Wednesday 15 August 2012

അമ്മയുടെ വിലാപം


കരയുകയാണമ്മ
മാറത്തടിച്ചു വിലപിയ്ക്കയാണമ്മ
ചൂഷണമേറെ സഹിച്ചൊരു
പാവമാം അമ്മ
അമ്മതന്‍ നൊമ്പരം കടലായിരമ്പുന്നു
അമ്മതന്‍ കണ്ണുനീര്‍ പുഴയായൊഴുകുന്നു
അമ്മതന്‍ നിശ്വാസം കാറ്റായ് ഗമിയ്ക്കുന്നു
അമ്മതന്‍ തേങ്ങലിടിമിന്നലായ് പതിയ്ക്കുന്നു
അമ്മതന്‍ മാറിനെ വെട്ടിപിളര്‍ന്നിട്ട്
ചങ്കും കരളും പറിച്ചെടുക്കുന്നു
മക്കള്‍തന്‍ വളര്‍ച്ചയേറെ കണ്ടു തിളങ്ങിയ
അമ്മതന്‍ നേത്രങ്ങള്‍ ചൂഴ്ന്നെടുക്കുന്നു
മക്കളെയേറെ ലാളിച്ചൊരാ കൈകള്‍
വെട്ടിമാറ്റപ്പെടുന്നു
എത്രയോ കാതമലഞ്ഞൊരു പാദങ്ങള്‍
തുണ്ടം തുണ്ടമാക്കുന്നു
അമ്മ പറഞ്ഞില്ല ഒരിയ്ക്കലുമരുതെന്ന്
മക്കള്‍തന്‍ മുഖം വാടാതിരിയ്ക്കാന്‍
അവരുടെ പുഞ്ചിരി മായാതിരിയ്ക്കാന്‍
പൊട്ടിയളിഞ്ഞ വ്രണത്തിലായ് കഴുകന്റെ
കൂര്‍ത്ത നഖങ്ങളാഴ്ന്നിറങ്ങുന്നു
പച്ചമാംസം കുറുനരികള്‍ കൊത്തി വലിയ്ക്കുന്നു
ദുഷ്ട ശക്തികള്‍ വിഷ ബീജം തെളിയ്ക്കുന്നു
എത്രയോ മക്കളെ ചുമന്നു നടന്നൊരാ
ഉദരവും വിണ്ടു കീറുന്നു
അമ്മ പറഞ്ഞില്ലൊരിയ്ക്കലും അരുതെന്ന്
മക്കള്‍തന്‍ സന്തോഷം പൊലിയാതിരിയ്ക്കാന്‍
അവരുടെ പാല്‍ചിരി നിലയ്ക്കാതിരിയ്ക്കാന്‍
അമ്മ പിടയുകയാണിന്ന്
മരിയ്ക്കാതെ മരിയ്ക്കുകയാണിന്ന്
വേദനിപ്പിയ്ക്കുന്നു നാം നിര്‍ദ്ദയം അമ്മയെ
എത്രയോ നോവുകളേറെ സഹിച്ചൊരമ്മയെ
ഈ പാവമാം അമ്മയെ
ഈ പാവമാം ഭൂമിയാം അമ്മയെ
കരയുകയാണമ്മ
മാറത്തടിച്ചു വിലപിയ്ക്കയാണമ്മ



കവിത: അമ്മയുടെ വിലാപം
രചന: നിഷാദന്‍
ആലാപനം: നിഷാദന്‍

9 comments:

  1. സ്വാതന്ത്ര്യദിനാശംസകള്‍!
    സ്വാതന്ത്ര്യത്തിനുമുമ്പും സ്വാതന്ത്ര്യത്തിനുശേഷവും
    രാജ്യത്തിനുണ്ടായ ദുരന്തങ്ങള്‍ കവിതയില്‍
    അര്‍ത്ഥപൂര്‍ണമായി അവതരിപ്പിച്ചിരിക്കുന്നു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍.

    ReplyDelete
  2. നമ്മുടെ ചുറ്റും നടക്കുന്ന കരള്‍ പറിയ്ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഭാരതമാതാവ് കരയുന്നുണ്ടാകും. അര്‍ത്ഥവത്തായ വരികള്‍..!

    ReplyDelete
  3. വന്ദേമാതരം

    ReplyDelete
  4. അമ്മേ മാപ്പ്....

    ReplyDelete
  5. നന്ദി അനില്‍ , നിഷാദന്‍ ... നല്ല കവിത ...
    സ്വാതന്ത്ര്യം...വെറുമൊരു പതാക മാത്രമായി മാറുന്നല്ലോ ... അമ്മ കരയാതിരിക്കുന്നതെങ്ങനെ ?

    ReplyDelete
  6. “ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ് നുണയുന്ന മധുരമോ ഭാരതം..?”
    ദേശസ്നേഹം ഒരു ദിവസത്തേയ്ക്ക് മാത്രമായി അണപൊട്ടിയൊഴുകാതിരിയ്ക്കുക. നാടിനെ നമ്മുടെ അമ്മയായ് സ്നേഹിയ്ക്കുക..!
    കവിത ഏവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  7. ഒരു കവിതകേട്ടു മടങ്ങാം എന്ന് കരുതി പുലര്‍ക്കാലത്തില്‍ വന്നാല്‍ കുഴങ്ങിയത് തന്നെ.. ഇവിടെ വന്നാല്‍ ഏത് എടുക്കണം എന്നൊരു കണ്‍ഫ്യൂഷന്‍ ആണ്.. :) സ്വാതന്ത്ര്യ ദിനത്തില്‍ ചിന്തിപ്പിയ്ക്കുന്ന ഒരു കവിത തന്നെ സമര്‍പ്പിച്ചതില്‍ നന്ദി പറയുന്നു.. എവിടെയത്താന്‍ അല്പം വൈകി പോയി.. :)

    ReplyDelete
  8. ആത്മാവില്‍ സ്പര്‍ശിക്കുന്ന വരികള്‍

    ReplyDelete