Thursday 18 August 2011

സഫലമീ യാത്ര


ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ…
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!

ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?

എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍…

മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..

എവിടെയെന്തോര്‍മ്മകളെന്നോ….

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ….

പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍…

ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ…!
ഒന്നുമില്ലെന്നോ…!

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും….
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ…

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം…
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ…..
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം…
ഹാ സഫലമീ യാത്ര…
ഹാ സഫലമീ യാത്ര…




കവിത: സഫലമീ യാത്ര
രചന: എന്‍.എന്‍. കക്കാട്
ആലാപനം: വേണുഗോപാല്‍

10 comments:

  1. വേണുഗോപാലിന്റെ ആലാപനം.. ഇതിന്റെ പശ്ചാത്തല സംഗീതം ഇതെല്ലാമാണ് ഈ കവിതയെ ഇത്രയ്ക്കും മധുരതരമാക്കിയത്.. ഈ കവിത കേള്‍ക്കാത്ത മലയാളികള്‍ ഈ ഭൂമുഖത്തുണ്ടാവില്ല ചിലപ്പോള്‍..

    ReplyDelete
  2. very nice &lovely touched poem i like it every time............

    ReplyDelete
  3. very nice &lovely touched poem i like it every time............

    ReplyDelete
  4. i am afraid this is an abridged version.
    there was a beautiful stanza abt the way poet sensed shapes smell and time.

    great effort though!

    jacob

    ReplyDelete
    Replies
    1. Thanks for the note, I'll check the lyrics once again and will update it in case if I missed any stanza..

      Thanks again..

      Delete
  5. ഹാ ... സഫലമീ യാത്ര.!!!!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
    Replies
    1. കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം… വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ….. പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യമൂന്നു വടികളായ് നില്‍ക്കാം… ഹാ സഫലമീ യാത്ര… ഹാ സഫലമീ യാത്ര…

      Delete