Wednesday 18 January 2012

കിന്നരിപ്പുഴയോരം


രാഗഹേമന്ത സന്ധ്യ പൂക്കുന്ന
രാമണീയകം കണ്ടുഞാൻ
പാൽകതിർചിരിതൂകിയണയും
പൌർണ്ണമാസിയെ കണ്ടുഞാൻ
ശ്യാമമേഘസദസ്സിലെ സ്വർണ്ണ-
വ്യോമഗംഗയെ കണ്ടുഞാൻ
കയ്യിൽകാഞ്ചനതാലമേന്തുന്ന
കുങ്കുമോദയം കണ്ടുഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും
ഇന്ദ്രകാർമുഖം കണ്ടുഞാൻ
കണ്ടതില്ലിതിലൊന്നിലും – സഖി
കണ്ടതില്ലിതിലൊന്നിലും..
നിന്നനുപമചാരുത……..

ദേവഗന്ധർവ്വ വീണതന്നിലെ
രാഗമാലിക കേട്ടുഞാൻ
തെന്നൽവന്നിളം മഞ്ജരികളിൽ
ഉമ്മവെയ്ക്കുന്ന വേളയിൽ
ഉന്മദങ്ങളുയർത്തിടും ദല-
മർമ്മരങ്ങൾ ശ്രവിച്ചുഞാൻ
രാക്കുയിലുകൾപാടിടുന്ന
കീർത്തനങ്ങൾ കേട്ടുഞാൻ
തേനരുവികൾ പാടിടും
സാന്ദ്രഗാനശീലുകൾ കേട്ടുഞാൻ
കേട്ടതില്ലിതിലൊന്നിലും സഖീ
കേട്ടതില്ലിതിലൊന്നിലും..
നിന്റെകാവ്യമാധുര്യകാകളി

മഞ്ഞുതുള്ളികൾവീണുപൂവിന്റെ
മെയ്തരിച്ചതറിഞ്ഞുഞാൻ
ആര്യനെതേടൂം ഭൂമികന്യതൻ
സൂര്യദാഹമറിഞ്ഞുഞാൻ
മൂകരാവിലും ചക്രവാകത്തിൻ
പ്രേമതാപമറിഞ്ഞുഞാൻ
കൊമ്പൊരുമ്മാനിണയ്ക്കുപേടമാൻ
കൺകൊടുത്തതറിഞ്ഞുഞാൻ
കണ്ണനെകാത്തിരിക്കും രാധതൻ..
കാമനയറിഞ്ഞുഞാൻ
ഞാനറിഞ്ഞതിലൊന്നിലും.. സഖീ..
ഞാനറിഞ്ഞതിലൊന്നിലും…
നിന്റെ ദീപ്തരാഗത്തിൻസ്പന്ദനം..



കവിത: കിന്നരിപ്പുഴയോരം
രചന: ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്: എം ജി ശ്രീകുമാര്‍

8 comments:

  1. പ്രിയപ്പെട്ടവരുടെ സാമീപ്യത്തേയ്ക്കാള്‍ വലിയ സന്തോഷമെന്തുണ്ട്! അതല്ലെ ഏവരും കൊതിയ്ക്കുന്നതും..?

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. എം.ജി.ശ്രീകുമാറിന്‍റെ ശ്രവ്യസുന്ദരമായ
    ആലാപനവും, ഗിരീഷ് പുത്തഞ്ചേരിയുടെ
    കാവ്യഭംഗിയാര്‍ന്ന വരികളും 'കിന്നരിപ്പുഴയോര'ത്തെ മനോഹരമാക്കി.
    കൊച്ചുമുതലാളിക്ക്
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. ഒരു പൊന്‍പുലരി കണ്ടുണര്‍ന്ന പ്രതീതി..
    മനോഹരം...!

    ReplyDelete
  4. രണ്ട് ദിവസം പുലര്‍ക്കാലം പണിമുടക്കുമെന്ന് തോന്നുന്നു വര്‍ഷിണി & തങ്കപ്പന്‍ സാര്‍.. യന്ത്രം മന്ദഗതിയിലാണ്.. പാട്ടൊക്കെ കൊഴ കൊഴാന്നാണ് കേള്‍ക്കുന്നത്.. നമ്മുടെ തരികട പണികള്‍കൊണ്ട് ശരിയാകുമോന്നൊന്ന് നോക്കട്ടെ..! :)

    സുപ്രഭാതം!

    ReplyDelete
  5. മനോഹരം സുഹൃത്തെ ...
    മനസ് നിറഞ്ഞു ....
    സ്ലോ ആയിരുന്നിട്ടും കേള്‍ക്കാന്‍ തോന്നിയത് വരികളുടെ ഭംഗിയോ..?
    അതോ ആലാപനത്തിന്റെ വൈശിഷ്ട്ടമോ? അറിയില്ല..!എന്തായാലും ഒത്തിരി ഇഷ്ട്ടായി ട്ടോ.:)

    ReplyDelete
    Replies
    1. പ്രിയ അനോണി, വൈകാരികമായി ഈ കവിതയെ ഞാന്‍ ഒത്തിരി സ്നേഹിയ്ക്കുന്നു.. അലാപന സൌകുമാര്യത്തിലും, വരികളുടെ സൌന്ദര്യത്തിലുമപരിയുള്ള ഒരു ആത്മബന്ധം...

      ഇവിടെ വന്ന് കവിതകേട്ടതിലും, അഭിപ്രായമറിയിച്ചതിലും നന്ദി.. ഇനിയും വരിക.. ആസ്വദിയ്ക്കുക!

      Delete
  6. എം ജി ആലപിച്ച ചുരുക്കം ചില നല്ല ഗാനങ്ങളിലൊന്ന്...!

    ReplyDelete