
എന്നെ വിളിച്ചുവോ ജന്മാന്തരപ്രിയം
നിൻ വിധുര സ്വരം ഞാനോർത്തുണർന്നതോ
ഉഷ്ണ വിനാഴികയെണ്ണി വിയർക്കുമെൻ
തൃഷ്ണയിൽ വിഭ്രമ പൂക്കൾ ചിരിച്ചതോ
ഒറ്റയ്ക്കു പാടുന്ന പക്ഷീ
പനികൂട്ടിലിറ്റുനീരായി തുളിക്കുന്നു നിൻ സ്മൃതി
ചിത്തം ഉദിഗ്നം തിരക്കുന്നു നിന്നെയീ
രിക്ത ദേഹത്തിന്റെ ജീവനധാരയായ്
എല്ലാ വിളക്കും കെടുമ്പോഴാകാശമുണ്ട്
എല്ലാ സദിരും നിലയ്ക്കിൽ നിൻ നാദമുണ്ടേവരും
പിരികിലും നിന്റെ സാന്നിദ്ധ്യമുണ്ടെങ്ങും
വരണ്ടാലും ഉണ്ട് നിന്നാർദ്രത
എത്രയ്ക്കു താന്തം നിശാന്തം
തമസ്സിന്റെ സത്ര താളങ്ങൾ തളർന്നു പോയേക്കണം
വെന്തു മലർന്ന പ്രകാശങ്ങളിൽ
പ്രിയം പങ്കിട്ടു തിന്നു ശയിക്കുന്നു പട്ടണം
അന്ധ ബോധത്തിൻ ഉറക്കറയാണിത്
സ്വന്താവകാശ തുറുങ്കറയാണിത്
സ്വാർത്ഥങ്ങൾ കൂറിട്ട് വെച്ച ബന്ധങ്ങളിൽ
മാത്രാനുകൂലം പചിച്ച ലോഭങ്ങളിൽ
നിത്യോപചാര മധുരം ഇടയ്ക്കിടെ
കൃത്യം പുരട്ടി രുചിക്കുന്നു ജീവിതം
സ്നേഹമെന്നത്രേ വിളിക്കുന്നു
ഞങ്ങളീയോഹരി വെയ്ക്കുമീ നാഗരശൈലിയെ
ചായം പുരട്ടിയ വാക്കാണു പട്ടണം
ചീയുന്ന ജീവിതമേതോ വിജൃംഭണം
ഒറ്റയ്ക്കു പാടുന്ന പക്ഷീ
തുറക്കുന്നു യുദ്ധകാലത്തിന്റെ ജാലകം നിൻ സ്വരം
ബോധമീ നാരത്തിൽ നിന്നു ഞാൻ കാണുന്നു
പാതകൾക്കപ്പുറം പൂർവ വിഷുക്കണി
ദൂരത്തിലെങ്ങോ മറന്നിട്ട ജീവിത-
വേരിന്റെയീർപ്പം നുണഞ്ഞോരു താഴ്വര
പാറയും മുള്ളും കരിമ്പായലും ചേർന്നു
പച്ച വികാരം തഴച്ച നാട്ടിൻ പുറം
ചെങ്ങഴിനീരായ് വിരിയുന്ന ചേരിന്റെ
ജന്മം ചരിക്കും അനന്ത സംഗീതിക
വെള്ളരിപ്പൂവിൽ വിളഞ്ഞ കുളിർത്തടം
വെന്ത മൺനെഞ്ചു ചുരന്ന കൊന്നക്കുടം
ഒറ്റക്കിനാവു പുതച്ച കുരുവികൾ
ഒറ്റ സ്വരത്തിൽ അലിയുമാത്മാവുകൾ
നീറിടം വറ്റി വെടിച്ചാലുമുള്ളിലെ
നേരിളം ചോലയിൽ തിങ്ങുമുറവുകൾ
പണ്ടു പണ്ടേതോ പ്രണയികൾ ലാളിച്ച
ചെണ്ടുകൾ തേന്മാങ്കുരുന്നുകൾ
പൂഴിയിൽ പൂവിരൽ ചേലിൽ മനസ്സിന്റെ പാടുകൾ
പാട്ടിന്റെയീരിഴ ചോപ്പുകൾ വീർപ്പുകൾ
നീ വരും ദാഹം പിണഞ്ഞാടുമീ
നൃത്തശാലകൾ മയങ്ങി വീഴുമ്പോൾ
നീ വരും നാദം ചിലമ്പുന്നൊരീ
യന്ത്രമൈനകൾ പദം മറക്കുമ്പോൾ
ശേഷിച്ച മാവിലൊരു കനി തരും
മുറ്റത്തു ശോഷിച്ചു നിൽക്കുന്ന കൊന്നയിൽ പൂ തരും
അന്യോന്യമെന്നും കണിയാകുവാൻ
മനക്കണ്ണാടിയും കതിർ പൂവിളക്കും തരും
കാലത്തിനോട്ടുരുളിയിൽ നിന്നു നാളെയെ
കൈവെള്ളയിൽ പൊന്നു കൈനീട്ടമായ് തരും
വെറുതെയാണെന്റെ അസ്വാസ്ഥ്യം!
വെറുതെയാണെന്റെ അസ്വാസ്ഥ്യം!
വെറുതെയാണെന്റെ അസ്വാസ്ഥ്യം!
വെറുതെയാണെന്റെ അസ്വാസ്ഥ്യം!
എന്നെ വിളിച്ചുവോ (Click here to download)
കവിത: വെറുതെയാണെന്റെ അസ്വാസ്ഥ്യം
രചന: മധുസൂദനൻ നായർ
ആലാപനം: വേണുഗോപാൽ
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteആസ്വദിച്ചു...
ReplyDeleteമധുസൂദനന് നായര് പാടിയിട്ടുണ്ടോ ഇത്?
ReplyDeleteമധുസൂദനൻ നായർ പാടിയിട്ടില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്.. ഇത് 'കാവ്യരാഗം' എന്ന കവിത ആൽബത്തിലെ ഒരു കവിതയാണ്. മറ്റു കവിതകൾ മുന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.. :)
Deleteകവിത മനോഹരമായി എന്നത്തേയും പോലെ.. ആലാപനവും.. ആശംസകൾ!
ReplyDeleteഎന്നെ വിളിച്ചുവോ ജന്മാന്തരപ്രിയം
ReplyDeleteനിൻ വിധുര സ്വരം ഞാനോർത്തുണർന്നതോ
ഉഷ്ണ വിനാഴികയെണ്ണി വിയർക്കുമെൻ
തൃഷ്ണയിൽ വിഭ്രമ പൂക്കൾ ചിരിച്ചതോ
കുറെ നാളുകൾക്കു ശേഷമാണ് ഇവിടെ വരുന്നത്.. വേണുഗോപാലിന്റെ ശബ്ദത്തിൽ കവിത വിത്യസ്ഥമായി, മനോഹരമായി.. !ബ്ബ്ബ്ബ്ബ്
ReplyDeleteനിത്യോപചാര മധുരം ഇടയ്ക്കിടെ
ReplyDeleteകൃത്യം പുരട്ടി രുചിക്കുന്നു ജീവിതം
സ്നേഹമെന്നത്രേ വിളിക്കുന്നു
ഞങ്ങളീയോഹരി വെയ്ക്കുമീ നാഗരശൈലിയെ"
നല്ല വരികള്...
ആലാപനത്തിലൂടെ കവിത ആസ്വദിച്ചു.
ReplyDeleteആശംസകള്
കവിത ഇഷ്ടമായി..!
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDelete