു കവിത ആകുന്നതു -- വിജയ ലക്ഷ്മി , ചായ ക്കൂട്ടുകളുടെ ഒരു മാസ്മരിക സാന്നിധ്യം തന്നെ ഈ വരികളില്‍ കോരി ഒഴിച്ചിട്ടുണ്ട് - അത് ആരിലോക്കെ ഏതൊക്കെ മാനങ്ങളില്‍ സംവേടിക്കപ്പെടുന്നു , അമൂര്‍ത്തമായ ഭ്രമങ്ങള്‍ ഉണര്‍ത്തുന്നു എന്നതൊക്കെ വ്യക്തി നിഷ്ടം - അസാടകനില്‍ ആണല്ലോ കവിതയുടെ പൂര്‍ണത .. ഈ കവിത പരിചയപ്പെടുത്തിയതിനു ഏറെ നന്ദി കൊച്ചു മുതലാളി .. :-)

  ReplyDelete
 4. നല്ല വരികള്‍
  ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 5. നിയ്ക്കും ഇഷ്ടായി....ശുഭരാത്രി...!

  ReplyDelete
 6. എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കേവര്‍ക്കും ഈ കവിത വളരേയേറെ ഇഷ്ടമായെന്നറിഞ്ഞതില്‍ നന്ദി!

  വാസുവേട്ടന്‍ പറഞ്ഞത് സത്യം! ഓരോന്നിനേയും വ്യക്തിനിഷ്ടമായി ആസ്വദിയ്ക്കാം. ഒരു വസ്തുവിനോടുള്ള അമിതമായ അഭിനിവേശം നമ്മെ ഭ്രമിപ്പിയ്ക്കുന്നു. അത്തരത്തില്‍ പ്രണയ സങ്കല്‍പ്പങ്ങളും ഭ്രമകല്‍പ്പനകളായി രൂപാന്തരപ്പെടുന്നു.. സ്വപ്നങ്ങളുടെ വിസ്മയലോകത്ത് പറന്നുല്ലസിച്ച് നടക്കുവാന്‍ ആരാണിഷ്ടപ്പെടാത്തത്..

  ഏവര്‍ക്കും കൊച്ചുമുതലാളിയുടെ ശുഭദിനാശംസകള്‍!

  ReplyDelete
 7. The background music which is used for this poem is excellent. Wonderlul.. its flowing!

  Rajesh

  ReplyDelete
  Replies
  1. രാജേഷ് പറഞ്ഞത് സത്യമാണ്. എനിയ്ക്കും തോന്നാറുണ്ട് ഈ കവിതയുടെ പശ്ചാത്തല സംഗീതം കേള്‍ക്കുമ്പോള്‍ സ്വപ്നത്തിലെ തന്റെ കാമുകിയെ ഒരു നൌകയിലിരുത്തി അരയന്നങ്ങള്‍ മാത്രമുള്ള ഒരു തടാകത്തിലൂടെ സാവധാനം തുഴഞ്ഞു പോകുന്നത് പോലെ.. നന്ദി!

   Delete
 8. "ഒരേ പകലിന്റെ നിറഭേദങ്ങളില്‍ നിന്റെ മുഖം വിരിയുന്നതും,തെളിയുന്നതും,ഒടുവില്‍ മങ്ങുന്നതും
  ഞാനിവിടെയിരുന്ന്‍ കാണുന്നു..."
  -ഹൃദ്യം..!!!

  ReplyDelete
  Replies
  1. സുന്ദരമായ വരികള്‍ അല്ലേ മാഷെ..

   Delete
 9. ഒരു വാക്ക്... വെറും ഒരു വാക്ക്... ഒറ്റവാക്ക്‌...
  അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്‌,
  നീ തരാത്തതും...

  ReplyDelete