Thursday 29 March 2012

സൂര്യനെ കണ്ടെത്തിയ കുരുടന്‍


സൂര്യനെങ്ങിനെയിരിയ്ക്കും..?
കുരുടന്‍ ഘോഷയാത്രയിലെ-
മേളക്കാരനോട് ചോദിച്ചു
ചേങ്ങില പോലെയിരിയ്ക്കും!
കുരുടന്‍ ചേങ്ങില മുട്ടി നോക്കി
രാത്രിയില്‍ മരണമറിയിയ്ക്കുന്ന
ഓട്ടുമണി മുഴങ്ങിയപ്പോള്‍
അവന്‍ വിചാരിച്ചു..
അതാ സൂര്യന്‍!

സൂര്യന്‍ എങ്ങിനെയിരിയ്ക്കും..?
കുരുടന്‍ എഴുന്നെള്ളിപ്പുകാരനോട് ചോദിച്ചു
തീവെട്ടി പോലെയിരിയ്ക്കും!
കുരുടന്‍ തീവെട്ടി തൊട്ടു നോക്കി
വൈകീട്ട് ആരോ ചൂടുവെള്ളം മുഖത്തൊഴിച്ചപ്പോള്‍
അവന്‍ വിചാരിച്ചു.. ഇതാ സൂര്യന്‍1

സൂര്യന്‍ എങ്ങിനെയിരിയ്ക്കും..?
കുരുടന്‍ പിറ്റേന്ന് മുക്കുവനോട് ചോദിച്ചു!
കടല്‍ പോലെയിരിയ്ക്കും!
കുരുടന്‍ കടലിലേയ്ക്ക് നന്നിറങ്ങിപ്പോയി
പവിഴപുറ്റുകള്‍ അവന്റെ കൈപൊള്ളിച്ചു
കടല്‍ കുതിരികള്‍ അവനെ വഹിച്ച് പറന്നു
സമുദ്ര യക്ഷികളുടെ കൊട്ടാരങ്ങളില്‍
അവന്‍ വിരുന്നു പാര്‍ത്തു.
കളകളം ശംഖുകളും വിരിച്ച് മൌനത്തിന്റെ
ജലശയ്യയില്‍ അവസാനമായി കിടക്കുമ്പോള്‍
അവന്‍ വിചാരിച്ചു
ഇപ്പോഴെനിയ്ക്ക് മനസ്സിലായി
സൂര്യന്‍ എന്താണെന്ന്
പക്ഷെ; അവരവരുടെ കണ്ണ മാത്രമുള്ളവര്‍ക്ക്
അതുകാണിച്ചുകൊടുക്കാന്‍ എനിയ്ക്കാവില്ല
മനസ്സിലാകാത്തത് പറഞ്ഞു കൊടുക്കാനാകും
അനുഭവിച്ച് മനസ്സിലായത് എങ്ങിനെ പറഞ്ഞ് കൊടുക്കും?
ഇന്നും സമുദ്ര സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍
ആ കുരുടന്‍ കടലിന്നടിയില്‍ തന്നെ കിടക്കുന്നു..!



കവിത: സൂര്യനെ കണ്ടെത്തിയ കുരുടന്‍
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

3 comments:

  1. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. ആന ചൂലു പോലെ എന്ന് പറഞ്ഞതുപോലെ...

    ReplyDelete
  3. നന്ദി തങ്കപ്പന്‍ സര്‍ & അജിത്തേട്ടന്‍
    ശുഭദിനാശംസകള്‍!

    ReplyDelete