Monday 8 August 2011

പരാതി


പറയൂ പരാതി നീ കൃഷ്ണേ..
പറയൂ പരാതി നീ കൃഷ്ണേ..
നിന്റെ വിറയാര്‍ന്ന ചുണ്ടുമായ്‌
നിറയുന്ന കണ്ണുമായ്‌ പറയൂ പരാതി നീ കൃഷ്ണേ

അവിടെ നീയങ്ങനിരിക്കൂ..
മുടിക്കതിരുകളല്‍പ്പമൊതുക്കൂ
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലുപോലെന്നെ ഞാന്‍ കാണ്മൂ..
അടരാന്‍ മടിക്കുന്ന തൂമണി കത്തുന്ന
തുടര്‍വെളിച്ചതില്‍ ഞാന്‍ കാണ്മൂ..
കാണാന്‍ കൊതിച്ചെന്നുമാകാതെ
ദാഹിച്ച്‌ വിടവാങ്ങിനിന്നൊരെന്‍ മോഹം
ഇടനെഞ്ചുയര്‍ന്നു താണുലയുന്ന സ്പന്ദമെന്‍
തുടരുന്ന ജീവന്റെ ബോധം.
അതുനിലപ്പിക്കരുതതിവേഗമോരോന്നു
പറയൂ പരാതി നീ കൃഷ്ണേ..
പറയൂ പരാതി നീ കൃഷ്ണേ..

എന്നും പറഞ്ഞവ തന്നെയാണെങ്കിലെന്തെന്നും
പുതിയതായ്‌ തോന്നും
എന്നും പറഞ്ഞവ തന്നെയാണെങ്കിലെന്തെന്നും
പുതിയതായ്‌ തോന്നും
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യ-
ങ്ങള്‍ക്കുള്ളതൊരിത്തിരി ദുഖം..
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യ-
ങ്ങള്‍ക്കുള്ളതൊരിത്തിരി ദുഖം..
മിഴികോര്‍ത്തു നിന്നു നീ പറയുന്ന മാത്ര ഞാന്‍
കേള്‍ക്കുന്ന മാത്രകള്‍ അതില്‍ മാത്രമാണുനാം
നാമന്യോന്യമുണ്ടെന്നതറിയുന്നതിന്നായ്‌ പറയൂ

പറയൂ പരാതി നീ കൃഷ്ണേ..
ഉച്ചത്തിലുച്ചത്തിലാകട്ടേ നിന്മൊഴി
ഉച്ചത്തിലുച്ചത്തിലാകട്ടേ നിന്മൊഴി
ഒച്ചയടഞ്ഞുവോ...
നിശ്ചലം ചുണ്ടുകള്‍ ..നിറയാത്ത കണ്ണുകള്‍
നിറയാത്ത കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലില്ല ഞാനില്ല ഞാനില്ല..!!


പറയൂ പരാതി നീ കൃഷ്ണേ (Click here to download)
കവിത: പരാതി
രചന: കടമനിട്ട
ആലാപനം: വേണുഗോപാല്‍

5 comments:

  1. എന്നും പറഞ്ഞവ തന്നെയാണെങ്കിലെന്തെന്നും
    പുതിയതായ്‌ തോന്നും
    അല്ലെങ്കിലെന്തുണ്ടനവധിക്കാര്യ-
    ങ്ങള്‍ക്കുള്ളതൊരിത്തിരി ദുഖം..

    ReplyDelete
  2. ഈ ഉദ്യമത്തിനും...മനോഹര ചിത്രത്തിനും നന്ദിയുടെ ഓരായിരം പൂക്കള്‍ ചൊരിയുന്നു.

    ReplyDelete
  3. ഇങ്ങനെ ഒരു ശ്രമം തുടങ്ങുവാന്‍ പ്രചോദനമായത് വര്‍ഷിണിയുടെ നിറമേഘചോലയില്‍ എന്ന ബ്ലോഗ് സ്പോട്ടാണ്.. പല ചിത്രങ്ങളും സെലക്ട് ചെയ്യുന്നതില്‍ വര്‍ഷിണി സഹായിയ്ക്കുവാറുണ്ട്.. ഈ ചിത്രവും വര്‍ഷിണി സെലക്ട് ചെയ്ത് തന്നതാണ്..

    ReplyDelete
  4. ആനക്കാര്യത്തിനിടയ്ക്കാ ചേനക്കാര്യം പറയണേ....
    നിയ്ക്കും എന്തിഷ്ടാന്നോ‘പറയൂ പരാതി നീ കൃഷ്ണേ‘ കേള്‍ക്കാന്‍...
    ചിലപ്പൊ തോന്നും ന്റ്റെ കണ്ണന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന്...
    എന്തിനാന്നറിയോ...
    ഒത്തിരി പരാതികള്‍ ഒരുങ്കൂട്ടി വെച്ചിട്ടുണ്ട് ഞാന്‍...
    ആ ചെവിയില്‍ മന്ത്രിയ്ക്കാന്‍..

    ReplyDelete
  5. ചേനക്കാര്യമല്ല വര്‍ഷിണി.. ആനക്കാര്യം തന്നെയാണ്..
    കടമനിട്ട പറഞ്ഞത് പോലെ പരാതികളാണ് ഒരു വ്യക്തിയുടെ അസ്ഥിത്വം. സ്നേഹത്തില്‍ ചാലിച്ച ആ പരാതികളില്ലെങ്കില്‍ പിന്നെയെന്തുണ്ട് ജീവിതത്തിനര്‍ത്ഥം.. പറയൂ പരാതി നീ കൃഷ്ണേ..

    ReplyDelete