Friday, 16 March 2012

വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി


അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
കാലൊച്ചകള്‍ തെരുവില്‍ വേച്ചൊടുങ്ങുന്നു
മനസ്സിന്റെ തറ നിറയെ സിഗരറ്റു കുറ്റികള്‍
ഫലിതഭാഷണ ഉച്ചിഷ്ടങ്ങള്‍
മേശമേല്‍ പകുതിമോന്തിയ പാനപാത്രങ്ങളില്‍
മറവിതന്‍ ജലം
നാല്പത് വാട്ടിന്റെ പനിവെളിച്ചത്തില്‍
ഈ സത്ര ഭിത്തിയില്‍
അപഥ സഞ്ചാരിയായ ഒരാത്മാവിന്റെ
വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍
ഇനിയുറങ്ങാം..
ക്ഷണിയ്ക്കുക നിദ്രയെ
മധുരമായിനി സംഗീത യന്ത്രമേ..
ഹരിപകരുന്നു ഗാഢമുരളിയില്‍
ഒരു ഹൃദയം നിറയെ പരിഭവം
ബധിര വര്‍ഷങ്ങള്‍തന്‍ തമോ രാശിയെ
വിദുരമാക്കുന്ന നാദ ചന്ദ്രോദയം
അടിയുടുപ്പുകള്‍ പോലെ
വികാരങ്ങള്‍ മലിനമായ് കഴിഞ്ഞെങ്കിലും സഖീ
ലവണ ഗാനമിരമ്പി എന്‍ ജീവനില്‍
കര കവിയുന്നു കാത്തിരിയ്ക്കുന്നു കടല്‍
ഉടല്‍ പെരുക്കുന്നു
ജാരേന്ദ്രിയങ്ങളില്‍ ദുര ചൊരുക്കുന്നു
മസ്തിഷ്ക ശാലയില്‍ തകരവാദ്യം മുഴക്കുന്നു പിന്നെയും
നഗര രാത്രിതന്‍ നിര്‍നിദ്ര ജീവിതം
ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പര സമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍ നിന്നും പിരിഞ്ഞ് പോകുമ്പോഴും
വെയില്‍ പുരണ്ടതാം നിന്‍ വിരല്‍കൂമ്പിന്റെ മൃദുല കമ്പനം
എന്റെ കൈവിരലുകള്‍ക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല
മാനസം മുറകിടുമ്പോഴും നിന്‍ കണ്‍പീലിതന്‍ നനവ്
ചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാന്‍
ഇരുളുമോര്‍മ്മതന്‍ സീമയില്‍ ചുംബിയ്ക്കും
ഇരു സമാന്തര രേഖകളല്ലേ നാം
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെയിക്കരെ
കടവു തോണി കിട്ടാതെ നില്‍ക്കുന്നവര്‍
ഹരി വെറും മുളംതണ്ടിനാല്‍
ലോകത്തെ മുഴുവനും ഒരു തേങ്ങലായ് മാറ്റുമ്പോള്‍
ചിര സുഹൃത്തേ വിഫല രേതസ്സിന്റെ
കറപുരണ്ടൊരി പാപതല്പത്തിലും
മരണമറ്റ ജന്മാന്തര സൌഹൃദം പുണരുകയാണ്
ജീര്‍ണ്ണിച്ച ജീവനേ
ഇനിയുമോര്‍ക്കുവാന്‍ എന്തുള്ളൂ
ഹാ സഖീ..
മണലില്‍ ഞാനെന്‍ മുരടന്‍ വിരലുകൊണ്ടെഴുതി വായിച്ച
നിന്റെ നാമാക്ഷരം കടലെടുത്തതും കണ്ണീരഴിഞ്ഞതും
വരികയായ് നിദ്ര ബോധാന്തരങ്ങളില്‍ കെടുക നീയെന്റ്
എന്‍ ജന്മ നക്ഷത്രമേ
അകലെ ദുഃസ്വപ്ന പീഢിതനാമൊരു
തെരുവുകുട്ടി ഉണര്‍ന്നു കരഞ്ഞുവോ
അകലെ ദുഃസ്വപ്ന പീഢിതനാമൊരു
തെരുവുകുട്ടി ഉണര്‍ന്നു കരഞ്ഞുവോഅതിഥികള്‍ (Click here to download)
കവിത: വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി
രചന: ബാ‍ലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം: ബാ‍ലചന്ദ്രന്‍ ചുള്ളിക്കാട്

6 comments:

 1. പ്രക്ഷുബ്ദമായ മനസ്സിനൊരിയ്ക്കലും നിദ്രയെ പുല്‍കുവാന്‍ കഴിയുകയില്ലേ, എവിടെയൊക്കെയോ തട്ടിയും മുട്ടിയും മെല്ലെ മെല്ലെ ഒഴുകിനീങ്ങിക്കൊണ്ടേയിരിയ്ക്കും.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

  ReplyDelete
 2. നന്ദി, നമസ്കാരം

  ReplyDelete
 3. Thanks Kochumuthalali

  Rajesh Bhaskar

  ReplyDelete
 4. കവിത ഏവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. പൊണ്‍പുലരി!

  ReplyDelete