Saturday, 21 January 2012

മാക്കാന്‍


മുരുളും കീറി പാതവരമ്പില്‍
ഇരുളും കീറി പാതവരമ്പില്‍
നിമിഷം കീറി കരളിന്നുള്ളില്‍
മൌനമുടച്ചു മനസ്സിനുള്ളില്‍
കണ്ണു തുറിപ്പൂ കരിമാക്കാന്‍
വെള്ളിതേറ്റ പല്ലുമിളിച്ച്
നാവു ചുഴറ്റി മണ്ണില്‍ മാന്തി
മൂരി നിവര്‍ത്തി നഖവും നീട്ടി
പൂച്ചപാദം മണ്ണില്‍ നിരത്തി
മുരണ്ടു നടപ്പൂ കരിമാക്കാന്‍
മുരണ്ടു നടപ്പൂ കരിമാക്കാന്‍

ആയരമുണ്ണീ കരളുകളില്‍
കരിനിഴലും വീശി പേടിപ്പിച്ച്
കഥയുടെ കരിയിലെ ഞെരിയും-
വഴിയിലൊതുങ്ങിയിരുന്നു കരിമാക്കാന്‍
ഉണ്ണീയുറങ്ങാന്‍ രാത്രിയിലെന്നും
മുത്തശ്ശി ചൊല്ലിയ വാക്കുകളില്‍
ഊറിക്കൂടി ഉണര്‍ന്നു വളര്‍ന്നു
പേടിപ്പിയ്ക്കും കരിമാക്കാന്‍
നിഴലും തോളില്‍ കയറി നടക്കാന്‍
നിലയില്ലാത്ത കയത്തില്‍ മുങ്ങാന്‍
കരയും കുഞ്ഞിന്‍ കാതുകള്‍ തിന്നാന്‍
ഉണ്ണാത്തുണ്ണിയെ ഊട്ടിപ്പിയ്ക്കാന്‍
ജന്നലിന്നഴികള്‍ നൂന്നു കടക്കാന്‍
ചെറുമുറ്റത്തെയിരുട്ടിലൊളിയ്ക്കാന്‍
അകലെ കാറ്റിന്‍ ചെവിയില്‍ മൂളാന്‍
കഴിവു കൊടുത്തു മുത്തശ്ശി

കഥയുടെ ചെപ്പിലൊതുങ്ങിയ മാക്കാന്‍
നാളുകള്‍ തള്ളിയുരുട്ടുമ്പോള്‍
കാലത്തിന്റെ ചെവിക്കുടകുത്തി
കഥയുടെ ചെപ്പാല്‍ കമ്മലുചാര്‍ത്തി
മുത്തശ്ശിയെങ്ങോ മറപൂകി
പിന്നെ ഉണ്ണിയെ ഊട്ടാന്‍
രാത്രി ഉറക്കാന്‍
ചെപ്പു തുറന്നു അറിയാതെ
കഥയുടെ കൈവഴി ഓരോന്നായി
ഞെരിച്ചു വളച്ചു കരിമാക്കാന്‍
ഒരുന്നാള്‍ കഥയുടെ കൈവരി തട്ടി
കാട്ടിലിറങ്ങി കരിമാക്കാന്‍
കരിമരുതിന്റെ കടയ്ക്കല്‍ കൈനഖം
മൂര്‍ച്ചയുരച്ചു കരിമാക്കാന്‍
കാടിന്നിരുളു തുളച്ചു വിടര്‍ത്തി
കാഴ്ചയെരച്ചു കരിമാക്കാന്‍
ഇളമാന്‍ പ്രാണനെ ഇണയായ് കൂട്ടി
തേറ്റയിറക്കി കരിമാക്കാന്‍
ശാന്ത നിശബ്ദ തടത്തിന്‍ നടുവില്‍
അവനൊരു മൂളല്‍ കുഴിച്ചിട്ടു
തിന്നു കൊഴുത്തു മദിച്ചുനടന്ന-
വനൊരുന്നാള്‍ കാടിനു തീയിട്ടു
അതിന്നു മീതെ അവന്റെ മുരളല്‍
ചോദ്യങ്ങള്‍ക്കു വിലങ്ങിട്ടൂ

വിലങ്ങു വീട്ടിയ തണലും കാഞ്ഞവന്‍
എത്തി നമ്മുടെ നിഴലോളം
നിഴലും കീറി കരളിന്നുള്ളില്‍
നൂന്നു കടന്നു കരിമാക്കാന്‍
മനസ്സിനുള്ളിലെ മിന്നാമിന്നു
വിഴുങ്ങി ഇരുട്ടു നിറച്ചിട്ട്
തിളച്ചു പൊന്തിയ മാക്കാന്‍ മിഴികള്‍
തിളക്കമാര്‍ന്നു കരളുകളില്‍
തെരുവില്‍ പടനിലഭേരി മുഴക്കി
തലയില്ലാത്ത ശവങ്ങള്‍ വിതറി
തിമിരം മൂടിയ കാഴ്ചകള്‍ വാഴ്ത്തി
അഴുകിയ മൌന ചേലമറഞ്ഞും
അലമുറ തിന്നും തേങ്ങല്‍ കുടിച്ചും
നിദ്രതുരന്നു കിനാവു കണ്ടും
ആയിരമുണ്ണി കരളുചുവച്ചും
അലറു നിന്നീ കരിമാക്കാന്‍
മുരളുന്നിന്നീ കരിമാക്കാന്‍

കണ്ണാടികളില്‍ തെളിയാരൂപം
കണ്ണാടികളില്‍ തെളിയാരൂപം
ഇമകളില്‍ ഇരുളു പുരട്ടാന്‍ തിരുടന്‍
പേബാധകളെ വിതറാന്‍ ശക്തന്‍
രൂപം പലകുറി മാറ്റി നടപ്പോല്‍
ഭാവം മാറി മിനുങ്ങി നടപ്പോല്‍
രണ്ടായ് മുറിയാന്‍ നാലായ് അലറാന്‍
കഴിവുകളേറ്റി നടക്കുന്നോന്‍
അലറുന്നിന്നീ മനസ്സുകളില്‍
പുകയുന്നോരോ ചിന്തകളില്‍

മനസ്സിനുള്ളില്‍ നിറഞ്ഞു തൂവും
വെട്ടം പൊലിയാതെന്നെന്നും
കരുതിയിരിയ്ക്കാം നമുക്കു കാവാല്‍
നാമാല്‍ തന്നെ തുടര്‍ന്നേക്കാം
നിമിഷം തിന്നീ രാവും പകലും
നമുക്കു മുമ്പേ പായുമ്പോഴും
ഒരിറ്റു നേരം തിരയാം പോയൊരു
കഥയുടെ ചെപ്പിന്‍ പിന്നാ‍ലെ
കണ്ടെത്തുമ്പോഴാക്കാം ഇവനെ
പണ്ടേപ്പോലെ കഥയ്ക്കുള്ളില്‍
നാടുകടത്താം കഥയിലില്ലാത്തൊരു
കാലത്തേയ്ക്കീ മാക്കാനെ
നാടുകടത്താം കഥയിലില്ലാത്തൊരു
കാലത്തേയ്ക്കീ മാക്കാനെ

പിന്നെ നിലാവലയിളകും രാവില്‍
ഉറങ്ങാതുണ്ണികള്‍ കരയുമ്പോള്‍
മിഴിയില്‍ വിളക്കുകൊളുത്തി പറയാം
ഉണ്ണീ ഉറങ്ങാ.. ഉറങ്ങുക നീ
സ്വച്ചനിലാവിന്‍ കുളിരേറ്റ്
എല്ലാ നിറവും ഉരുകിയുണര്‍ന്നൊരു
സൂര്യന്റെ ഹൃത്തില്‍ എതിരേല്‍ക്കാന്‍
എല്ലാം നിഴലും തമ്മിലിണങ്ങിയ
തണലിലിരുന്നൊന്നിളവേല്‍ക്കാന്‍
പുതിയൊരു വെട്ടം മിഴികളിലെഴുതാന്‍
പുലരും മുമ്പേ ഉണരാനായ്
ഉറങ്ങുക ഉണ്ണീ.. ഉറങ്ങുക നീ..മുരളും കീറി (Click here to download)
കവിത: മാക്കാന്‍
രചന: സന്തോഷ് ബാബു ശിവന്‍
ആലാപനം: സന്തോഷ് ബാബു ശിവന്‍

5 comments:

 1. ശക്തമായ വരികള്‍
  അഭിനന്ദനങ്ങള്‍

  ReplyDelete
 2. നന്ദി സുഹൃത്തുക്കളെ..!

  ReplyDelete
 3. മുത്തശ്ശിക്കഥയിലെ മാക്കാന്‍ക്കഥയും,മാക്കാനെ
  നാടുകടത്തി ഇനി ഉണ്ണികള്‍ക്കുവേണ്ടി ചൊല്ലേണ്ട തിളങ്ങും നവസുപ്രഭാതത്തിന്‍റെ വരികളും
  വളരെ മനോഹരമായി രചിച്ചിരിക്കുന്നു.
  കേള്‍ക്കാനിമ്പമുള്ള വരികളും,ആലാപനവും.
  കൊച്ചുമുതലാളിക്ക് ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete