Sunday 21 August 2011

പറയുവാന്‍ മറന്നത്


പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍
പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റെക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ..
ഇനിയെന്‍ കരള്‍കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ?
ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരി ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായീ
ഹിമബിന്ദു ഇലയില്‍ നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശവീഥിയില്‍
ദു:ഖചന്ദ്രക്കല ബാക്കിയായീ
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

വിടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരു തുണ്ട്‌ വെട്ടം കടന്നുവന്നൂ
ഓര്‍മ്മപ്പെടുത്തലായപ്പൊഴും ദുഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്ക്‌ തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ?

കൂട്ടികുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ

ദു:ഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി
പ്രിയമുള്ള രാക്കിളീ
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം
വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിമ്പോളൊക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍ ‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല



കവിത: പറയുവാന്‍ മറന്നത്
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

4 comments:

  1. നഷ്ട മോഹങ്ങള്‍ക്ക് മേലടയിരിക്കുന്ന പക്ഷിയാനിന്നു ഞാന്‍ കൂട്ടുകാരീ..
    ഏറെ ഇഷ്ടമുള്ള വരികളാണ്.
    പറയാന്‍ മറന്ന വാക്ക് ആകാതിരിക്കട്ടെ ജീവിതം അല്ലെ?
    പറയാന്‍ ഒന്നും ബാക്കിവെക്കാതെ , എല്ലാം പറഞ്ഞു തന്നെ കടന്നുപോകണം എന്ന് മോഹം.
    നന്ദി അനില്‍.

    ReplyDelete
    Replies
    1. വെറുതെ മോഹിയ്ക്കാം.. അല്ലാതെന്ത് ചെയ്യാം സുഹൃത്തേ!

      Delete
    2. കദനങ്ങള്‍ എന്നല്ലേ അനില്‍?

      Delete
  2. അവന്തിക പറഞ്ഞത് തന്നെയാണ് ശരി.. അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്ട്ടോ. So nice of you..!

    ReplyDelete