Tuesday 9 June 2020

വർണ്ണ ഗർജ്ജനം


എന്റെ കഴുത്തിൽ അമരും ശക്തിയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ നിറത്തെ വെറുക്കും നാട്ടിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വിശപ്പിനു തീകൂടുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ കിടപ്പറ തെരുവാകുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെയുയർച്ചയ്ക്കതിരുകളിട്ടാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വിയർപ്പിനു വില കുറയുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ പറമ്പിനു വിലയിടിയുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വോട്ടിനു വിലപറയുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ കുരുന്നിനു കൂട്ടു കുറഞ്ഞാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ കിതപ്പിനു സാന്ത്വനമില്ലേൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെയെതിർപ്പിനു ഫലമില്ലെങ്കിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു നേരെയുയരും വിരലാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വിധിയ്ക്കായി നിയമം തീർത്താൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു കോരാനേകും ചവറാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്നെയിറക്കും യുദ്ധച്ചൂളയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു നൽകും വൈദ്യക്കെടുതിയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്നെ വിഴുങ്ങും പ്രണയച്ചുഴിയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു വേദിയിൽ വേഷം ചെറുതേൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു കിട്ടും ഖ്യാതി തടഞ്ഞാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്നെ വെറുക്കാൻ വാർത്തകൾ തീർത്താൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു വേണം വർണ്ണച്ചിറകുകൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കുവേണം ഏണിപ്പടവുകൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു വേണം നീതിപ്പാതകൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കുവേണം സ്വപ്നങ്ങൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ നീറുംധമനികൾ പേറും
എന്റെ ചോരത്തുള്ളികൾ നോക്കി
എന്റെ വർണ്ണം തിരയും കണ്ണാൽ
എനിയ്ക്കു തുല്യതയേകും നാട്ടിലേ
എനിയ്ക്കു ശ്വാസം കിട്ടുകയുള്ളൂ...



കവിത: വർണ്ണ ഗർജ്ജനം
രചന: സോഹൻ റോയ്
ആലാപനം: ബി.ആർ.ബിജുറാം

4 comments:

  1. മനുഷ്യത്വം നഷ്ടപ്പെട്ടിരിയ്ക്കുന്നു മനുഷ്യരിൽ... ഒരു പക്ഷെ വെളുത്തവനായിരുന്നെങ്കിൽ ജോർജ് മരിയ്ക്കില്ലായിരുന്നു!

    ReplyDelete
  2. മധുവിനെ കൊന്നവരും, ഫഫ്ളോയ്ഡിനെ കൊന്നവരും തമ്മിലെന്ത് വിത്യാസം! ഇവിടെ കൂട്ടം കൂടി കൊന്നെങ്കിൽ, അവിടെ തോക്കിൻമുനയിൽ ശ്വാസം മുട്ടിച്ചുകൊന്നു. പണം നാമേവരെയും അടിമകളാക്കുന്നു...

    ReplyDelete
  3. അടിപൊളി ❤️❤️❤️

    ReplyDelete
  4. കവിതയും, ആലാപനവും ഇഷ്ടമായി

    ReplyDelete