Saturday 27 August 2011

കൃഷ്ണപക്ഷത്തിലെ പാട്ട്






















ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങള്‍
ഞങ്ങളുടെ സര്‍വ്വസ്വമപഹരിച്ചൂ
ചുട്ടെരിച്ചൂ നിങ്ങള്‍ ഗോകുലം, ഞങ്ങളുടെ
പൈക്കളെയുമാട്ടിത്തെളിച്ചൂ
ഉപ്പു തൊട്ടുറിയിലെ ചെറുമണ്‍കലങ്ങള്‍ വരെ-
യൊക്കെയും വന്നപഹരിച്ചൂ
ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണിയായവനെ,
ഞങ്ങള്‍ക്കൊരുണ്ണിയുമുടയോനുമായവനെ
ഞങ്ങളിലെയുണ്മയും ആരുയിരുമായവനെ
ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ, നിങ്ങള്
ഞങ്ങളുടെ സര്‍വ്വസ്വമപഹരിച്ചൂ
ഞങ്ങളുടെ യമുനയുടെ തെളിമയും ശുദ്ധിയും
നിങ്ങളുടെ കൈയ്യാല് നശിച്ചൂ
ഒന്നൊന്നുമറിയാതെ പൂക്കും കടമ്പിന്റെ
ചുണ്ടത്തെ രക്തം കുടിച്ചൂ
ചില്ലകളിലുലയും ഘനശ്യാമ ഭംഗിയുടെ
ചിറ്റാട ചീന്തിക്കളിച്ചൂ
ഒടുവിലീ ഗോപകുല നാരികളെ, ഞങ്ങളുടെ
അരുമക്കിടാങ്ങള്‍ തന്നമ്മമാരെ,
കറവപ്പശുക്കളായ്, അറവിന്നുരുക്കളായ്
തെരുവിലൂടാട്ടിത്തെളിച്ചൂ.
നിങ്ങളുടെ അരമനയടിച്ച് മെഴുകുന്നവര്‍
നിങ്ങളുടെ കാലിത്തൊഴുത്ത് കഴുകുന്നവര്‍
നിങ്ങടെ വിരുന്നറകളില് പതിയിരിക്കുന്ന
ചെന്നായ്ക്കള്‍ തന്‍ പല്ലിടുക്കിലരയുന്നവര്‍
അവരുടെ കുലീനത കുടഞ്ഞെറിഞ്ഞൂ നിങ്ങള്‍
അവരുടെ ചിലമ്പുകളടിച്ചുടച്ചൂ.
അവരോര്‍ത്ത് പാടുന്ന കണ്ണന്റെ സാഹസിക
കഥയാര്‍ന്ന ഗാഥകള്‍‍ നിലച്ചൂ,
അതിലൊഴുകുമീണങ്ങളപഹരിച്ചൂ നിങ്ങള്‍
അവയിലശ്ലീല പദങ്ങള്‍ കോര്ത്തൂ.
അരിയ തൈര്‍ കടയുന്ന താളം മറന്നു,
നിജ നടനം മറന്നു, നിജ നടയും മറ-
ന്നൊടുവിലവരഭയ മന്ത്രം മറന്നൂ!
അവരുടെ വിഷാദ കരിമേഘങ്ങള്‍
നിശബ്ദമലയുന്നൊരീ വന്യ ഭൂവില്‍
അവനെവിടെ? അശരണര്‍ക്കഭയകരനാം കണ്ണന്‍
അവനെവിടെ ഞങ്ങളുടെയിടയന്‍?
ഒരു ഞടുക്കത്തോടെ, നെഞ്ചുരുക്കത്തോടെ,
ഒടുവിലീ സത്യമറിയുന്നു:
ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങള്‍
ഞങ്ങളുടെ സര്‍വ്വസ്വമപഹരിച്ചൂ!
എന്നിട്ടു നിങ്ങള്‍ മണി ഹര്‍മ്മ്യങ്ങള്‍ തീര്‍ത്തു,
മദ രമ്യങ്ങളാം കനക മഞ്ചങ്ങള്‍ തീര്ത്തവിടെ
ഞങ്ങളുടെ ഇടയനിളവേല്‍ക്കാന്‍!
ഇട്ടിരിക്കാന്‍ പൊന്‍ തടുക്ക്,
ഇരുന്നുണ്ണാന്‍ പൊന്‍ തളിക
ചുണ്ടോടണച്ച പുല്ത്തണ്ടിന്നു പകരമൊരു
പൊന്നിന്റെ കുഴല്‍ തന്നെ തീര്ത്തു
നെറുകയില്‍ മയില്പ്പീലി മുടിയല്ല, കനകമയ
തിരു മകുടമതില്‍ മണികള്‍ ‍‍മിന്നി.
കൈമണികള്‍ കൊട്ടി, മെയ്യഴക് കാട്ടി
നിങ്ങളുടെയന്തഃപ്പുരത്തിലെ-
യസംതൃപ്ത സൌന്ദര്യ ധാമങ്ങളാടി,
പൂതനകള്‍ സുഖഭോഗ കാമനകള്‍ പാടി,
ഞങ്ങളുടെയിടയന്റെ രാസരസ കേളികള്‍
പെണ്മാതളപ്പൂക്കളിലെ ഭ്രമര ലീലകള്‍!
ഞങ്ങളുടെയുണ്ണിയായ്, ഞങ്ങളിലെയുണ്മയായ്
ഞങ്ങളിലെയാരുയിരുമായതാരോ
അവനെയീക്കുടിലുകള്‍ വിളിക്കുന്നു
തീ കത്തിയെരിയുന്ന പുകയുന്ന
ചുടു ചാരമാകുന്ന കുടിലുകള്‍ വിളിക്കുന്നു
മലിനയാം യമുനയുടെ വിറയാര്ന്ന കൈ
മാടി മാടി വിളിക്കുന്നു.
കരിയുന്ന കാടുകള്‍ വിളിക്കുന്നു
കാട്ടുതീയെരിയുന്ന കൊമ്പിലെ ചിറകുകള്‍
കത്തുന്ന പറവകള്‍ വിളിക്കുന്നു
നിങ്ങള്‍ വാണരുളുന്ന പുരികളിലെ
ഇരുള്‍ വീണ തെരുവിന്റെ മൂലയില്‍
തനതുരിയിരു പോറ്റുവാന്‍
തനതു മാംസത്തിന്റെ വിപണികളിലായ്
വിറ്റഴിക്കപ്പെടുന്നവര്‍ തെരു തെരെ വിളിക്കുന്നു,
രുധിതാനുസാരിയാം മുനിയുടെ കുലത്തില്‍ പിറന്നവര്‍ തന്‍
നെഞ്ചിലുണരുന്ന മന്ത്രാക്ഷരങ്ങള്‍ വിളിക്കുന്നു,
സഹികെട്ട സര്‍വ്വംസഹ വിളിക്കുന്നു:
“നീ തിരിക വരികാരോമലുണ്ണീ“
നിസ്വരാം ഞങ്ങള് നിജ കൃഷ്ണമണിയെന്ന പോ-
ലിത്ര നാള് പോറ്റിയോരുണ്ണീ,
ഉയരെ നിന്നുയരെ നിന്നൊരു മുകിലലിഞ്ഞു നെ-
ഞ്ചുരുകുമീ ഞങ്ങളുടെയുടലിലേക്കുയിരേലേ-
ക്കൊരു മാരി പെയ്തിറങ്ങും പോല്‍
ഒരു കുളിരു പെയ്തിറങ്ങും പോല്‍
വണ്ടുകള്‍ തുളച്ച പുല്ത്തണ്ടുകളില്‍ ഞങ്ങളില്‍
വീണ്ടുമൊരു കാറ്റായ് വരൂ നീ,
വരു, ഞങ്ങള്‍ പാടാന്‍ മറന്നൊരീണങ്ങളില്‍
വരു ഞങ്ങള് തേടും പ്രഭാത മാര്ഗ്ഗങ്ങളില്‍
തിരി കെടും ഞങ്ങളുടെ മണ്‍ ചെരാതുകളില്‍
നീ വരൂ ഞങ്ങളാം ശൂന്യ പാത്രങ്ങളില്‍!



കവിത: കൃഷ്ണപക്ഷത്തിലെ പാട്ട്
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

No comments:

Post a Comment