Saturday 13 August 2011

പാര്‍വതി
















 



ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..

പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി നീ..
താര നിശയിലൂടൂറും നിലാവിന്റെ
നീല നൂലില്‍ കൊരുത്തും..
എന്‍റെ നേര്‍ പകുതി പകുത്തും..
ഇടാന്‍ നെഞ്ചിലെ കടും തുടിയില്‍
താള പ്രപഞ്ചം പടച്ചും..
എന്‍റെ താപസ വേനലില്‍ ഹിമ ബിന്ദു
വര്‍ഷിച്ചു.. ഉഷാരാര്‍ദ്ര നന്ദിനി..

ഒരു മുലയില്‍ മധുര സംഗീതം...
ഇണ മുലയില്‍ അമൃതം ചുരത്തുന്ന കാവ്യം..
നീ ചിരി തൂകി നില്‍ക്കുന്ന ഹൃദയം പവിത്രം..
അവനറിവ് സൃഷ്ടി സ്ഥിതി ലയ ചരിത്രം..

പാര്‍വതി.. നീ നിറഞ്ഞെന്റെ പാനയില്‍..
സോമയായ്‌.. സുരരാഗ സമൃദ്ധിയായ്..
രാജാസാരതി ക്രീഡാനുഭൂതി തന്‍
രത്ന സിംഹാസനത്തിലെ രാജ്ഞിയായ്..
മൂല പ്രകൃതിയായ്‌.. എന്‍ ലിംഗ സ്പന്ദങ്ങള്‍
മൂലോകമാക്കുന്ന ദിവ്യ പ്രതിഭയായ്‌..
ഈ നാടകത്തിലെ നായികാ താരമായ്‌..
എന്‍ കാമനയിലെ സൌന്ദര്യ ലഹരിയായ്‌..
വന്നണഞ്ഞു നീ ഹിമശൈല നന്ദിനി..

ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
ഒരു യാഗശാലയെരിയുന്നു..
അത്മാവിലഗ്നി വര്‍ഷിച്ചു പണ്ട്
നീ ദക്ഷന്റെ മകളായിരുന്നു..

പാര്‍വതീ...നീ മറഞ്ഞതെന്‍ ജീവനെ..
അഗ്നി അഞ്ചിലും ഇട്ടു പൊള്ളിക്കുവാന്‍..
പൊന്‍ തിടംബായ്‌ എഴുന്നള്ളി വന്നു നീ..
പോര്‍വിളിയ്ക്കുന്നോരാസുര ദുര്‍ഗ്ഗങ്ങള്‍
തച്ചുടയ്ക്കും ചിലംബൊലി നാദമായ്‌..
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്‌..
ആരുമില്ലാത്തവര്‍ക്കമ്മയായ് ഉമ്മയായ്‌..
എന്‍റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്റെ പാല്‍ക്കിണ്ണമാണ് നീ..

നീലജാലകത്തിന്റെ കമ്പളം നീക്കി..
വെണ്‍മുകിലിന്റെ കൂനകള്‍ പോക്കി..
എത്തി നോക്കുന്നു നീ ഉഷ സന്ധ്യയായ്..
സത്വചിത്താനന്ദ സര്‍വാദി സാരമായ്‌..

പാര്‍വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധ സുഗന്ധം പരത്തുന്നു..
പത്തു ദിക്കും നിറഞ്ഞു കുമിഞ്ഞിടും
പദ്മനാഭപുരം കത്തുമാ വിഷം
ലോക രക്ഷാര്‍ത്ഥം ആഹരിചീടവേ..
എന്‍ കഴുത്തില്‍ പിടിച്ചു മുറുക്കി നീ..
നീലവാനൊളിയെകുന്നു ജീവന്റെ തീ
തിരിച്ചെകി യൌവനം നല്‍കുന്നു..

പാര്‍വതീ.. നീ കിനിഞ്ഞെന്‍ കുടന്നയില്‍..
ഗംഗയായ്.. ഭൂത ശീതള സ്പര്‍ശമായ്‌..
കാമനെ ചുട്ട കണ്ണ് നിന്‍ കണ്ണേറി
കൊണ്ട് മഞ്ഞിന്റെ താഴ്വരയാകുന്നു..
താമര തണ്ട് കണ്ടു ഞാന്‍ എന്നിലെ
ഹംസ മാര്‍ഗം തുറന്നു നീ തന്നുവോ..
കേസരത്തില്‍ ചവുട്ടി ചവുട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റി നടക്കട്ടെ..
നിന്റെ ചിന്താമണി ഗ്രഹ വാതിലില്‍ എന്‍റെ
കാതല്‍ അലിഞ്ഞു ചേരുന്നിതാ..

നിന്‍റെ ദേഹം പ്രദക്ഷിണം ചെയ്തു ഞാന്‍
നിന്‍റെ മദ്ധ്യത്തമരട്ടെ..
താന്ത്രിക ചിത്രമായ്‌ അഞ്ചു വര്‍ണ്ണം ചുരത്തട്ടെ..
പിന്നെ നിന്‍റെ മന്ത്രമായ് മൌനം ഭുജിക്കട്ടെ..

പാര്‍വതീ.. ഞാന്‍ മറഞ്ഞു നിന്‍ മാദകത്താലിയില്‍..
നാദബിന്ദുവായ്‌ ആദി പരാഗമായ്..
പങ്കു ചേരുന്നു ഞാന്‍ നിന്‍ പകുതിയായ്..
ലോകമന്ഗുരുപ്പിക്കാനടക്കുവാന്‍..
ആദ്യ രാഗം തുളുമ്പി തുളുംബിയെന്‍..
ജീവ താളത്തിനുന്മാദമെകുന്നു..
നാഗമായ് ഞാന്‍ ഇഴഞ്ഞു കേറുന്നു നിന്‍
താരുടലില്‍ ഉഷാരര്‍ദ്ര നന്ദിനി..

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..



ഒരു പകുതിയില്‍ (Click here to download)
കവിത: പാര്‍വ്വതി
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

No comments:

Post a Comment