Thursday 5 April 2012

നീ കരയാതിരിയ്ക്കുക


ഹിമഗിരിയുടെ ഉത്തുംഗത്തില്‍
മഞ്ഞിന്റെ പൂമെത്തയില്‍
ഇപ്പോഴും നീ മയങ്ങുന്നുവോ
ഹേ ശരവണന്‍
ഹിമഗിരിയുടെ ഉത്തുംഗത്തില്‍
മഞ്ഞിന്റെ പൂമെത്തയില്‍
ഇപ്പോഴും നീ മയങ്ങുന്നുവോ
ഹേ ശരവണന്‍

നിന്റെ വസ്ത്രങ്ങളേറ്റു വാങ്ങുമ്പോള്‍
അവള്‍ കരയുകയായിരുന്നു
അപ്പോള്‍ ഇളം കാറ്റവളോടു ചൊല്ലി
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക

അവന്റെ ചുണ്ടില്‍ പുഞ്ചിരിയുണ്ട്
രാത്രിയില്‍ കൊടുമുടികള്‍
അവനുമേല്‍ തണല്‍ വിരിയ്ക്കുമ്പോള്‍
അവനൊപ്പം ശയിയ്ക്കുന്ന
അവനെയ്ത വൈരികളോട്
നിന്നെ കുറിച്ചവന്‍ പറയാറുണ്ട്
ഉത്തരായനം കാത്ത്
അവന്റെ മുത്തച്ഛന്‍
ധീരന്റെ പൂമെത്തയില്‍ മയങ്ങിയതും
വെടിയേല്‍ക്കേ തംബുരു
റാം.. റാം.. എന്നു മുഴങ്ങിയതും
അവനോര്‍ക്കുന്നുണ്ട്
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക

കാറ്റിനോടവള്‍ ചോദിച്ചു
അവന് തണുയ്ക്കില്ലേ
പുതയ്ക്കാതുറങ്ങില്ലവന്‍
വിശന്നാല്‍ വികൃതി കുറയ്ക്കാറില്ലവന്‍
അവന് വിശയ്ക്കില്ലേ
അപ്പോള്‍ കാറ്റ് പറഞ്ഞു
അവനുറങ്ങാന്‍,
തണുക്കാന്‍
വിശന്നിടാന്‍
സമയം അല്പവും ബാക്കിയില്ലെന്ന്
നിന്നോട് പറയാന്‍
ഞാന്‍ വാക്കേറ്റിരുന്നു

ദൂരെ കുറുനരികളോരിയിടുന്ന
വിജന സന്ധ്യകളില്‍
അവന്റെ മുഖം ചുവക്കുന്നു
ഇനിയുമൊരുന്നാളവന്‍
വന്നുവെന്നാലോ
കൊത്തി വിരിയിച്ച കുഞ്ഞുങ്ങള്‍ക്കും
അടയിരിയ്ക്കുന്ന അമ്മക്കുരുവികള്‍ക്കും കൂട്ടായി
അവിടെ ആ മഞ്ഞില്‍
കാതു കൂര്‍പ്പിച്ചിടാനാണ്
അവനിഷ്ടമെന്ന് നിന്നോട് പറയാന്‍
ഞാന്‍ വാക്കേറ്റിരുന്നു..

എങ്കിലും അവനിപ്പോഴും
വയല്‍ക്കിളികളെ ഇഷ്ടമാണെന്നും
ഇലഞ്ഞിപ്പൂക്കളോട് സ്നേഹമാണെന്നും
നിന്നോട് പറയാന്‍
ഞാന്‍ വാക്കേറ്റിരുന്നു
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക

നക്ഷ്രങ്ങള്‍ക്കിടയില്‍
നീ അവനെ തിരയാതിരിയ്ക്കുക
സമുദ്ര ഗര്‍ജ്ജനങ്ങളില്‍
ശൈല ഗഹന ഗംഭീരതകളില്‍
വശ്യകാനന ഹരിത ശോഭയില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പു നീരില്‍
നീ അവനെ തിരയുക
നീ അവനെ തിരയുക
നീ അവനെ തിരയുക



കവിത: നീ കരയാതിരിയ്ക്കുക
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: എം.ടി ശിവദാസ്

10 comments:

  1. ഏവര്‍ക്കും ശുഭസായാഹ്നം നേരുന്നു..

    ReplyDelete
  2. കാറ്റിനോടവള്‍ ചോദിച്ചു
    അവന് തണുയ്ക്കില്ലേ
    പുതയ്ക്കാതുറങ്ങില്ലവന്‍
    വിശന്നാല്‍ വികൃതി കുറയ്ക്കാറില്ലവന്‍
    അവന് വിശയ്ക്കില്ലേ
    അപ്പോള്‍ കാറ്റ് പറഞ്ഞു
    അവനുറങ്ങാന്‍,
    തണുക്കാന്‍
    വിശന്നിടാന്‍
    സമയം അല്പവും ബാക്കിയില്ലെന്ന്
    നിന്നോട് പറയാന്‍
    ഞാന്‍ വാക്കേറ്റിരുന്നു

    എത്ര നല്ല വരികള്‍.. !

    കാട്ടാക്കടയുടെ കവിത വേറൊരാള്‍ ആലപിച്ചത് ആദ്യമായി കേള്‍ക്കുകയാണ്..
    എന്നെത്തെയും പോലെ പുതുമയുള്ള ഒരു കവിത! ഇഷ്ടമായി..!

    ReplyDelete
  3. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  4. സുനില്‍ & തങ്കപ്പന്‍ സര്‍.. നന്ദി..
    ശുഭദിനാശംസകള്‍.. കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    ReplyDelete
  5. കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ..?

    ReplyDelete
    Replies
    1. വിഡ്ജറ്റില്‍ ക്ലിക്ക് ചെയ്ത് 4 ഷെയേഡില്‍ ലോഗിന്‍ ചെയ്താല്‍ കേള്‍ക്കാനും, ഡൌണ്‍ലോഡ് ചെയ്യാനും പറ്റും!

      Delete
  6. ഈ കവിതയുടെ പേര് ‘ഒരു ഭടന്റെ ഓർമ്മയ്ക്ക്’ എന്നല്ലേ എന്നൊരു സംശയം...

    ReplyDelete
    Replies
    1. ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് എന്ന കവിതയല്ല ഇത്. അതിലെ ചില വരികള്‍ ഈ കവിതയിലുണ്ടെന്നുള്ളത് സത്യമാണ്. ഇത് വേറെ കവിതയാണ്. രണ്ടിന്റേയും ആശയം ഒന്നാണ്. ഈ കവിതയുടെ അവതാരികയില്‍ തന്നെ പറയുന്നുണ്ടല്ലോ കവിതയുടെ പേര്. ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് ഉടന്‍ തന്നെ പോസ്റ്റ് ചെയ്യാം!

      Delete
    2. ക്ഷമിക്കുക. തെറ്റ് പറ്റിയത് എനിക്കാണ്‍. ഞാന്‍ ആദ്യത്തെ വരികളിലെ ആശയം മാത്രമേ അപ്പോള്‍ ഓര്ത്തുള്ളൂ...

      Delete
    3. ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് ഉടന്‍ തന്നെ പോസ്റ്റ് ചെയ്യാം..

      Delete