Wednesday, 18 July 2012

വയലിന്റെ മക്കള്‍


പടനായകന്മാര്‍ രണം ചെയ്തു നേടിയ
പഴമകളോര്‍ത്താല്‍ കുളിരു കോരും
പരിപാവനന്മാരെ പെറ്റുവളര്‍ത്തിയ
പരമപവിത്രയെന്‍ പുണ്യഭൂമി
പകലോനുറങ്ങുവാന്‍ പോകും വരേക്കവന്‍
പണിയാളരിവയല്‍ കൊയ്തുകേറും
അരിവാളിന്‍ ഈണത്തില്‍
വയലാറിന്‍ ഈഴടി
അതുവഴി കാറ്റായൊഴുകിയെത്തും
അരവയര്‍ പട്ടിണി മാറ്റാനീ പാവങ്ങള്‍
അടിമകള്‍ പോലെ പണിയെടുക്കും
അതുകണ്ട് മേലാളന്മാരാ വരമ്പിന്മേല്‍
അധികാരി പോലെ ഇളിച്ചു നില്‍ക്കും
കൂലി വാങ്ങീടുവാന്‍ യാചിച്ചു നില്‍ക്കവെ
ചാട്ടവാര്‍ വാനിലിയുര്‍ന്ന് താഴും
ചെന്നിണം മേനിമേല്‍ വാര്‍ക്കും വിയര്‍പ്പാലെ
മണ്ണിടം തന്നെ നിണം പതിയ്ക്കും
ബ്രിട്ടീഷുകാരന് തുല്ല്യരായ് വാഴുന്ന
മുതലാളി വര്‍ഗ്ഗം വിറച്ച കാലം
പൊയ്പോയമിക്കാലമൊക്കെ തിരുത്തുവാന്‍
വന്നു മഹാരഥന്മാരനേകം

പുന്നപ്ര വയലാര്‍ സമരം നടത്തിയ
പുണ്യസഖാക്കള്‍ പിറന്ന നാട്ടില്‍
ചുടുചോര തന്നില്‍ ഉതിര്‍ത്തു നിവര്‍ത്തിയ
ചെങ്കൊടി വാനിലുയര്‍ന്നു പാറി
തൊഴിലാളി വര്‍ഗ്ഗമന്നൊന്നായ് കൊടിക്കീഴില്‍
അധികാരി വര്‍ഗ്ഗം വിറച്ചു തുള്ളി
മായ്ക്കാന്‍ കഴിയുമോ കയ്യൂര്‍ സഖാക്കള്‍ തന്‍
മാസ്മര തുല്ല്യമാം വിപ്ലവങ്ങള്‍
മാര്‍ക്സും, ലെനിനും പടുത്തുയര്‍ത്തി പണ്ട്
മണ്ണിന്റെ മക്കള്‍തന്‍ സംഘടന
വിപ്ലവ ജ്വാ‍ലകള്‍ വാനിലുയര്‍ന്നതും
വിസ്മയമേറ്റുന്ന സംഭവങ്ങള്‍
ധീര സഖാക്കള്‍ക്ക് ശക്തി പകര്‍ന്നിടാന്‍
ധീരനാം എ.കെ.ജി വന്ന കാലം
അധികാരിയാകാതെ അനുയായിയായ് മാറി
അദ്ധ്വാന വര്‍ഗ്ഗത്തിന്‍ തോഴനായി
രക്തസാക്ഷിത്വം വരിച്ചൊരെന്‍ നേതാക്കള്‍
രക്തം കൊടുത്തു ചുവന്ന ഭൂമി
അന്നവര്‍ ചിന്തിയ രക്ത കണങ്ങളാല്‍
മലയാള മണ്ണും ചുവന്നു പോയോ..

അരിവാളിന്‍ വായ്ത്തല കണ്ടൊരു തമ്പ്രാക്കള്‍
അറകളില്‍ പോയന്നൊളിച്ചിരുന്നു
അടിമകളല്ലെങ്ങള്‍ അടിയാളന്മാരല്ല
അടിയാന്റെ കുത്തകക്കാരുമല്ല
നെല്‍ക്കതിര്‍ കൊയ്യുവാന്‍ പട്ടിണി മാറ്റുവാന്‍
നല്‍കുമോരാശ്രയം പൊന്നരിവാള്‍
കൂലി ചോദിയ്ക്കുകില്‍ മാനം കവരുന്ന
തല കൊയ്യുവാനുമീ പൊന്നരിവാള്‍
ദേശാഭിമാനികള്‍ ജീവിച്ചിരുന്നൊരി
ദേശത്തിലെല്ലാം ദരിദ്ര ജന്മം
വിണ്ടുവരണ്ട വയലിന്‍ വരമ്പിലി-
ന്നില്ല ചിലയ്ക്കുന്ന പക്ഷിവൃന്ദം
കൊയ്ത്തരിവാളിന്റെ നാദം നിലയ്ക്കാത്ത
കൊച്ചു പുലരികള്‍ വന്നു ചേരാന്‍
മെയ്യൊത്തു കൈകോര്‍ത്തു പോകാം നമുക്കിനി
രക്തപതാകത്തണലുമാത്രം
ഇനിയുമെന്‍ താക്ക്രിനി എന്നെ വിളിയ്ക്കുകില്‍
ഇനിയുമെന്‍ ചുടു ചോര വാര്‍ന്നു നല്‍കാം
അധികാര മോഹികള്‍ നിന്‍ മെയ് പിളര്‍ക്കുകില്‍
അറിവോടെ ഞാനെന്‍ കൊടി പിടിയ്ക്കും..!പടനായകന്മാര്‍ (Click here to download)
കവിത: വയലിന്റെ മക്കള്‍
രചന: ഹരി വെട്ടൂര്‍
ആ‍ലാ‍പനം: ഹരി വെട്ടൂര്‍

5 comments:

 1. പോയകാലത്തിന്‍റെ വീരസ്മരണകള്‍
  ആശംസകള്‍

  ReplyDelete
 2. ഇഷ്ടപ്പെട്ടു

  ReplyDelete
 3. തങ്കപ്പന്‍ സര്‍, അജിത്തേട്ടന്‍ കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!

  ReplyDelete
 4. വിപ്ലവം ജയിക്കട്ടെ, എങ്കിലും രക്ത രഹിതമാണ് ഇഷ്ടം.

  ReplyDelete
 5. രക്തസാക്ഷികള്‍ സിന്ദാബാദ്!

  ReplyDelete