Monday 12 December 2011

അനാഥന്‍


ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..

ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം



കവിത: അനാഥന്‍
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

8 comments:

  1. നൊമ്പരപ്പെടുത്തുന്ന കവിത.
    രചനാഗുണം മികവു പുലര്‍ത്തുന്ന വരികള്‍.
    ആലാപനവും നന്നായി.
    ശ്രദ്ധയില്‍പെടുത്താന്‍ പ്രയത്നിച്ച
    കൊച്ചുമുതലാളിക്ക് അനുമോദനങ്ങള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. മകള്‍ എന്ന സിനിമയുടെ ഇതിവൃത്തം ഈ കവിതയോടനുബന്ധിച്ചാണ്. ആ സിനിമയിലും പനച്ചൂരാന്റെ ഈ കവിത കടമെടുത്തിട്ടുണ്ട്.. ചില വരികളില്‍ ചിലമാറ്റങ്ങള്‍ വരുത്തികൊണ്ട്.. ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് സിനിമയില്‍ പാടിയിരിയ്ക്കുന്നത്..

    ReplyDelete
  3. ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
    തെറിവാക്ക് പറയുന്ന ഭ്രാന്തി - ennathinu pakaram
    ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
    പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..
    ennu thiruthuka..

    ReplyDelete
    Replies
    1. അങ്ങിനെ തന്നെയല്ലേ അവിടെയും എഴുതിയിരിയ്ക്കുന്നത്..? നന്ദി!

      Delete
  4. Panachooran padiyathu kelkkunnillallo..? Can you please chk?

    ReplyDelete
  5. ശരിയാക്കിയിട്ടൂണ്ട് ധീരജ്.. നന്ദി!

    ReplyDelete
  6. കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും കേട്ടു ... നന്ദി!

    ReplyDelete