Monday 15 August 2011

കോതമ്പുമണികള്‍


പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുകതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൌരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തോരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്!
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!

കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍.,
കുഞ്ഞു വയര്‍ നിറച്ചാഹാരം;;
കല്ലുമണിമാല, കൈവള,യുത്സവ-
ച്ചന്തയിലെത്തും പലഹാരം.
തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്ത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍;
പെറ്റുവളര്‍ന്ന കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്!
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍-
കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല.
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍, കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ!
ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു!

ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു,, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?




കവിത: കോതമ്പുമണികള്‍
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

6 comments:

  1. ഈ കവിതയോടുള്ള ഇഷ്ടം പണ്ട് പ്രീ ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മലയാളം മാഷ് ഈണത്തില്‍ പാടിത്തരുമായിരുന്നു..ഇപ്പഴും ഉണ്ട് കാതുകളില്‍ സംഘമേശന്‍ മാഷ് പാടിയത്.

    ReplyDelete
  2. എങ്കില്‍ സ്വാമിനും ഒന്ന് പാടിയേ..

    ReplyDelete
  3. ഞാന്‍ രിഫു .ഇന്നും വന്നു കവിത കേള്‍ക്കാന്‍. . താങ്ക്സ്.

    "നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
    നമ്മളും മക്കളെ ഒന്ന് പോലെ!
    ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
    കതിരാരോ കൊയ്തു മെതിക്കുന്നു
    പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
    ലെങ്ങോ പോയിത്തുലയുന്നു!"

    ReplyDelete
    Replies
    1. ഈ സംരംഭം കവിതയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.. എന്നും ഓരോ പുതിയ കവിതകള്‍ ഉണ്ടാകും, പുലര്‍ക്കാലത്തില്‍ വന്ന് നിരാശപ്പെടേണ്ടിവരില്ലെന്ന് ഞാന്‍ ഉറപ്പ് തരുന്നു.. നന്ദി സുഹൃത്തേ..

      Delete