Wednesday 24 August 2011

എവിടെ ജോണ്‍


തരിക നീ പീതസായന്തനത്തിന്‍റെ നഗരമേ
നിന്‍റെ വൈദ്യുതാലിംഗനം.
കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍
തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ
കുപിത യൌവ്വനത്തിന്‍ ലോഹ നൌകകള്‍.
അരുത്, നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍‍ത്തരുത്..
നിന്‍റെ നിയോണ്‍ വസന്തത്തിന്‍റെ ചുന കുടിച്ച്
എന്‍റെ ധൂര്‍ത്ത കൌമാരവും
ജലഗിത്താറിന്‍റെ ലൈലാക ഗാനവും
പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകള്‍
ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍
വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടി വന്നു!
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍!

പകലൊടുങ്ങുന്നു, സോഡിയം രാത്രിയില്‍
പകരുകയാം നഗരാര്‍ത്ത ജാഗരം.
തെരുവ്, രൂപങ്ങള്‍ തന്‍ നദി,
വിച്ഛിന്ന ഘടനകള്‍ തന്‍ ഖര പ്രവാഹം;
പരിക്ഷുഭിത ജീവല്‍ ഗതാഗത ധാരയില്‍
തിരകയാണെന്‍റെ പിച്ചളക്കണ്ണുകള്‍,
ശിഥില ജീവിതത്തിന്‍ ഭ്രാന്ത രൂപകം;
കരി പിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു
രാസ സന്ദേശങ്ങള്‍.

ഇരുപതാം നമ്പര്‍ വീട്, അതേ മുറി
ഒരു മെഴുതിരി മാത്രമെരിയുന്നു
നയന രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്ന് തെറിപ്പിച്ച മറിയ
നീറിക്കിടക്കുന്നു, തൃഷ്ണ തന്‍
ശമനമില്ലാത്തൊരംഗാര ശയ്യയില്‍!

എവിടെ ജോണ്‍?” സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
അവന് ഞാനല്ല കാവലാള്‍, പോവുക!”

പരിചിതമായ ചാരായ ശാലയില്‍
നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു:
ഇന്ന് ജോണ്‍ ഇവിടെ വന്നുവോ?”

പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ്സ് നീട്ടുന്നു:
താനെവിടെയായിരുന്നിത്ര നാളും കവീ?
ഇത് ചെകുത്താന്‍റെ രക്തം, കുടിക്കുക;
ഇവിടെയുണ്ടായിരുന്നു ജോണ്‍,
എപ്പോഴോ ഒരു ബൊഹീമിയന്‍ ഗാനം
പകുതിയില്‍ പതറി നിര്‍‍ത്തി അവനിറങ്ങിപ്പോയി.
അവന് കാവലാളാര്? ഈ ഞങ്ങളോ?”

ജല രഹിതമാം ചാരായം
ഓര്‍ക്കാതെ ഒരു കവിള്‍ മോന്തി,
അന്ന നാളത്തിലൂടെ എരിപൊരി-
ക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി!

പഴയ ലോഡ്ജില്‍, ഒരു കൊതുകു വലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാന്‍ അവിടെ മുട്ടുന്നു;
ജോണിനെ കണ്ടുവോ?”

പഴയ ജീവിതം പാടേ വെറുത്തു ഞാന്‍
ഇനിയുമെന്നെ തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്ക് പ്രവേശനമില്ല എന്‍റെ മുറിയില്‍
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ സര്‍പ്പ സാന്നിധ്യം;
എന്‍റെയീ പടി കയറുവാന്‍ പാടില്ല മേലില്‍ നീ,
അറിയൂ ജോണിന്‍റെ കാവലാളല്ല ഞാന്‍!”

പടിയിറങ്ങുന്നു ഞാന്‍, കശേരുക്കളില്‍
പുകയുകയാണ് ചുണ്ണാമ്പ് പൂവുകള്‍!
വിജനമാകുന്നു പാതിരാപ്പാതകള്‍,
ഒരു തണുത്ത കാറ്റൂതുന്നു,
ദാരുണ സ്മരണ പോല്‍,
ദൂരെ ദേവാലയങ്ങളില്‍ മണി മുഴങ്ങുന്നു;
എന്നോട് പെട്ടന്നൊരിടി മുഴക്കം
വിളിച്ച് ചോദിക്കുന്നു:എവിടെ ജോണ്‍?”

ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍:
അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

ഇവിടെ ഈ സെമിത്തേരിയില്‍
കോണ്‍‍ക്രീറ്റ് കുരിശ് രാത്രി തന്‍ മൂര്‍ദ്ധാവില്‍
ഇംഗാല മലിനമാം മഞ്ഞ് പെയ്ത് പെയ്ത്
ആത്മാവ് കിടുകിടുക്കുന്നു, മാംസം മരയ്ക്കുന്നു,
എവിടെ ജോണ്‍?; ഗന്ധകാമ്ളം നിറച്ച നിന്‍
ഹൃദയ ഭാജനം, ശൂന്യമീ കല്ലറയ്ക്കരികില്‍
ആഗ്നേയ സൌഹൃദത്തിന്‍ ധൂമ വസനം
ഊരിയെറിഞ്ഞ ദിഗംബര ജ്വലനം!



കവിത: എവിടെ ജോണ്‍
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

4 comments:

  1. പിന്‍‍കാല മലിനമാം മഞ്ഞ് അല്ല.... ഇംഗാല മലിനമാം മഞ്ഞ് എന്നാണ്... ഇംഗ്ലീഷില്‍ dry ice എന്നും പറയും...

    http://kaavyaanjali-seetha.blogspot.com/2011/09/blog-post_24.html

    ReplyDelete
  2. നന്ദി സന്ദീപ്.. ഞാൻ തിരുത്താം.. ഇപ്പോഴാണ് കമന്റ് കണ്ടത്..

    ReplyDelete
  3. few minor corrections
    1 കൊടികളൊന്നുമില്ലാതെ instead of പൊടികളൊന്നുമില്ലാതെ,
    2 ചാരായ ശാലയില്‍ instead of ചാരായ ചാരായ ശാലയില്‍
    3 ബൊഹീമിയൻ instead of ബഹൂമിയന്‍
    4 ഗന്ധകാമ്ളം instead of ഗന്ധകാമ്ലം

    cheers
    jacob

    ReplyDelete
    Replies
    1. തേങ്ക്സ് ജേക്കബ്..
      ഞാൻ തിരുത്തിയിട്ടുണ്ട്.. നന്ദി!

      Delete