Saturday, 15 February 2014

മേഘങ്ങളെ കീഴടങ്ങുവിന്‍ഇനി നമ്മള്‍ മാത്രം
നമ്മുക്കൊരുൾ ചൂടിന്റെ കനിവുറവു മാത്രം
ഇരുളിൽ ഉരുള്‍പൊട്ടാന്‍ കിതക്കുമീ
മണ്‍ത്തട്ടില്‍ ഇറുകെ പിടിച്ചേയിരിക്കണം
തരിവെളിച്ചം കാന്‍കിലവിടെ നങ്കൂരമായ്
മിഴിയാഴ്ത്തി ഉച്ചം വിളിക്കണം
നിത്യമിരുള്‍മാത്രമാം ഒട്ടിടതെളിഞ്ഞിട്ട്
വിട്ടുപോയേക്കാം വെളിച്ചതുരുത്തുകള്‍

നിശയിതു പെരുക്കുന്നു മേഘഫണമൂതുന്നു 
തിരയററ കടല്‍കയറി മുങ്ങുന്നു മണ്‍കര
പശിതിന്നുശോഷിച്ച ശ്വാസകോശങ്ങള്‍
ഉള്‍വലിയുന്നതിള്‍ ജീര്‍ണവാതം ഞരങ്ങുന്നു
പൊഴികളടയും  ബോധസന്ധികളിള്‍
നീർനായ്ക്കള്‍ പല്ലുകളമര്‍ത്തി കടിച്ചുകീറുന്നു
ഉള്‍ച്ചുഴിയില്‍ ഒരു മിന്നുവെട്ടം..
നമുക്കിതിനെയെങ്കിലും ഇരുള്‍-
പത്തികൊത്താതെ കാക്കണം...
 കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കയ്യഴിയാതെ
ചേര്‍ന്ന ഹൃദ്താള ഗതിയൂര്‍ന്നു പോകാതെ
മിഴിവഴുതി വീഴാതിരുള്‍ക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണം ഇനി നാം തനിച്ചല്ലോ!

പെയ്കയാണീ തമജ്ജ്വാലകള്‍ പിന്നെയും
കാണാവതെല്ലാം വിഴുങ്ങുന്നു
നമ്മള്‍ക്ക് ശേഷിച്ചത് ഇക്കൊച്ചു മൺതിട്ട .
പകലിരവു പാകി കിളിര്‍പ്പിച്ചു നട്ടതും
രാപ്പല്ലുരാകി തിളക്കി നാം കൊയ്തതും അളന്നതും
കൊച്ചഴിക്കൂട്ടിലൊരു തത്തയെ വളർത്തതും
കൊച്ചരിപ്രാവുകളെ സ്വപ്നമായ് കണ്ടതും
ഒലിച്ചപോയേക്കാം നമുക്ക് നാമേ തുണ

വാലിലാകാശം കുരുക്കിയിട്ടൊരു ഗൌളി
നാഴിക വിരല്‍ ചുറ്റിയെങ്ങോ ചിലക്കുന്നു
തെക്കോ വടക്കോ ചിലച്ചു..
ശുഭാശുഭപ്പരലുകളിൽ ഗ്രഹയുദ്ധനിഴള്‍ വീഴുമൊച്ചകള്‍
യജ്ഞം പിഴച്ചാഭിചാരമായ് കര്‍മ്മികള്‍
രക്തംവമിച്ചലരി ഉയിര്‍വെടിയമൊച്ചകള്‍
ദിക്കിന്റെ ചീന്തിലയിലേതോ കരിക്കാക്ക
കൊക്കുരചാര്‍ത്തുന്ന ശാപവെറിയൊച്ചകള്‍
നിമിഷം കവച്ചുവെച്ചോടുവാന്‍ ദുര്‍ബലം
പിടയുന്ന ഹൃത്തിന്റെ വിണ്‍ചുവടൊച്ചകള്‍
ഇരുളിന്‍ സ്വകാര്യങ്ങള്‍ ചീവിടുകള്‍
കാറ്റില്‍ ഇളവറ്റുരയ്ക്കുന്ന ഭീഷണിചൊല്ലുകള്‍
ഒച്ചകളത്രേ നിരന്തരം ഒച്ചകളത്രേ നിരന്തരം
ദൃഷ്ടികൾ വ്യര്‍ത്ഥം ചുഴറ്റുന്ന കനലെഴാക്കൊള്ളികള്‍

ഇരുളിന്റെ ചുരുളുകൾ ഞെരിക്കുന്നുവോ?
ശ്വാസമിറുകെപിടിക്കാം.. ഒരേ ശ്വാസമിട്ടുനാം
പുലരിക്ക് സന്ധ്യക്ക് ദീപംകൊളുത്തവര്‍
പുലരുവാന്‍ മുന്തിരിതോട്ടം പടുത്തവർ
കയ്യില്‍ നാമേന്തിയൊരു മുന്തിരിയിൽ
ഇടപാര്‍ത്തു പതിയിരുന്നു അണുകീടം
ഒരു മഹാ ഫണിയായ് ദംശിപ്പതെങ്ങു
ഹൃദയത്തിലോ ശിരസിലോ,
വംശവൃക്ഷത്തിന്‍ ചുവട്ടിലോ, വിണ്ണിലോ?
ഈ മണ്ണിടംപാടു ചുറ്റുന്നുവോ
മര്‍ദ്ദമാപിനിയില്‍ അക്കങ്ങള്‍ ഖേദിച്ചുവോ
നമ്മളെങ്ങോ തെറിച്ചു രണ്ടാകുന്ന പോലെ
ഹാ! വേര്‍പാട് നോവല്ല, വേരറ്റൊടുങ്ങലാം..!

ആരോ തുഴഞ്ഞടുക്കും പോലെ..
സ്വരമേറ്റിയാരോ വിളിക്കുന്ന പോലെ..
ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ..
നിന്‍ കരളെന്നെ വരിയുന്നുവല്ലോ..
തലോടുന്നുവല്ലോ..
ഇപ്പുറം ഇരുള്‍‍പാളി ഇളകുന്നു
ഒരായിരം ശബ്ദങ്ങള്‍ പരിചിത സുഖങ്ങള്‍
ഓര്‍മ്മയുടെ തീരം ഈ കാറ്റിലും കേള്‍ക്കുവാന്‍
നേര്‍മയാര്‍ന്നിഷ്ട് സ്വരങ്ങള്‍
ചുടുമുലപ്പാല്‍ മധുരമൂറുമൊരുനാദം..
എന്‍ കുഞ്ഞേ നിനക്കുറ്റ താരാട്ടുഞാന്‍
തുമ്പിയുടെ തേന്‍ചിറകു പാറുമൊരു നാദം
എന്‍ ഊഞ്ഞാലയില്‍ ഉടല കവര്‍ന്നുപോയ്
കാറിരംഭം കൊണ്ട കാറ്റിലൊരു തുളസിമണം-
ആറാത്തനാദം ഒലിച്ചുപോയെന്‍ തറ
അറിയില്ലയോ നിന്റെ നൊമ്പരങ്ങള്‍ ഞങ്ങള്‍
പിറകില്‍ നിന്നിടറുന്ന നാദനിഴലുകള്‍
പ്രിയയൊത്ത് നീയാണ്ട ശയ്യയില്‍
ഞെരിഞ്ഞമര്‍ന്നൊരു പുഷ്പ്പമാണ് ഞാന്‍
തീതൈലം ഒരു മൊഴി
ഗഗനനീലം പോലെ ശാന്തമൊരു നാദം
നീ കണ്ണുകുത്തിയ വെളിച്ചമാണീസ്വരം
തളിരില കരളുകള്‍ വിളിക്കുന്ന നാദം
ഞങ്ങള്‍ നീ പോറ്റിയ നിലംതൊടാ പച്ചകള്‍
തലതാഴ്ത്തി നില്‍ക്കുന്ന ശബ്ദങ്ങള്‍
ഇത് നിന്‍റെ ഓര്‍ക്കപ്പുറങ്ങളിലെ വീഴക്ഷരങ്ങള്‍
നാദങ്ങള്‍ ഇരുളില്‍തിളങ്ങുന്നു
രശ്മികള്‍ മിഴിവിളക്കുന്നു
വിണ്ണൊളികളെല്ലാം
മുന്നിൽ രൂപമിട്ടുണരുന്നു..
നാം തനിച്ചല്ലെന്റെ കൂട്ടുകാരി..
നാമാടക്കിപ്പിടിക്കുമീ മണ്‍പേടകത്തില്‍
എന്‍ മിഴിനീര്‍ തളിക്കുക
മന്ദ്രം ക്ഷണിക്കുകിതിനുള്ളിള്‍ എല്ലാരെയും..

അന്‍പോടെ ഇതിനുള്ളില്‍എല്ലാം നിറയ്ക്കുക
ശൈശവ തളിരിന്റെ അരുമകള്‍ നിറയ്ക്കുക
കൌമാരമലരിന്റെ മൃദുലത നിറയ്ക്കുക
മണമുള്ള താരുണ്യ മധുരവും, ശക്തിയും
മന്ത്രം പിഴയ്ക്കാത്ത കാമവും, കര്‍മവും
പേറ്റുനോവും, പാല്‍കുടന്നയും, കുസൃതിയും
വീണ്ടും വിതയ്ക്കാന്‍ വിയര്‍പ്പും വിചാരവും
മസ്രണതകൾ പൂക്കുന്ന മുള്ളും
ഇളംചൂടിലലിയുന്ന കല്ലും, കനകവും, രത്നവും
അക്ഷരതുമ്പയും അലങ്കാരതാളവും
അനക്ഷരം പാടാത്ത തത്തയും, തെന്നലും
കൊച്ചരിപ്രാവിനെ തേടുന്ന കണ്‍കളും
കായും വയറ്റിന്നു നല്‍ക്കുവാന്‍ അന്നവും..

എല്ലാം നിറച്ചുകൊണ്ട്, എല്ലാം നിനച്ചുകൊണ്ട്
ഈ നല്ല മണ്ണിനെ നെഞ്ചോടമര്‍ത്തുക!
വലംകണ്ണുടക്കി ഇനി സൂര്യനെ ഉണര്‍ത്താം
ഇടംകണ്ണുഴറ്റി മുഴു ചന്ദ്രനെ വരുത്താം
നടുക്കണ്ണില്‍ അഗ്നിക്കൊരാഴിയും ഒരുക്കാം
ഒടുങ്ങാത്ത രാഗങ്ങള്‍ ഹൃത്തിലുമടക്കാം
ഏഴു നക്ഷത്ര സ്വരം ചേര്‍ത്തുനാം
പിന്നെ ഈരേഴു ലോകങ്ങള്‍ കേള്‍ക്കുംമറോതാം
മേഘങ്ങളെ കീഴടങ്ങുവിന്‍..!

 
ഇനി നമ്മൾ (Click here to download)
കവിത: മേഘങ്ങളെ കീഴടുങ്ങുവിൻ
രചന: മധുസൂദനൻ നായർ
ആലാപനം: മധുസൂദനൻ നായർ

5 comments:

 1. ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!

  ReplyDelete
 2. വളരെ ഇഷ്ടം

  ReplyDelete
 3. ഇഷ്ടപ്പെട്ടു കവിതയും ആലാപനവും.
  ആശംസകള്‍

  ReplyDelete
 4. ഹൃദ്യമായിരിക്കുന്നു....

  ReplyDelete
 5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

  ReplyDelete