Tuesday, 24 April 2012

കണ്ണകി


വെള്ളിമിന്നല്‍ ചിലങ്കോടെ
കണ്ണിലാളും അഗ്നിയോടെ
തുള്ളിവന്നീ തുറയിലെത്തി
തുടിമുഴക്കുക കണ്ണകീ

കാളിമേഘ കൂന്തലാട്ടി
ചാട്ടൊളീക്കണ്‍ കോണിനാളെ
അധമമെരിയും മഥുരതന്നില്‍
ആടിയെത്തുക കണ്ണകി

ധര്‍മ്മമാകും കോവലന്റെ
പ്രാണനൊരു വെണ്മേഘമായ്
വ്യോമ വീഥിയില്‍ അലയവേ നീ
ഉറഞ്ഞാടുക കണ്ണകി നീ

തുടുതുടുത്തൊരു മാറിടത്തിനെ
പിഴുതെറിഞ്ഞിനി അലറിയെത്തി
പതിത വീഥിയിലുദയമാര്‍ന്നൊരു
പുളകമാകുക കണ്ണകി നീ

നീതിശാസ്ത്ര പൊരുളിലറിയാ
മായമേകി പരിലസിയ്ക്കും
പാപികാള്‍ക്കുടവാളിനാലെ
പകരമാകുക കണ്ണകി

നിസ്സഹായ കണ്ണുനീരില്‍
അവനി മുങ്ങും യാമമൊന്നില്‍
ധര്‍മ്മ കര്‍മ്മ കവിത പാടി
വരിക വീണ്ടും കണ്ണകി

നിദ്രപോലും നീ മറന്നീ
നിര്‍ദയാവനി തേടിയെത്താന്‍
ചന്ദ്രതാരം വഴിവിളക്കായ്
കയ്യിലേന്തുക കണ്ണകി

ആര്യരെന്നവകാശമോതി
നേരുമായ്ക്കും മാന്യരോടായ്
വീര്യമോടിനിയേറ്റുനില്‍ക്കാന്‍
സൂര്യയാകുക കണ്ണകി

മൂക ഹൃദയം പാടുവാനായ്
മുഗ്ദ സത്യം ഏകി വീണ്ടും
മുളകൊടിയ്ക്കും അധമരാവില്‍
മുനയൊടിയ്ക്കുക കണ്ണകി

വേദനിയ്ക്കും മാനവന്റെ
നാദമറിയാ വേദമെല്ലാം
തൂലികപ്പൂ നാവിനാലെ
നീ തിരുത്തുക കണ്ണകി

പൊരുതി നേടും പുലരി തന്നില്‍
കാതലിത്തിരി അന്യമാകും
പതിതരില്‍ പുതു പടയണിയ്ക്കൊരു
പുളിനമേകുക കണ്ണകി

തെരുവിലവിഹിത ഗര്‍ഭമേന്തും
ഭഗിനിമാരുടെ തേങ്ങലകലാന്‍
പാപികള്‍ പകല്‍ മാന്യരെ
ഇനി പിഴുതെടുക്കുക കണ്ണകി

കരള്‍ പിളര്‍ക്കും നോവുമായി
കരയുമായിരം അമ്മമാരുടെ
മിഴിമഴയ്ക്കൊരു തോര്‍ച്ചയേകാന്‍
വഴിതെളിയ്ക്കുക കണ്ണകി

അട്ടഹാസ തുടിമുഴക്കുക
അഗ്നിപാറും മിഴിവിടര്‍ത്തുക
അവനി നിന്നെ കാത്തിരിയ്ക്കുക-
യാണു വീണ്ടും കണ്ണകിവെള്ളിമിന്നല്‍ (Click here to download)
കവിത: കണ്ണകി
രചന: രാജീവ് ആലുങ്കല്‍
ആലാപനം: മഞ്ജരി

21 comments:

 1. മനോഹരം എന്ന് അല്ലാതെ മറ്റെന്ത് എഴുതാന്‍...

  ഭാവുകങ്ങള്‍..

  ReplyDelete
  Replies
  1. ഓഹ്.. ഇവിടെ ഉണ്ടായിരുന്നോ..! :)
   ശുഭദിനാശംസകള്‍..!

   പട്ടാപ്പകല്‍ പോലും കൊള്ളയും, കൊലപാതകവും, പിടിച്ചുപറിയുമൊക്കെ ഇന്നിന്റെ നേര്‍ക്കാഴ്ചകളാണ്... തിന്മയെക്കീഴടക്കി ധര്‍മ്മം പരിരക്ഷിയ്ക്കാന്‍ കണ്ണകി അവതരിയ്ക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിയ്ക്കുന്നു...!

   ഏവര്‍ക്കും ശുഭദിനാശംസകള്‍!

   Delete
 2. നന്നായിരിക്കുന്നു
  നല്ല വരികള്‍

  കരള്‍ പിളര്‍ക്കും നോവുമായി
  കരയുമായിരം അമ്മമാരുടെ
  മിഴിമഴയ്ക്കൊരു തോര്‍ച്ചയേകാന്‍
  വഴിതെളിയ്ക്കുക കണ്ണകി

  ReplyDelete
  Replies
  1. നന്ദി സര്‍.. ഇനിയും വരിക!

   Delete
 3. എന്നത്തേയും പോലെ നന്നായിരിക്കുന്നു ......ആശംസകള്‍

  ReplyDelete
 4. കൊച്ചുമുതലാളിക്ക് ഒരു കാര്യം വേണമെങ്കില്‍ ചെയ്യാം.......
  കവിതകളൊക്കെ ശേഖരിച്ചു പകര്‍ന്നു തരുന്നതോടൊപ്പം ചെറിയൊരു ആസ്വാദന കുറിപ്പും വിഷയ പശ്ചാത്തലവും താഴെ കുറിക്കാം...ഉദാഹരണമായി കണ്ണകി എന്ന കഥാപാത്രത്തിന്റെ പുരാണ കഥയിലെ സ്ഥാനത്തെക്കുറിച്ച് രണ്ടു വരി! അപ്പോള്‍ ഒന്നൂടെ ഉഷാരാവില്ലേ? :)
  ആശംസകള്‍!

  ReplyDelete
  Replies
  1. നല്ലൊരു നിര്‍ദ്ദേശമാണ് ജോസിന്റെത്. പക്ഷെ, കവിതയുടെ ആസ്വാദനം പലരിലും പലതരത്തിലാണ്. ഒരോ കവിതയും തന്നോട് ചേര്‍ത്ത് പിടിച്ച് ആസ്വദിയ്ക്കാം. ഇത് തന്നെയാണ് കവിതയെ കഥയില്‍ നിന്ന് വേര്‍തിരിയ്ക്കുന്ന പ്രധാന ഘടകവും. എന്റെ ആസ്വാദനമായിരിയ്ക്കില്ല ജോസിന്റേത്. അതുകൊണ്ട് തന്നെ ആസ്വാദനമെഴുതുന്നത് ഇവിടെ വന്ന് ആസ്വദിയ്ക്കുന്ന ഓരോരുത്തര്‍ക്കും വിട്ടു തന്നിരിയ്ക്കുന്നു..!

   നന്ദി!

   Delete
 5. വളരെ ഇഷ്ടപ്പെട്ടു. (ഓരോ ദിവസത്തെ കവിതയും ഡൌണ്‍ലോഡ് ചെയ്ത് കവിത എന്നൊരു ഫോള്‍ഡറില്‍ സേവ് ചെയ്യുകയാണ്) ഒന്നാന്തരമൊരു കളക്ഷനും റഫറല്‍ സൈറ്റുമാണ് ഇതെന്ന് നിസ്സംശയം പറയാം.

  ReplyDelete
  Replies
  1. മലയാള കവിത സാഹിത്യം വളരെ വിപുലമാണ്. അങ്ങിനെ നോക്കുമ്പോള്‍ പുലര്‍ക്കാലമൊന്നുമല്ല, എങ്കിലും ഒരു തിരിനാളമാകാന്‍ നമുക്ക് ശ്രമിയ്ക്കാം. നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിയ്ക്കാം..!

   Delete
 6. ഭാവതീവ്രതയുള്ള വരികള്‍
  മനോഹരമായ ആലാപനം
  ആശംസകള്‍

  ReplyDelete
 7. മനോഹരമായ വരികള്‍
  ചടുല, ഭാവസാന്ദ്രമായ ആലാപനം..
  ഇന്നത്തെ കവിതകള്‍ പുരാതനമായ ആലാപന രീതിയില്‍ നിന്നും ഒരുപാട് മുന്നിട്ടിരിയ്ക്കുന്നു..
  പുലര്‍ക്കാലം എന്നും എന്റെ പ്രിയപ്പെട്ടത്..

  സുനില്‍ ആലുവ

  ReplyDelete
  Replies
  1. മധുസൂദനന്‍ നായരാണെന്ന് തോന്നുന്നു ആലാപന രീതിയില്‍ ശ്രദ്ധേയമായ ഒരു ട്രെന്റ് കൊണ്ടു വന്നത്.. പിന്നീട് കാട്ടാക്കട കവിതകളും, കാവ്യഗീതികളും, ചങ്ങമ്പുഴക്കവിതകളുമൊക്കെ മനോഹരമായ ആലാപന സൌകുമാര്യം കൊണ്ട് ആസ്വാദകരിലേയ്ക്ക് ഇറങ്ങി ചെന്നത്..

   Delete
 8. കണ്ണകി ..കവിത ഇഷ്ടായി

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ.. മറ്റു കവിതകള്‍ കൂടി ആസ്വദിയ്ക്കുക!

   Delete
 9. എവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
  ശുഭദിനാശംസകള്‍!

  ReplyDelete
 10. "കരള്‍ പിളര്‍ക്കും നോവുമായി
  കരയുമായിരം അമ്മമാരുടെ
  മിഴിമഴയ്ക്കൊരു തോര്‍ച്ചയേകാന്‍
  വഴിതെളിയ്ക്കുക കണ്ണകി...."

  നല്ല വരികള്‍.. ഇഷ്ടായി
  മുടങ്ങാതെ വന്നു പോകുന്ന ഒരു സൈറ്റ് ആണിത്. ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി മുബി.. ഇടയ്ക്കൊക്കെ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുക, എന്നാലല്ലേ ഇവിടെ വരുന്നുണ്ടെന്നറിയൂ... :)

   Delete
 11. നന്നായിട്ടുണ്ട്. ഡൗൺലോഡ് ലിങ്ക് ലഭ്യമാക്കാമോ?

  ReplyDelete
 12. https://www.4shared.com/mp3/QUXI8ncCce/kannaki.html#

  Vishnu Prasad, just saw your comment.. sorry for the delayed response, please go through above thread for download.. Some link has been broken..

  ReplyDelete