Monday 22 August 2011

കാത്തിരിപ്പ്

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു
ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍
ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക്
നിന്നെത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു
കറുത്ത ചിരി തൂകിയണയുമ്പോള്‍
ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
ഇലകളനുതാപമോടരുണാശ്രുവില്ക്കുമ്പോള്‍
എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

കവിത: കാത്തിരിപ്പ്
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

8 comments:

  1. കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു...
    കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു...
    എല്ലാം നല്ല വരികള്‍......

    ReplyDelete
  2. എന്‍ പ്രിയനേ...എവിടെയാണ്‍ നീ..?

    ReplyDelete
  3. പ്രിയതരം വാക്കിന്റെ വേനല്‍മഴത്തുള്ളി ഒടുവിലെത്തുന്നതും നോറ്റു കാത്തിരിപ്പൊറ്റക്കു ...

    ReplyDelete
    Replies
    1. ഹൃദയത്തില്‍ നിന്നൂറിവരുന്ന വാക്കുകള്‍ വരികളായൊഴുകുന്നു..

      Delete
  4. ജീവിതത്തില്‍ എന്തെല്ലാം നടക്കുന്നു. വഞ്ചന, അഹംഭാവം.. ഇതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒരാളെ കാത്തിരിപ്പിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു..

    ReplyDelete
    Replies
    1. ഒരു ശുഭ പ്രതീക്ഷയല്ലേ കാത്തിരിപ്പിന്റെ നിദാനം?

      Delete
  5. നല്ല വരികള്‍.
    ഞാന്‍ ഈ കവിത ഏടുക്കുകയാണ്.
    നന്ദി..................

    ReplyDelete