Tuesday, 1 May 2012

നാണിയമ്മ


നാണിയമ്മയ്ക്കിത്ര നാളുകഴിഞ്ഞിട്ടും
ആണാള് തോര്‍ക്കുന്ന നാവാണ്
ഊണിനു പോലും വകയില്ലാ കാലത്തും
ക്ഷീണിച്ചു നില്‍ക്കാഞ്ഞ വീറാണ്

മുണ്ടോന്‍ വരമ്പത്ത് ചെല്ലുമ്പോഴൊക്കെയും
മുന്നാഴി വേര്‍പ്പിന്റെ മുത്താണ്
ആറ്റക്കറുമ്പിയും ചെങ്ങനും ചീരയും
അമ്മേടെ ഉള്ളിലിരുപ്പാണ്

ചൂരക്കോല്‍ തുള്ളി ചുടുചോര ചാത്തനെ
ചൂഴ്ന്നു വിളിയ്ക്കുന്ന മെയ്യാണ്
കോന്തിലന്‍ ചേങ്ങന് നല്ലത് വന്നപ്പോള്‍
കുന്നായ്മ ചൊല്ലാത്ത നാവാണ്

മറുതയും ചെഞ്ചുടല മാടനും മറുവാക്കു
ചൊല്ലാത്ത മുക്കോടി ദൈവങ്ങളും
കൊക്കിലും കക്കിലുമൊന്നുമേകാഞ്ഞപ്പോള്‍
കോപിച്ചു നിന്ന കുറുമ്പാണ്

പാടത്തിനക്കരെ മാടത്തില്‍ പണ്ടുനാള്‍
പാവാടക്കാരിയ്ക്ക് പതിനേഴ്
നാണത്തിന്‍ കുറിയിട്ട് മാറത്ത് മറയിട്ട്
ഓണത്തെ കാത്തൊരു പെണ്ണാള്

സുല്ലിട്ട് നില്‍ക്കുന്ന കള്ളത്തരങ്ങള്‍ക്ക്
വല്ലപ്പോഴെങ്കിലും ബേജാറ്
വല്ലം നിറയ്ക്കുവാന്‍ വാളെടുക്കുമ്പോഴും
മുല്ലപ്പൂവാണവള്‍ അന്നാള്

തമ്പുരാന്‍ വന്ന് മനസ്സ് ചോദിച്ചപ്പോള്‍
തഞ്ചത്തില്‍ മാറിയ പൂമോള്
തുള്ളിത്തുടിച്ചൊരു മേനിയെ മോഹിച്ച
തന്ത്രങ്ങള്‍ കൊയ്തൊരു പെണ്ണാള്

കൂരയും മണ്ണും പണയപ്പെടുത്തീട്ടും
കൂസാത്ത കൂവള കണ്ണാള്
കുന്നുമണിപോലെ സൂക്ഷിച്ച നാണയം
കുന്നാലെ പുസ്തകം വാങ്ങ്യോള്

അക്ഷരം ചൊല്ലിയ കിന്നാരം കേട്ടപ്പോള്‍
അല്ലല് പാതി മാറിയോള്
ചില്ലിട്ട കൊട്ടാര പുഞ്ചിരിയാകെയും
ചൂഷണമാണെന്നറിഞ്ഞോള്

ആറടി മണ്ണീനവകാശിയാകുവാന്‍
ആയുധം കയ്യിലെടുത്തോള്
നാടിന്റെ ഇതിഹാസ സമരമുഖങ്ങളില്‍
നാവോറു പാടിയുറഞ്ഞോള്

നാണിയമ്മയ്ക്കിത്ര നാളുകഴിഞ്ഞിട്ടും
ആരെയും കൂസാത്ത നാവാണ്
നല്‍കിയ നന്മകള്‍ പോറ്റാത്ത മക്കള്‍തന്‍
പോക്കിനെയോര്‍ക്കുമ്പോള്‍ നോവാണ്

രാജീവ് ആലുങ്കല്‍ പാടിയ വേര്‍ഷന്‍ (Click here to download)





നാണിയമ്മയ്ക്ക് (Click here to download)
കവിത: നാണിയമ്മ
രചന: രാജീവ് ആലുങ്കര്‍
ആലാപനം: സുദീപ് കുമാര്‍

10 comments:

 1. സുന്ദര വരികള്‍! കലാപവും, ചതിവും, കൊള്ളയും, പട്ടിണിയും, പരിവട്ടവും, വില്ലനു മില്ലാത്ത നല്ലൊരു കവിത! ഇഷ്ടമായി

  ReplyDelete
 2. "ചില്ലിട്ട കൊട്ടാര പുഞ്ചിരിയാകെയും
  ചൂഷണമാണെന്നറിഞ്ഞോള്"

  ഇന്നു പലർക്കും അറിയാത്തത്‌.

  പേരു കേട്ടപ്പോൾ എസ്‌ രമേശൻ നായരുടെ തങ്കവല്യമ്മ ആണോർമ്മ വന്നത്‌.

  ReplyDelete
 3. "ആറടി മണ്ണീനവകാശിയാകുവാന്‍
  ആയുധം കയ്യിലെടുത്തോള്
  നാടിന്റെ ഇതിഹാസ സമരമുഖങ്ങളില്‍
  നാവോറു പാടിയുറഞ്ഞോള്...."

  ReplyDelete
 4. താളഭംഗിയുള്ള വരികള്‍.
  ആലാപനവും നന്നായി
  കൊച്ചുമുതലാളിക്ക് ആശംസകള്‍

  ReplyDelete
 5. നല്ല പാട്ട്

  ReplyDelete
 6. സുപ്രഭാതം..
  ഒരു നാടന്‍ പാട്ടിന്‍റെ സൌന്ദര്യം നല്‍കുന്ന വരികള്‍..
  കേള്‍ക്കാന്‍ ആയില്ലെങ്കിലും ചൊല്ലാന്‍ നല്ല താള രസം അനുഭവപ്പെട്ടു...നിയ്ക്ക് ഇഷ്ടായി ട്ടൊ..!

  ReplyDelete
  Replies
  1. നല്ല കവിതയാണ് വര്‍ഷിണി! സ്പീക്കര്‍ ശരിയാകുമ്പോള്‍ ഒരിയ്ക്കല്‍ കൂടി വന്ന് കേള്‍ക്കൂട്ടോ..! പുലരിമഴ!

   Delete
 7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..! ശുഭദിനം ചങ്ങാതിമാരെ..!

  ReplyDelete
 8. നാണിയമ്മയെ കേട്ടും കണ്ടും വളരണം, പുതിയ തലമുറ...!

  ReplyDelete