Wednesday 6 May 2020

സോജാ രാജകുമാരീ


ഞെട്ടിയുണർന്നു പഴയൊരു പൂമണം
നെറ്റിയിൽ പയ്യെവന്നുമ്മവെച്ചീടവേ
ഒട്ടുതുറന്ന ജനാലയിലൂടൊലി -
ച്ചെത്തിയ പാട്ടിൻ പനിനീരലർ മണം
കത്തിയടങ്ങിയ നെഞ്ഞിൽ പൊഴിഞ്ഞു വീ -
ണൊക്കെയും വീണ്ടും പിടഞ്ഞുയിരാളുന്നു.
സോജാ രാജകുമാരി സോജാ....

തൊട്ടാൽ തൊടുന്ന വിരലിലും നോവുവ-
ന്നൊട്ടുന്ന പോലൊരു ഗാനമിഗ്ഗാനത്തി-
ലിത്രയ്ക്കു വേദന നീറുവതെങ്ങനെ?
ഇത്ര മിഴിനീർ തിളങ്ങുവതെങ്ങനെ?
പണ്ടേ പ്രിയപ്പെട്ടൊരീക്കിനാപ്പാട്ടെന്റെ
നെഞ്ചിലുരുകിയുരുകിയൊഴുകവേ
നൊന്ത കിനാവിൻ കുമിളകളായിരം
ചന്തമെഴും ചില്ലടുക്കായുയരവേ
അഞ്ചിതസുന്ദരം രൂപ നഗരമൊ -
ന്നൻപിൽ നിലാക്കടലൂയലോളങ്ങളിൽ
പൊന്തി, യതിൻ നടുത്താമരമേടതൻ
ചന്ദ്രികയിറ്റു കുതിർന്ന തളമതിൽ-
ചെമ്പകപ്പൂവായി വീണുകിടക്കുമെ-
ന്നന്തികേ ചന്ദനത്തെന്നലായ് വന്നെത്തി
മന്ത്രമധുരസ്വരസ്വപ്ന ഗീതത്തിന്റെ
നെഞ്ചിൽ കിടത്തിത്തലോടിത്തലോടി നീ
പാടിയുറക്കുകയല്ലീ, നിൻ പാടലാ-
ലാടലെല്ലാം തീർത്തുറക്കുകയല്ലി നീ..
സോജാ രാജകുമാരി സോജാ....

ഏതോ പ്രിയമാർന്ന കയ്യുകൾ നോവുക-
ളാകെത്തഴുകിത്തഴുകിയകറ്റവേ
ഏതോ വിരിമാറിലെൻ മുഖം പൂഴ്ത്തി ഞാ-
നേതിനെന്നോരാതെ തേങ്ങിക്കരയവേ
പാടുന്നു മാന്ത്രികൻ ' നീയുറങ്ങൂ എന്റെ
രാജകുമാരി,യുറങ്ങുറങ്ങോമലേ '
ഈ മിഴി,യാഴികൾ വീണു മയങ്ങുന്നൊ-
രീ മിഴിക്കുള്ളിൽ ഞാൻ താണു മറയുന്നു
ഈ മൊഴി, പ്രേമം വിരിഞ്ഞു വിറകൊള്ളു-
മീമൊഴിത്തുമ്പിൽ തുടിച്ചു നിൽക്കുന്നു ഞാൻ
തൊട്ടാൽ തൊടുന്ന വിരലിലും നൊമ്പര-
മൊട്ടുന്ന പോലൊരു ഗാന,മിഗ്ഗാനത്തി-
ലിത്രയ്ക്കു സാന്ത്വനം വിങ്ങുവതെങ്ങനെ?
ഇത്രയ്ക്കലിവു തുളുമ്പുവതെങ്ങനെ?
ഞാനുറങ്ങാം കൊച്ചു രാജകുമാരിയായ്‌
നീയെന്നരികിലിരുന്നു പാടീടുകിൽ
ഞാനുറങ്ങാമുണരാക്കിനാച്ചോലയിൽ
വീണുറങ്ങാമെനിക്കായൊന്നു പാടുക
സോജാ രാജകുമാരി സോജാ....

പൊട്ടിയതെന്തു സ്ഫടികക്കുപ്പിയോ,യിഴ-
പൊട്ടിയ പാട്ടിന്റെ സൂചിയോ, കുത്തനെ
പ്പെട്ടെന്നു നൂലറ്റു വീഴവേ, ചുറ്റിലും
മുറ്റുമുടഞ്ഞ കണ്ണാടി പൊടിയവേ
ചിമ്മിയ കണ്ണു മിഴിഞ്ഞതിൽ കൂരിരുൾ
വന്നു പതിച്ചു, നിലാവു പിൻവാങ്ങവേ
കുത്തിയിറങ്ങിയൊരു ചില്ലു ബോധത്തി-
' ലൊറ്റയ്ക്കു നീ ' യെന്നു കുത്തി മലർത്തവേ
നന്ന്‌, തെളിഞ്ഞ തല കുനിക്കുന്നു ഞാൻ
ഇന്നിന്റെ മുന്നിൽ നിന്നേറ്റു പറയുന്നു --
അല്ല, ഞാനല്ലല്ല രാജകുമാരി, യി-
ത്തെല്ലുമുറിവേറ്റ മോഹനനാദമീ-
യല്ലിലുരുകിയൊലിച്ചു പരന്നിണ-
യില്ലാത്തൊരീകൂടു തേടി വന്നെങ്കിലും
അല്ലല്ല, ഞാനല്ല രാജകുമാരി, യ-
പൊള്ളുന്ന സത്യമുയിരിലോരുന്നു ഞാൻ
നല്ലയൽക്കാരിനിയും നോവു പറ്റാതെ
ചില്ലുജനാല വലിച്ചടക്കട്ടെ, ഞാൻ.



കവിത: സോജാ രാജകുമാരീ
രചന: : പ്രൊ. ബി.സുജാതാദേവി
ആലാപനം: ബാബു മണ്ടൂർ

3 comments:

  1. ഇന്നിന്റെ മുന്നിൽ നിന്നേറ്റു പറയുന്നു --
    അല്ല, ഞാനല്ലല്ല രാജകുമാരി, യി-
    ത്തെല്ലുമുറിവേറ്റ മോഹനനാദമീ-
    യല്ലിലുരുകിയൊലിച്ചു പരന്നിണ-
    യില്ലാത്തൊരീകൂടു തേടി വന്നെങ്കിലും
    അല്ലല്ല, ഞാനല്ല രാജകുമാരി, യ-
    പൊള്ളുന്ന സത്യമുയിരിലോരുന്നു ഞാൻ
    നല്ലയൽക്കാരിനിയും നോവു പറ്റാതെ
    ചില്ലുജനാല വലിച്ചടക്കട്ടെ, ഞാൻ....
    മനോഹരമായ വരികളും,ആലാപനവും..
    ആശംസകൾ

    ReplyDelete
  2. അജിത്4 June 2020 at 13:36

    സുൽത്താന് ഏറ്റവും ഇഷ്ടമുള്ള ഗാനം സോജാ രാജകുമാരി...
    ഇഷ്ടമായി ഈ മനോഹര കാവ്യം.. ഭാവാർദ്രം!

    ReplyDelete