Saturday 20 August 2011

അന്നം


ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം



കവിത: അന്നം
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

3 comments:

  1. കവിത ഇഷ്ടായി....അടുപ്പും കലവുമൊക്കെ ന്റ്റെ വീട്ടിന്ന് മോഷണം പോയോന്ന് ഒരു സംശയം.. :)

    ReplyDelete
  2. ഹിഹിഹി... ഈ അടുപ്പും കലവും മുന്നെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്.. ഈ കവിത കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മവന്നത് ആ ബ്ലോഗിലെ അടുപ്പും കലവുമാണ്.. നേരെ അങ്ങോട്ടോടി അത് അടിച്ച് മാറ്റുവാന്‍.. ഹിഹിഹി.. കൂട്ടത്തില്‍ ഒരു അത്യുഗ്രന്‍ കവിതയും വായിച്ചു.. (യാത്ര)

    ReplyDelete