Saturday, 21 September 2013

അമ്മവരൾ മണ്ണിൽ ഉതിർവീണ മഴനനസ്പർശത്തിൽ,
ഒരു വിത്തുണർത്തുവാൻ എരികനൽ
ചൂടേറ്റു തൊണ്ട പൊള്ളുമ്പോഴും,
ഒരു കുമ്പിൾ നീരെന്നും കരുതിവേച്ചോൾ,
ഉള്ളിലേഴു കടലാഴം കനിവുതിപ്പോൾ
ഉടലെരിച്ചുയിരിന്റെ ചൂടും കിനാവിന്റെ കസവാടയും
ഹൃദയതാള തുടിപ്പുമീ മധുരവും നല്ല വാക്കെരിയും
വിളക്കിന്റെയൊപ്പമായ് താരാട്ടുശീലും പുതപ്പിച്ചു നൽകിയോൾ
ഇരുളും പുകക്കറയും അലിയുന്നടുക്കള ചു-
വരിലെ വായ്പ്പ കണക്കിന്റെ അക്കമായ്
ജീരകപ്പാട്ടയിൽ കൂട്ടുന്ന നാണയത്തിരിലെ
മെല്ലിച്ച നിമിഷ നാദങ്ങളായ്
കരിയടുപ്പിൻ തിളകഞ്ഞിയായ് കായമായ്
കാലത്തിനപ്പുറം വെന്തു നില്ക്കുന്നവൾ
പട്ടിണി നരപ്പിച്ച നാളിന്റെ നെറു-
കയിൽ പുഞ്ചിരിപ്പൂവിതൾ തൂകീ .....
വായ്പ്പ നെല്ലിൻ ദയ കഞ്ഞി പകർച്ചയിൽ
ഉള്ളം കടഞ്ഞുപ്പു നേദിച്ചവൾ
ഉണ്ണാതെ ഊട്ടി ഉറങ്ങിയോൾ നാളെയുടെ
നല്ല കാലക്കിനാകഥ പറഞ്ഞോൾ
അച്ഛൻ തിളചെയ്യും അസ്ത്രവാക്കിൽ
മനം മൂകം കരഞ്ഞ രാപ്പാടിയിവൾ....
തുടർനാടക ചെണ്ട കൊട്ടും ദിനങ്ങളാൽ
കണ്ണീരു കല്ലിച്ച മിഴിയൊപ്പിവൾ
പ്രവാസത്തിരക്കിന്റെ യാത്രാമൊഴിക്കോണിൽ
പറയാതെ വെക്കുന്ന കടുമാങ്ങയിൽ നിന്നും
കിനിയുന്നോരെണ്ണ പടർപ്പായ് നിൽപ്പവൾ
എന്‍ കാലിടർച്ചയിൽ ഊരങ്ങളലിയിച്ചു
ചാരെ വന്നെത്തുന്ന പ്രാർത്ഥനാഗീതിക
ആദി അറിവിൻ പൊരുളെനിക്കായ്‌ നൽകിയോൾ
ആദി രുചി നാവിലേക്കിറ്റിച്ചു നൽകിയോൾ
എന്റെ ആകാശം വഴിത്താര വഴിയൊടുങ്ങുന്നിട-
ത്തിരുളു കീറി തരുന്നൊറ്റനക്ഷത്രം ..
ജീവിത ചുവരിലെ ചിത്രങ്ങളിൽ ചമയമില്ലാ-
മുഖങ്ങളായി അവതരിച്ചോർ ,
കാഴ്ച ഇല്ലാത്ത കാലമുരുളുമ്പോഴും
നോവിന്റെ നേരേ കതിരുതിർപ്പൂ
പുലരുവോളം വഴിക്കണ്ണിൻ ചെരാതുമായ്
കാത്തിരുന്നെണ്ണ വറ്റിപോയുടഞ്ഞവൾ
പെറ്റ നൂറുണ്ണികൾ നഷ്ടമായ് തീരും
വിലാപത്തിലന്തിവെട്ടം കെട്ട് നിൽപ്പവൾ
തുണയെന്നു പൊളി ചൊല്ലി മണമാട്ടിയാരോ
ചവിട്ടി ചതച്ചിട്ട നൊമ്പരപൂവിതൾ
തെരുവോരമുണ്ണിയുടെ അരവയർ നിറയ്ക്കുവാൻ ,
ഇടറി നീളും നേർത്ത വിറയാർന്ന യാചന ...
മടുപ്പിൻ കനപ്പാർന്ന വൃദ്ധ സദനത്തിലെ
മൗനം മുറിയ്ക്കുന്ന താപനിശ്വാസം
ഒരു തേങ്ങൽ ഉള്ളില്‍ കുരുക്കിയിട്ടെന്നും
ചിരിചില്ലു വെട്ടം വിതയ്ക്കുന്ന മൊഴിയിവൾ
പിച്ചവെപ്പിൻ ഇടർപ്പാതയിൽ നീട്ടിയ
വിരൽതുമ്പിലുണരുന്ന താങ്ങിന്റെ കരുതലും
നെഞ്ചിടിപ്പിൻ ഇടത്താളം കൊരുത്തോരു
താരാട്ടു തൊട്ടിലിൻ ആയവും പേറി
ഒറ്റത്തിരി ചുണ്ടിലെരിയുന്ന നാളമായ് അമ്മ നിൽപ്പൂ
അമ്മയിവൾ ഉണ്ണികൾ മറന്ന വഴിവളവിലെ
പഴയ വീടിൻ കതുകു ചാരാത്ത വാതിൽ...
അമ്മയിവൾ ഉണ്ണികൾ മറന്ന വഴിവളവിലെ
പഴയ വീടിൻ കതുകു ചാരത്ത വാതിൽ...!

 
വരൾ മണ്ണിൽ (Click here to download)
കവിത: അമ്മ
രചന: സന്തോഷ് ബാബു ശിവൻ
ആലാപനം: സന്തോഷ് ബാബു ശിവൻ

13 comments:

 1. മികച്ച കവിത...

  ReplyDelete
 2. വരികൾ തന്ന മഴയാത്രികന് നന്ദി..
  ഏവർക്കും ശുഭസായാഹ്നം!

  ReplyDelete
 3. കവിത നന്നായിട്ടുണ്ട്

  ReplyDelete
 4. ഹൃദയസ്പര്‍ശിയായിരിക്കുന്നു കവിതയും ആലാപനവും.
  ആശംസകള്‍

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. നന്മ നിറഞ്ഞ കവിത.ആലാപനവും നന്ന്.


  ശുഭാശംസകൾ.....

  ReplyDelete
 7. ഈ കവിത പാടിയിരിക്കുന്നതും സന്തോഷ് ബാബു ശിവന്‍ തന്നെയാണ്...കാട്ടാകട അല്ലാട്ടോ....
  ശബ്ദം സാമ്യമുണ്ടെന്നെ ഉള്ളൂ...
  ആരും അറിയാതെ പോകുന്ന ഒരു കവിയാണ് ആ കലാകാരന്‍ ഇന്നും,,,,

  ReplyDelete
 8. https://www.youtube.com/user/varthalokamvideo?feature=watch
  ഈ link ഇല്‍ ഉണ്ട് കൂടുതല്‍ കവിതകള്‍

  ReplyDelete
 9. https://www.youtube.com/watch?v=Ub6t0Gx7e5U
  check also this

  ReplyDelete
 10. നന്ദി മഴയാത്രികൻ.. ഞാൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സൂര്യകാന്തിയുടെ ഹൃദയത്തിലെ എല്ലാ കവിതകളും എന്റെ കയ്യിലുണ്ട്.. രണ്ട് കവിതകൾ മുന്നെ തന്നെ ചേർത്തിട്ടുണ്ട് ഇവിടെ..
  നോക്കുകുത്തിയുടെ ലിങ്കിന് നന്ദി!

  ReplyDelete
 11. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

  ReplyDelete