Friday 19 August 2011

രക്താസ്സാക്ഷി


അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി

പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
നേരിന്നു വേണ്ടി നിതാന്ത,മൊരാദർശ-
വേരിന്നു വെള്ളവും വളവുമായി ഊറിയോ-
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി

ശലഭ വർണ്ണക്കനവു നിറയുന്ന യൌവ്വനം
ബലി നൽകി പുലരുവോൻ രക്തസാക്ഷി
അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
പ്രിയമുള്ളതെല്ലമൊരുജ്ജ്വല സത്യത്തി-
നൂര്‍ജ്ജമായി ഊട്ടിയോൻ രക്തസാക്ഷി...
എവിടെയൊ കത്തിച്ചു വെച്ചോരു ചന്ദന-
ത്തിരി പോലെ എരിയുവോൻ രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
രക്തസാക്ഷി...!

രക്തം നനച്ചു മഹാ കൽ‌പ്പ വൃക്ഷമായ്
സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ
രക്തം നനച്ചു മഹാ കൽ‌പ്പ വൃക്ഷമായ്
സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാരമധിനിവേശം
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാരമധിനിവേശം
എവിടെയീ പ്രതിമാനുഷ ധൂമമുയരു-
ന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
രക്തസാക്ഷി...!
അവനവനു വേണ്ടിയല്ലാതെയപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി

ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
ഒരിടത്തവന്നേശുദേവനെന്നാണു
വേറെയൊരിടത്തവന്നു മഹാഗാന്ധി പേർ
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും

രക്തസാക്ഷി നീ മഹാ പർവതം
രക്തസാക്ഷി നീ മഹാ പർവതം
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
രക്തസാക്ഷി നീ മഹാ പർവതം
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി….




കവിത: രക്തസാക്ഷി
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

2 comments:

  1. can you post unarthu pattu of murugan kattakkata

    ReplyDelete
  2. തീര്‍ച്ചയായും കരീം..
    സന്തോഷമേയുള്ളൂ ഉണര്‍ത്തുപാട്ട് പോസ്റ്റുന്നതില്‍..!
    അടുത്ത കവിത ഉണര്‍ത്തുപാട്ട് തന്നെയാകാം!

    ReplyDelete