Saturday, 2 November 2013

ചില്ലാട്ടംപ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം കോർത്തു നീ മയങ്ങുന്നു..
ചാരെ അതുകണ്ടു നിൽക്കുന്ന ഞാനും ചിരിയ്ക്കുന്നു
നീയപ്പോഴും കനവിന്റെ പൂവള്ളിയൂഞ്ഞലിൽ ചില്ലാട്ടമാടുന്നു
ആർദ്രം വിളിച്ചു ഞാൻ
മെല്ലെ മെല്ലെ നീയുണരുന്നു
ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോകുന്നു..
വിടരാനൊരുങ്ങുന്നതിന്നേറെ മുമ്പെ
മഞ്ഞിൻ കണം തൂങ്ങി നൂർന്നു പോകുന്ന
പൂവിതൾ നൊമ്പരം
നിന്റെ മിഴിയിണകൾ ചേർന്നു ചൊല്ലുന്നു
കാതരേ.. എന്തിനാണിന്നു നിൻ പരിഭവം
കണ്ടുകിടന്ന നിന്നോമന സ്വപ്നം മുറിഞ്ഞുവോ..?
ഓമലേ.. മുറിയും കിനാവിന്റെ മറുപാതി
പലവട്ടമന്യോനമോതിയോരല്ലേ നാം
കാതോർത്തു കൊള്ളുക! ഞാൻ നിന്റെ
കാണാക്കിനാപ്പാതി പാടാം..
നീരുറവയായതു നീയേ
നിനക്കൊഴുകുവാൻ അരുവിയായ് ഞാനെ
പിന്നെയോളമായ് നീന്തി കളിച്ചു നീ
പിന്നിലോരമായ് കണ്ടു ചിരിച്ചു ഞാൻ
പുഴയായ് ഒഴുകി നീയെത്തി
അഴിമുഖമായ് ഞാൻ കാത്തു നിന്നു
സാഗരമായ് നീ മാറി
ചക്രവാളമായ് ഞാൻ തൊട്ടു നിന്നു
നീ ശ്യാമമേഘമായപ്പോൾ
ഞാൻ കാറ്റായ് നിൻ കൂട്ടു വന്നു
നീ മേഘജ്യോതിയായ് മുമ്പെ
ഞാൻ മേഘനാദമായ്  പിമ്പെ
മാരിയായ് നീ പെയ്തു നിന്നു
താഴെ മാമലയായ് ഞാൻ കിടന്നു
ഹരിതമായ് നീ ചെരിവിലെങ്ങോ
ഹരിണമായ് ഞാനോടി വന്നു
പറവയായ് നീ പാറി വാനിൽ
നിന്റെ ചിറകൊച്ചയായ് ഞാനുമൊപ്പം
രാഗമായ് നീ അരൂപിയായ്
തേടിപിടിച്ചു ഞാൻ താളമായ്..
പൂക്കളായ് തളിരുകളിലോടി നടന്നു നീ
ഋതുകളായ് എന്നും ഒപ്പം കൊതിച്ചു ഞാൻ
ചേമന്തിയായ് വിരിഞ്ഞു നീ
അന്നു വാസന്ത ഋതുവായി വന്നു ഞാൻ
പൂവാകയായി നീ പൂക്കവേ
ഗ്രീഷ്മ കാലമായ് മാറിയെൻ കോലവും
നീലക്കടമ്പായ് പൂത്തു നീ
വർഷക്കാലമായ് നിൻ കണ്ണു പൊത്തി ഞാൻ
താമരായ് നീരാടി നീ
ശരത്കാാലമായ് കടവൊത്തൊളിച്ചു ഞാൻ
മുല്ലയിൽ അല്ലിയായ് മാറി നീ
കിളിചില്ലയിൽ ഹേമന്തമായി ഞാൻ
പാചോറ്റിയായ് നൃത്തമാടി നീ
കണ്ടു ശിശിരമായ് പാട്ടൊന്നു പാടി ഞാൻ
തുമ്പതൻ തുമ്പത്തൊളിച്ചു നീ
ഓണമായ് വന്നു വിളിച്ചു ഞാൻ
തുമ്പിയായ് പാറിക്കളിച്ചു നീ
പോക്കുവെയിലായ് പൊന്നണിയിച്ചു ഞാൻ
അന്തിയായ് നിൻ മുഖം ചോന്നു
ഞാനൊരുകുടമിരുളുമായ് വന്നു
നീ നറും നീല നിലാവായ്
ഞാനീറാനാമൊരു കോടക്കാറ്റായ്..
നിശാഗന്ധിയായ് നീ വിളിച്ചു
നിശാശലഭമായ് ഞാൻ വന്നു
എത്രനാം ഹ്ലാദം കുടിച്ചു
പുലരിയെത്താതിരിയ്ക്കാൻ കൊതിച്ചു
കിളികുലം ചിതറി ചിലച്ചു
ഉദയമായ് ഹൃദയം പിടച്ചു
തമ്മിലകലാതിരിയ്ക്കാൻ കിതച്ചു
പുതുരൂപങ്ങൾ വിനയായ് ഭവിച്ചു..
കുളിരുള്ള വെയിലായിരുന്നു നീ
ചൂടുള്ള മഞ്ഞായിരുന്നു ഞാൻ..
പ്രിയതേ.. പ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം കോർത്തു
വീണ്ടും മയങ്ങിയോ..?
പിന്നെയും ഏതോ കിനാവിന്റെ
ജാലകപ്പാളികൾ തുറന്നുവോ..
നിൻ കാഴ്ചപാതിയാവോളം
ആ പുഞ്ചിരി കണ്ടിരുന്നോട്ടെ ഞാൻ..
പ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം കോർത്തു നീ മയങ്ങുന്നു..
ചാരെ അതുകണ്ടു നിൽക്കുന്ന ഞാനും ചിരിയ്ക്കുന്നു
നീയപ്പോഴും കനവിന്റെ പൂവള്ളിയൂഞ്ഞലിൽ ചില്ലാട്ടമാടുന്നു..

 
പ്രിയതേ (Click here to download)
കവിത: ചില്ലാട്ടം
രചന: സി.എസ്. രാജേഷ്
ആലാപനം: സി.എസ്. രാജേഷ്

8 comments:

 1. ഏവർക്കും കൊച്ചുമുതലാളിയുടേയും, കുടുംബത്തിന്റേയും ദീപാവലി ആശംസകൾ..!
  നന്ദി!

  ReplyDelete
 2. വിജേഷ്2 November 2013 at 14:55

  കിനാവിലൂടെയൊരു കിനാവ്.. ചില്ലാട്ടം..!!! അനുരാഗത്തിന്റെ അങ്ങേയറ്റത്തെ വൈകാരികതലത്തിലേയ്ക്ക് ആനയിയ്ക്കുന്ന വരികളും, ആലാപനവും. മനോഹരമായ കവിത. പുതിയ പുതിയ കവിതകൾ സമ്മാനിയ്ക്കുന്ന കൊച്ചുമുതലാളിയ്ക്കും, കുടുംബത്തിനും ദീപാവലി ആശംസകൾ..

  ReplyDelete
 3. മനോഹരമായ കവിതയും,ആലാപനവും.
  ആശംസകള്‍

  ReplyDelete
 4. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

  ReplyDelete
 5. നല്ല കവിത. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ. ആശംസകൾ

  ReplyDelete