Wednesday, 2 May 2012

വെളിപാടു പുസ്തകം


നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

ചുവന്ന രക്താണുക്കള്‍ നിറഞ്ഞ പേനകൊണ്ടെഴുതുന്ന
ചെമ്പിച്ച വാക്കിന്റെ മുന തേഞ്ഞു പോയ്
നരകമാം സമരാഗ്നിയില്‍ നമ്മള്‍ ഹോമിച്ച
കൌമാര ചേതനകള്‍ ഉണരാതെ പോയി
നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം

ഇനിയെന്റെ ബാക്കി പത്രത്തില്‍
രക്തം ചുമച്ചു തുപ്പി മരിയ്ക്കുന്ന സൂര്യനും
മുറിവുണങ്ങാത്ത ഹൃദയവും
തേങ്ങുമീ സന്ധ്യയും മാത്രം
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
നോക്കൂ സഖാവെ..
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
മുദ്രാവാക്യം മുഴക്കിപെരുപ്പിച്ച
സംഘബോധത്തെരുകൂത്തിലിന്നിതാ
വര്‍ഗ്ഗം ബോധം കെടുത്തി
വിലപേശി വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ
വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ

നോക്കൂ സഖാവെ,ചത്തപെണ്ണിനാര്‍ത്തവ ശോണിതലിക്തമാം
ചെങ്കോലുമായി ചെകുത്താന്റെ വെള്ളെലികള്‍ മലയിറങ്ങുന്നു
മലകയറുമേതോ ഭ്രാന്തന്റെ കയ്യില്‍ നിന്നു
ഊര്‍ന്നു വീണുടയുന്നോ പ്രകാശത്തിന്‍ കൈക്കുടം
പ്രകാശത്തിന്‍ കൈക്കുടം

പതിയായ് പടികയറുന്ന ഭാര്യയുടെ
പതറുന്ന മിഴികളില്‍ നോക്കുവാന്‍
കണ്ണീലഗ്നിയുടെ സ്ഫുരണമില്ലാതെ
മുറിവിന്റെ ചാരിത്ര്യ ശുദ്ധിയില്‍ സംശയമില്ലാതെ
വാ മുറുക്കിയിരിയ്ക്കുന്നു വിപ്ലവം

പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂടായ്
കെട്ടടങ്ങുന്ന നിലവിളിയൊച്ചയായ്
മുട്ടുകുത്തിയിരക്കുന്ന നാവായ്
കൊല്ലപ്പെടാതെപോയന്നതില്‍ ഖേദിച്ചു
സ്മാരകങ്ങളില്‍ പേരെഴുതാത്തവന്‍
പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി

വിണ്ടകാലുമായി ചെണ്ടകൊട്ടുന്നിതാ
പോയകാലത്തിന്റെ രക്തനക്ഷത്രങ്ങളും
അര്‍ദ്ധനഗഗ്നാംഗിയാം നരവംശ ശാസ്ത്രവും
ചരിത്രത്തിന്‍ ഓപ്പറേഷന്‍ തിയറ്ററില്‍
സത്യത്തിന്‍ ഭ്രൂണഹത്യകള്‍ പാപമാകാറില്ല

കുരിശിന്റെ ചില്ലയിലുറങ്ങാന്‍
മൃഗത്തിനോടനുവാദം ചോദിച്ചു
കാല്‍വരി കയറുമ്പോള്‍
അക്കല്‍ദാമയില്‍ പൂക്കുന്ന പൂകവുകള്‍
തുണിമാറ്റിയെന്നെ നാണം കെടുത്തുന്നു
അന്ത്യപ്രവാചകന്മാര്‍ തത്വശാസ്ത്രങ്ങളെ
ചന്തയില്‍ വില്‍ക്കുവാനെത്തുന്നതിനു മുമ്പ്
യൂദാസ്, എന്നെ രക്ഷിയ്ക്കൂ
കുരിശില്‍ കയറാനെന്നെ അനുവദിയ്ക്കൂ..നോക്കൂ സഖാവെ (Click here to download)
കവിത: വെളിപാടു പുസ്തകം
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

6 comments:

 1. അടുത്തകാലത്ത് വായിച്ച, ശക്തമായ വരികളുള്ള ഒരു നല്ല കവിത.

  രണ്ട് അനിലുമാര്‍ക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
 2. തീക്ഷ്ണവും,ശക്തവുമായ വരികള്‍.
  കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
  കൊച്ചുമുതലാളിക്ക് ആശംസകള്‍

  ReplyDelete
 3. ജോസ് & തങ്കപ്പന്‍ സാര്‍.. രണ്ട് പേര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. പൊന്‍പുലരി!

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. Really touching one..!Thanks Kochumuthalaali for sharing it..

  ReplyDelete
 6. Nalla kavitha. Ishtamayi!

  ReplyDelete