Monday, 19 December 2011

മഴ


രാത്രിവീണയുമായ്
ഏകാകിയാം യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള്‍ മുമ്പിലെന്നപോല്‍
ജന്നലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍

കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനര ദുഃഖവും

നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഡവും ചൂടി
അന്നു നടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തുനമ്മളില്‍ കാടും നഗരവും

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തുഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കിലൊരിയ്ക്കലുമാക്കടം
തീയെരിഞ്ഞ തിരശ്ശീലഞാന്നൊരപോയകാല
ജലച്ഛയ ശേഖരം നീ വരുമ്പോള്‍ തുറക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍

ആടിമാസമേ നിന്നസിധം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്‍ക്കൊടിയില്‍ പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍

ചന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്ക്
തന്‍ സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവിലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ടനിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും

ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തി കടക്കേ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലി കൊള്‍കെ
മറ്റൊന്നുമില്ല ആടിമാസമേ
നിന്നസിധം മുഖം നീലകേശം
നിലയ്ക്കാത്ത സാന്ത്വനം

ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍

വീഡിയോ വേര്‍ഷന്‍:-

രാത്രിവീണയുമായ് (Click here to download)
കവിത: മഴ
രചന: വിജയ ലക്ഷ്മി
ആലാപനം: ബാബു മണ്ടൂര്‍

26 comments:

 1. മഴയെ സ്നേഹിയ്ക്കുന്ന, മഴമക്കള്‍ക്കുവേണ്ടി സമര്‍പ്പിയ്ക്കുന്നു ഒരു മഴകാവ്യം..!

  നന്ദി!

  ReplyDelete
 2. നല്ല കവിത. പക്ഷെ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ കണ്ണിനു വായനാ സുഖം നൽകുന്നില്ല!

  ReplyDelete
 3. നന്ദി...സ്നേഃഅം...മഴ കുളിര്‍ കോരിച്ചു....!

  ReplyDelete
 4. ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
  നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍...:)

  ReplyDelete
 5. നന്ദി പ്രിയരെ! എല്ലാവര്‍ക്കും കവിതയിഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. സജീം ഭായ്, അഭിപ്രായം മാനിയ്ക്കുന്നു.. കറുപ്പിനോടുള്ള അതിയായ പ്രണയം കൊണ്ടുമാത്രമാണ് പുലര്‍ക്കാലത്തിനെ കറുപ്പാടയണിയിപ്പിച്ച് സുന്ദരിയാക്കിയത്.. :-)

  ചിലപ്പോഴെല്ലാം മഴയോട് അസൂയതോന്നാറുണ്ട്..!
  യാതൊരു പരിഭവവും, പരാതിയുമില്ലാതെ പെയ്തൊഴിഞ്ഞുകൊണ്ടെയിരിയ്ക്കും.. നാം പിണങ്ങിയിരുന്നാലും ഒരുചാറ്റല്‍മഴയായ് വന്ന് സ്പര്‍ശിച്ച് നമ്മളെ കുളിരണിയിപ്പിച്ച് കളയും..

  ഈ കവിത പോസ്റ്റുമ്പോള്‍ മനസ്സിലേയ്ക്ക് കടന്ന് വന്നത് മഴപ്പെയ്യിപ്പിയ്ക്കുന്നവള്‍ തന്നെയായിരുന്നു കേട്ടോ വര്‍ഷിണി.. :-)

  ReplyDelete
 6. നല്ല കവിത.ആലാപനവും നന്നായി.
  ആശംസകളോടെ
  സി.വി.തങ്കപ്പന്‍

  ReplyDelete
 7. നന്ദി മഴപോലെ കുളിര്‍മ്മയുള്ളൊരീ കവിതയ്ക്ക്..

  ReplyDelete
 8. നന്ദി സര്‍ & ഷേയ..
  ഇനി അടുത്ത കവിത കേള്‍ക്കാം..

  ReplyDelete
 9. ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
  ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍..???

  ReplyDelete
 10. ഇവിടെ വന്ന് കവിതമഴ നനഞ്ഞവര്‍ക്കെല്ലാം നന്ദി!

  ReplyDelete
 11. നല്ല കവിത , ആലാപനവും...!

  ReplyDelete
 12. നന്ദി സ്വാമിന്‍സ്!

  ReplyDelete
 13. നിന്‍ ഓര്‍മ്മകള്‍ക്കില്ല ചാവും..ചിതകളും...

  ജാലകങ്ങളില്‍ വര്ഷാന്തരങ്ങളില്‍ നീ വരാന്‍ കാത്തിരിക്കയാണ് ഞാനും!

  ReplyDelete
  Replies
  1. എല്ലാവരും കാത്തിരിയ്ക്കുകയാണ്..
   നിനച്ചിരിയ്ക്കാതെ ഇന്നലെ സന്ധ്യയ്ക്ക് ഒരു മഴതുള്ളി എന്റെ മേല്‍ വീണു.!

   നന്ദി വെള്ളരി!

   Delete
 14. ഓര്‍മ്മകള്‍ക്കില്ല പഴക്കവും മരണവും...
  വരികളും ആലാപനവും
  വളരെ ഇഷ്ടായി.

  ReplyDelete
  Replies
  1. മികച്ച വരികള്‍, മികച്ച ആലാപനം..! ഇതൊക്കെ തന്നെയാണ് ഒരു കവിതയെ മുന്‍പന്തിയിലെത്തിയ്ക്കുന്നത്.. നന്ദി!

   Delete
 15. ഞാന്‍ വീണ്ടും വന്നൂട്ടൊ മഴ ഒരിക്കല്‍ കൂടി നനയാന്‍... , ബാബു മാഷിന്‍റെ ആലാപനം അനിര്‍വചനീയം.. ജീവനുള്ളവരികള്‍ക്ക് കുളിരേകുന്ന ആലാപനം.

  ReplyDelete
  Replies
  1. ഇത്തിരിപ്പൂവെ ഇലഞ്ഞിപ്പൂവെ,
   നമ്മളിതിനെ കുറിച്ച് ഒരുപാട് സംസാരിച്ചതല്ലേ..
   ഇടയ്ക്കിടെ ഇവിടെ വന്ന് ഞാനും മഴനനയാറുണ്ട്!

   Delete
 16. മഴയെ ഇഷ്ടപ്പെടാത്തരായ് ആരുമുണ്ടാവില്ല..
  മഴയെ ഇത്രമാത്രം വര്‍ണ്ണിച്ച വിജയലക്ഷ്മിക്കും, ആ വര്‍ണ്ണനക്ക് ഇത്രമാത്രം സൌന്ദര്യം നല്‍കിയ ബാബു മാഷിനും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര അഭിനന്ദനങ്ങള്‍...
  ഒരു മഴക്കായ് കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഈ കവിത ഒരു പെരുമഴയായ് മനസിലേക്ക് തിമിര്‍ത്തു പെയ്തിറങ്ങുന്നു....

  സസ്നേഹം
  അന്നാമോട്ടി

  ReplyDelete
 17. ഒരു സന്തോഷ വാര്‍ത്ത. മഴ എന്ന വിജയലക്ഷ്മിയുടെ ഈ കവിത ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗൃഹാതുരം എന്ന പ്രോഗ്രാമിലെ ടൈറ്റില്‍ പോയമാണ്. ബാബുമാഷിന് ആശംസകള്‍!

  ReplyDelete
 18. ഒരു രാമഴ നനഞ്ഞു മടങ്ങുന്നു...

  ReplyDelete
 19. ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
  ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍..???

  ReplyDelete