Thursday, 12 January 2012

ഈ പുഴയും കടന്ന്


തങ്കച്ചേങ്ങില നിശ്ശബ്ദമായ്
അരങ്ങത്തു കളിവിളക്കിന്‍റെ
കണ്ണീരെണ്ണയും വറ്റി
ആട്ടത്തിരശ്ശീല പിന്നി
ആരോ ഒരു രൗദ്രവേഷം
ആര്‍ദ്രമാം നന്മയുടെ മാര്‍ത്തടം പിളര്‍ന്ന്
ഉച്ചണ്ഡതാണ്ഡവമാടി ദിഗന്ദം ഭേദിക്കുന്നു
കണ്ടതു സ്വപ്നമോ യാഥാര്‍ത്ഥ്യമോ
വായിച്ചു മടക്കിയതില്ലത്തെ
കഷ്ടകാണ്ഡത്തിന്‍ കറുത്തൊരദ്ധ്യായമോ

കളിവിളക്കില്ല കാതില്‍ കേളിക്കൊട്ടില്ല
കാതരജീവിതംപോലെ
അകത്താളിക്കത്തിയും കെട്ടും
നില്‍ക്കുമൊരാശാദീപം മാത്രം
തിമിര്‍ത്തു പെയ്യും കര്‍ക്കിടമഴയുടെ
തേങ്ങലോടൊപ്പം കേള്‍ക്കാം
അകായിലൊരൂര്‍‍ദ്ധ്വന്‍വലി
അഗ്നിയായ് ഹവിസ്സായ് പുകഞ്ഞേ പോകും
അമ്മതന്നവസാനശ്വാസത്തിന്‍ ഫലശ്രുതി

അന്യമായ്‌ത്തീരാന്‍‌പോണൊരാത്മാവെ സംരക്ഷിക്കാന്‍
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോള്‍
ചാണക്കല്ലില്‍ ചന്ദനംപോലെ തന്‍റെ
ജീവിതമരച്ചേ തീര്‍ത്ത പാവമാമെന്നോപ്പോള്‍
കാണാമെനിക്കിക്കരിന്തിരിവെളിച്ചത്തിലെല്ലാം
പക്ഷേ, കണ്ടു നില്‍കാന്‍ വയ്യ
കാല്‍ക്കല്‍ ഭൂമി പിളരുന്നൂ

മുജ്ജന്മശാപത്തിന്‍റെ കൊടുംതീ പടരുന്നൂ
മുറവിളി കൂട്ടുന്നു
മുറ്റത്തപ്പോള്‍ മോക്ഷം കിട്ടാപ്പരേതന്മാര്‍
പാതിയോളം പതിരായിപ്പോയ ജീവിതത്തിന്‍റെ
പ്രാണഭാരം പേറി പടിയിറങ്ങട്ടെ ഞാന്‍
വാതില്‍ വലിച്ചടയ്ക്കട്ടെ വാക്കുകള്‍ മുറിക്കട്ടെ
വരാമെന്ന വ്യര്‍ത്ഥതയുടെ വ്യാമോഹമുടയ്ക്കട്ടെ
ക്ഷമിക്കുക! പൊറുക്കുക! പെറ്റൊരമ്മേ
എന്‍റെ കര്‍മ്മപന്ഥാവിലും മൂര്‍ദ്ധാവിലും
നിന്‍റെ സൂര്യസ്പര്‍ശം ജ്വലിക്കട്ടെ
ക്ഷമിക്കുക! പൊറുക്കുക! പെറ്റൊരമ്മേ
എന്‍റെ കര്‍മ്മപന്ഥാവിലും മൂര്‍ദ്ധാവിലും
നിന്‍റെ സൂര്യസ്പര്‍ശം ജ്വലിക്കട്ടെതങ്കചേങ്ങില (Click here to download)
കവിത: ഈ പുഴയും കടന്ന്
രചന: ഗിരീഷ് പുത്തഞ്ചേരി
ആലാപനം: വേണുഗോപാല്‍

9 comments:

 1. ഒരുപാട് നൊമ്പരപ്പെടുത്തുന്ന കവിത.. സ്നേഹത്തിന്റെ മറ്റൊരു രൂപമാണ് സ്വയം സമര്‍പ്പണം;സ്വയം സമര്‍പ്പണത്തേക്കാള്‍ വലിയ സ്നേഹമെന്തുണ്ട് ഈ ഭൂവില്‍.. ശോകാര്‍ദ്രമായ് പെയ്തൊഴിയുന്ന ഒരു രാത്രിമഴ പോലെ സുന്ദരമീ കവിത..

  ഏവര്‍ക്കും കൊച്ചുമുതലാളി ശുഭദിനം ആശംസിയ്ക്കുന്നു!

  ReplyDelete
 2. "ഓര്‍മകള്‍ക്കെന്തു സുഗന്ധം..
  എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം."...

  ReplyDelete
 3. ഈ പുഴയും കടന്ന്.......
  മനസ്സില്‍ നൊമ്പരവും,ഓര്‍മ്മകളും ഉണര്‍ത്തുന്ന
  കവിത.ആലാപനം കവിതയുടെ ഭംഗി ഏറെ
  വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  കൊച്ചുമുതലാളിക്ക് ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 4. നന്ദി വെള്ളരി & തങ്കപ്പന്‍ സാര്‍..
  ശുഭദിനം നേരുന്നു!

  ReplyDelete
 5. ഗിരീഷ് പുത്തഞ്ചേരി വരികള്‍ കൂടുതല്‍ പ്രിയമാകുന്നു...നന്ദി ട്ടൊ..!

  ReplyDelete
  Replies
  1. ഗിരീഷ് പുത്തഞ്ചേരിയെകുറിച്ച് അന്ന് പറഞ്ഞതോര്‍ക്കുന്നു ഞാന്‍.. :) ശുഭദിനം വര്‍ഷിണി!

   Delete
 6. ഗിരീഷേട്ടന്റേ എല്ലാ വരികള്‍ക്കും
  ഒരു ശോക ഭാവമുണ്ട് . അതിലുപരീ
  നേരിന്റേ മണവും , ചില അനിവാര്യമായ സത്യങ്ങള്‍ ..
  മിഴികള്‍ ഒന്നു ചുവക്കും , കണ്ഠം നിറയും ..
  " അഗ്നിയായ് കരള്‍ നീറവേ
  മോക്ഷമാര്‍ഗം നീട്ടുമോ ..
  ഇഹപര ശാപം തീരാന്‍ അമ്മേ
  ഇനിയൊരു ജന്മം കൂടി തരുമോ .."
  രാവിലെ തന്നെ എന്നെ വിഷമിപ്പിച്ചു അനില്‍ ..
  എങ്കിലും ഒരു നീറ്റലിന്റെ സുഖമുണ്ട് സഖേ ..

  ReplyDelete
  Replies
  1. ജീവിതയാതാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ചിരിയ്ക്കുന്ന വരികളാണ് പുത്തഞ്ചേരിയുടേത്.. അതായിരിയ്ക്കും ഇത്രയ്ക്കും തീവ്രത! നന്ദി റിനി.

   Delete
 7. നൊമ്പരപ്പെടുത്തുന്ന ഒരു കവിത..
  ആ നൊമ്പരത്തിനിടയിലും എവിടെയൊക്കെയോ ഒരു നേര്‍ത്ത വറ്റാത്ത സ്നേഹത്തിന്റെ നീരുറവ കാണാന്‍ കഴിയുന്നുണ്ട്.. ഒരു നീറ്റലില്‍ കിട്ടുന്ന ഒരു സുഖം.. അത് തന്നെയാണു തങ്കചേങ്കിലയുടെ സൌന്ദര്യവും....
  ഈ ആലാപനത്തിലൂടെ കവിതയുടെ ഭംഗി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു.. ആശംസകള്‍...

  സസ്നേഹം
  അന്നാമോട്ടി

  ReplyDelete