Sunday 8 January 2012

അമ്പിളി


തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍ത്തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേല്‍നിന്നു മന്ദസ്മിതം തൂവുമെന്‍
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭപോലുള്ളത്തില്‍ക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെന്‍ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിന്‍ കിടാവുപോല്‍.

വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നക്കുന്നിന്മുകളില്‍ നീ;
ഒട്ടു നില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.




കവിത: അമ്പിളി
രചന: കുമാരനാശാന്‍
ആലാപനം: ആഷിമ മനോജ്

13 comments:

  1. മഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതസമാഹാരത്തിലെ ഒരു കവിത. മാ‍നത്തുദിച്ച് നില്‍ക്കും അമ്പിളിമാമനെ കണ്ട് മോഹിയ്ക്കാത്തവര്‍ ആരാണ്.. കുഞ്ഞായിരുന്നപ്പോഴും, വലുതായപ്പോഴും അപ്പോഴും ഇപ്പോഴുമൊക്കെ ആ മോഹമെന്നും മനസ്സിലുണ്ട്..

    ഏകാന്തമായി രാവിനെ കീറിമുറിച്ചയാത്രകളില്‍ എനിയ്ക്കുവേണ്ടി നിലാമഴയില്‍ കുളിരണിയിച്ച എന്റെ പ്രിയ തോഴന്‍, എനിയ്ക്കു വേണ്ടി കൂട്ടുനടന്നവന്‍.. എന്റെ ഭ്രാന്ത് കേട്ട് ക്ഷമയോടെ പുഞ്ചിരിപൊഴിച്ചവന്‍...

    ഇതിന്റെ സംഗീതാവിഷ്ക്കാരം ചെയ്തത് ശ്രീ ബാബു മണ്ടൂര്‍ ആണ്.. അദ്ധേഹത്തിന് അഭിനന്ദനങ്ങള്‍..!

    ശുഭരാത്രി പ്രിയരെ..
    നിലാമഴ! സ്നേഹമഴ!

    ReplyDelete
  2. സുന്ദരമായ കവിത..!സുന്ദരമായ ആലാപനം..! നന്ദി സ്വാമിന്‍..

    ReplyDelete
  3. കവിത കൂടുതല്‍ സുന്ദരമായി തോന്നുന്നത് അത് ആലപിച്ചു കേള്‍ക്കുമ്പോഴാണ്.. നന്ദി സ്വാമിന്‍.. കേള്‍ക്കാത്ത കവിതകളുണ്ടെങ്കില്‍ ഒഴിവുപോലെ ഇവിടെ വന്ന് ആസ്വദിയ്ക്കുക!

    ശുഭദിനം!

    ReplyDelete
  4. മഹാകവി കുമാരനാശാന്‍റെ കവിതകളെല്ലാം
    വായിച്ചിട്ടുണ്ട്. ഈ കവിതയുടെ ആലാപനം മനോഹരമായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  5. ഇനി ഞാനെന്തു പറയാന്‍, പതിവുപോലെ കവിത മോഷ്ടിച്ചുകൊണ്ട് (download)പോകുന്നു..

    ReplyDelete
  6. ഹഹഹ.. മോഷ്ടിയ്ക്കുകയൊന്നും വേണ്ട! ഇതെല്ലാം നിങ്ങള്‍ക്ക് വേണ്ടി തരുന്നതാണ്. സ്വന്തമാണെന്ന് കരുതി എടുത്തോളൂ..!

    നന്ദി സര്‍!

    ReplyDelete
  7. സുന്ദരമായ കവിത.

    ReplyDelete
  8. പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  9. ഡൌണ്‍ലോഡ് ലിങ്ക് ഇല്ലല്ലോ? എവിടെ കിട്ടും. എങ്ങിനെ കിട്ടും? അത്യാവശ്യമായിരുന്നു.

    ReplyDelete
    Replies
    1. കമന്റ് ഇപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്... ഇമെയിൽ ഐഡി തരൂ... ഞാൻ അയച്ചു തരാം.

      Delete
  10. ആലാപനം സൂപ്പർ.......
    ഞാൻ 8 - ൽ പഠിക്കുമ്പോൾ
    പഠിച്ച കവിത.....
    മഹാകവിയുടെ സുഖശീതളമായ കവിത....

    ReplyDelete