Thursday, 14 June 2012

ഭാരതപ്പുഴ



ഭാരതപ്പുഴ
നെഞ്ചിന്‍ തമ്പുരു പെയ്യും
നറും തേനിന്റെ മധുരവും
അശ്രുവിന്‍ പുളിപ്പുമാര്‍ന്ന്
ഈ മണല്‍പ്പരപ്പിലൂടൊഴുകും
അനുരാഗ മോഹനം

നീയെന്‍ ജീവകോശ കേതാരങ്ങളില്‍
നീര്‍മുത്തു വിതറുന്നു
സ്വപ്നങ്ങള്‍ മുളപ്പിച്ച്
നീര്‍മിഴി വിടര്‍ത്തുമ്പോള്‍ തഴുകീടുന്നു
നീലമാമല നിരകളും
റെയില്‍പ്പാലവും മാഞ്ഞു പോകുന്നു
കണ്ണില്‍ കാവ്യസൌന്ദര്യ പൊലിമയാം
നീ മാത്രം
വരുകാല വര്‍ഷവും
മധുമാസ രാവും
എന്‍ അരുമയായ് മൊഴിയും
പ്രിയ സഖീ നീ മാത്രം
അന്നാദ്യമായ് അനുരാഗിയായി ഞാന്‍

ഭാരതപ്പുഴ
മുല്ലപ്പൂ നിലാവുതിരുന്ന
യാമിനിയുറങ്ങാതെ കാത്തിരിപ്പതും
ഹംസദൂതില്‍ ഈ കളിവിളക്ക് ജ്വലിപ്പതും
ഓരോ നാഡിയും വസന്തത്തിന്‍-
കൈവഴിയാവുന്നതും
കാല്‍മുട്ടു നനയാത്ത നീരിലൂടെ
അങ്ങേക്കരയോളം നീന്തുന്നതും
ഗുഢമൊരാശ്ലേഷമായ്
പാതിവെണ്‍മണലിലും
പാതി നിന്‍ അലയിലും
താഴ്ന്നു പോവതും
ഈറന്‍ കാറ്റിന്റെ ചേലത്തുമ്പാല്‍
മൂടിയ മിഴികളില്‍
മഴവില്ലുതിപ്പതും
പ്രാണലിടിമിന്നല്‍ പുളയുന്നതും
സഖീ നീ അറിയുന്നു ദയാലോലം
എന്‍ വിരല്‍ തൊട്ടു ഭാവുകം നേരുന്നു
എന്‍ ഹൃദയം നിറയുന്നു

ഭാരതപ്പുഴ
മായ മേഘങ്ങള്‍
പെയ്യാതെ പൊയ്പ്പോകുന്ന
കുംഭചൂടിലുരുകും കരയോരം
നീര്‍മണത്തലയുന്ന കാറ്റുപോല്‍
കേഴും നേരം
ഏകയായ് അമാവാസി രാത്രിയായ്
വിരഹത്തില്‍ നീറിയെത്തുന്നു ഞാനും
നിന്‍ കനിവിനാല്‍
നെഞ്ചിന്‍ തീ കെടുത്തുവാന്‍ പാടുപെടുന്നു
മലര്‍ പെയ്ത യാമങ്ങള്‍ നിഴല്‍മാത്രമാവുന്നു
കരിന്തിരിയാളുന്ന ചിരാത്
ഇരുള്‍പുകയായ് അടങ്ങുന്നു
ചായുന്നൊരന്തിചോപ്പിലെന്‍ പ്രേമത്തിന്‍
ചിതാനാളവും കലരുന്നു
നീയിത് കാണ്മീലെന്നോ

ഭാരതപ്പുഴ
ദാഹിച്ചെരിയും മണല്‍തട്ടില്‍
ആഴക്കു കുളിര്‍ നീരിന്‍
പ്രണയം തൂവും മനോഹാരിണി
ഇവിടെ ഞാന്‍ പണിയുന്നു
എന്നാത്മാവിന്‍ താജ്മഹല്‍
ഇതു കാത്തുകൊള്‍ക
ഞാനൊരിക്കലീ തീരവും
കരിമ്പനത്തണലും പൊടിക്കാറ്റും കാണുവാന്‍
ഒരു തീര്‍ത്ഥാടകയായ് വരുംവരേ..



കവിത: ഭാരതപ്പുഴ
രചന: പ്രമീളദേവി
ആലാപനം: ബാബു മണ്ടൂര്‍

11 comments:

  1. അതിമനോഹരം.. ബാബുമാഷ് മനോഹരമായാലപിച്ചിരിക്കുന്നു.. വരികളും നല്ലത്.

    ReplyDelete
  2. എത്ര മധുരതരമായ ആലാപനം. കവിതയുടെ ഭാവം ഒട്ടും ചോര്‍ന്നു പോവാതെയുള്ള ഈ ആലാപനമാധുര്യത്തിന് എന്റെ പ്രണാമം...... ബാബുമാഷിനെ എന്റെ സ്നേഹാദരവുകൾ അറിയിക്കുക .......

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഞാന്‍ മാഷിനെ അറിയിക്കാം..!
      നന്ദി!

      Delete
  3. കവിതയെ നെഞ്ചോടു ചേര്‍ത്തുവെച്ചവര്‍ക്ക് മാത്രമേ ഇത്രയും ഭാവതീവ്ര മനോഹാരിതയോടെ ആലപിയ്ക്കുവാന്‍ കഴിയുകയുള്ളൂ.. കണ്ണടച്ചിരുന്ന് ഈ കവിത കേള്‍ക്കുമ്പോള്‍ ഒട്ടിവരണ്ട് വിരഹവേദനയനുഭവിയ്ക്കുന്ന അനുരാഗിണിയാം ഭാരതപ്പുഴയെ കണ്‍മുന്നില്‍ നമുക്ക്കാണാം. ഭാരതപ്പുഴ എന്ന ഈ കവിതയിലെ ചില വരികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതരിപ്പിയ്ക്കുന്ന ഗൃഹാതുരം എന്ന പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.. ഒരു പക്ഷെ ഗൃഹാതുരം അണിയറപ്രവര്‍ത്തകര്‍, അതിലുമപരി ഈ കവിതയുടെ ജനനിയായ പ്രമീളദേവി പോലും കേള്‍ക്കുന്നതിനും മുന്നെ എനിയ്ക്കായിരിയ്ക്കും ഈ കവിത കേള്‍ക്കുവാനുള്ള ഭാഗ്യമുണ്ടായത്... അതും ഒരു പുലര്‍ക്കാലത്തിലായിരുന്നു എന്നുള്ളത് ഒരു നിമിത്തമാണ്. :)

    ഇത്രയും മനോഹരമായ വരികളെഴുതിയ ശ്രീ പ്രമീളദേവിയ്ക്കും, ഭാരതപ്പുഴയെ അനശ്വരമാക്കിയ മാഷിനും പുലര്‍ക്കാലത്തിന്റെ കൂപ്പു കൈ!.

    ReplyDelete
  4. മനോഹരമായ ആലാപനം‌..
    മികച്ച വരികള്‍..
    പുലര്‍ക്കാലത്തി നും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

    ReplyDelete
  5. മനോഹരമായി അനുഭവപ്പെട്ടു..
    എല്ലാവിധ നന്മകളും...ആശംസകളും!!

    ReplyDelete
  6. ആലാപന മികവില്‍ ഈ കവിതയും പുനര്‍ജ്ജനി നേടിയിരിക്കുന്നു...

    ബാബുമാഷിനും അനിത്സിനും ആശംസകള്‍....

    ReplyDelete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം... ഏവര്‍ക്കും ശുഭദിനാ‍ശംസകള്‍!

    ReplyDelete
  8. മനോഹരമായ ആലാപനവും,വരികളും.
    ആശംസകള്‍

    ReplyDelete