Tuesday, 3 January 2012

അച്ഛനും ഞാനും


അഗ്നിപര്‍വ്വതങ്ങള്‍ പോലെയേറെ നീറിയും
അഴലു പേറി,യാധിയേറി മിഴികളൂറിയും
ഞങ്ങള്‍ രണ്ടുമൊരു തണല്‍ തണുപ്പിലൊന്ന് പോല്‍
വിങ്ങിടുന്ന നെഞ്ചുമായ് കഴിഞ്ഞു ഏറെ നാള്‍!

സ്നേഹമഞ്ഞു മുകിലു മെല്ലെ പെയ്തിടുമ്പോഴും
സൌമ്യനായ്‌ ഞാനടുത്ത് നിന്നിടുമ്പോഴും
അതു നിനക്കുവേണ്ടിയെന്നുരച്ചതില്ലച്ഛന്‍
എങ്കിലുമറിഞ്ഞു ഞാനാ ആത്മസൌഭഗം!

ആര്‍ദ്രമായ്ത്തലോടിയില്ല രാവിലെങ്കിലും
അച്ഛനെന്‍റെയമൃതമെന്നറിഞ്ഞിരുന്നു ഞാന്‍
വൃശ്ചികത്തണുപ്പുറഞ്ഞ കാറ്റ്‌ വീശവേ,
അച്ചനാണതെന്ന ബോധാമാര്‍ന്നിരുന്നു ഞാന്‍!

അക്ഷരം കടഞ്ഞു ഞാനടുപ്പ്‌ കൂട്ടവേ,
അഗ്നിയില്‍ വിഷാദമാകെ വെന്തു പോകവേ,
അറിവുദിച്ച പുണ്യമെന്നിലേകിടുന്നതും
അച്ഛനെന്ന സത്യമെന്നറിഞ്ഞിരുന്നു ഞാന്‍!

അമ്മയെന്ന നന്മ തേടി ഞാന്‍ നടക്കവേ
ഉണ്മയാകും മേന്മ തേടി വേദനിക്കവേ,
മണ്‍‍കുടിലിനുള്ളിലെന്‍റെ കുഞ്ഞു മെത്തയില്‍
കണ്ണുഴിഞ്ഞ വെണ്ണിലാവുമച്ഛനല്ലയോ!

നൂറു തേച്ച് വായ് നിറച്ച ഗൌരവങ്ങളില്‍
നെഞ്ചില്‍ വീണു കെഞ്ചിടാന്‍ മടിച്ചു പോയി ഞാന്‍;
എങ്കിലും നിദാന്തമായ മൂകസാന്ത്വനം
എന്നിലേകിയച്ഛനെന്നറിഞ്ഞിടുന്നു ഞാന്‍!

പാപവും ദുരന്തവും തിളച്ച വേനലില്‍
തങ്ങളിലറിഞ്ഞു പുല്‍കിയില്ല ഞങ്ങളും
കദന സൂര്യനായെരിഞ്ഞു നിന്ന നേരവും
കനിവു തീര്‍ന്ന താതഹൃദയമെന്തി നിന്നു ഞാന്‍!

തേങ്ങിയും പിണങ്ങിയുമിണങ്ങിയുമിതാ
തേന്മലര്‍ വസന്തവാടി പൂകിടുമ്പൊഴും
ദൂരെ മാറി നിന്ന രണ്ട് സ്നേഹതാരകള്‍
ഊര്‍ജ്ജരേണു തങ്ങളില്‍ പകര്‍ന്നിടുന്നിതാ...!അഗ്നിപര്‍വ്വതങ്ങള്‍ (Click here to download)
കവിത: അച്ഛനും ഞാനും
രചന: രാജീവ് ആലുങ്കല്‍
ആലാപനം: സുദീപ്കുമാര്‍

10 comments:

 1. ബാല്യത്തില്‍ തന്നെ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ ചിന്തകള്‍, അമ്മയെ പിരിഞ്ഞിരിയ്ക്കുന്ന അച്ഛന്‍. സ്വന്തം അനുജന്‍ ആത്മഹത്യചെയ്യുകയും ചെയ്താല്‍ പിന്നെ പറയേണ്ട കാര്യവുമില്ലല്ലൊ.. എന്തൊക്കെയുണ്ടായാലും അമ്മയോളം വരില്ല ഒന്നും.. മുലപ്പാലിന്റെ മണമാണ് മാതൃത്വത്തിനുള്ളത്..! അത്തരം ഒരു സാഹചര്യത്തില്‍ പരസ്പരം അച്ഛനും മകനും സംസാരിയ്ക്കുന്നില്ലെങ്കിലും അവരുടെ രണ്ട് പേരുടേയും ചിന്ത ഒന്നുതന്നെയാണ്.. മനസ്സില്‍ പുകഞ്ഞുകൊണ്ടിരിയ്ക്കുന്നതൊരഗ്നിപര്‍വ്വതമാണ്...

  ഏവര്‍ക്കും നന്ദി!

  ReplyDelete
 2. "ദൂരെ മാറി നിന്ന രണ്ട് സ്നേഹതാരകള്‍
  ഊര്‍ജ്ജരേണു തങ്ങളില്‍ പകര്‍ന്നിടുന്നിതാ...!"
  ദൂരെ മാറി നിന്ന രണ്ട് സ്നേഹതാരകള്‍
  ഊര്‍ജ്ജരേണു തങ്ങളില്‍ പകര്‍ന്നിടുന്നിതാ...!

  ReplyDelete
 3. അമ്മയെന്ന നന്മ തേടി ഞാന്‍ നടക്കവേ
  ഉണ്മയാകും മേന്മ തേടി വേദനിക്കവേ,
  മണ്‍‍കുടിലിനുള്ളിലെന്‍റെ കുഞ്ഞു മെത്തയില്‍
  കണ്ണുഴിഞ്ഞ വെണ്ണിലാവുമച്ഛനല്ലയോ!

  നല്ല കവിത. അഭിനന്ദനം

  ReplyDelete
 4. ആത്മനൊമ്പരമുണര്‍ത്തുന്ന കവിത.
  മനസ്സില്‍ പതിഞ്ഞുനില്‍ക്കും വരികള്‍...,.
  രചനാസൌന്ദര്യത്തില്‍ മികവുപുലര്‍ത്തുന്ന
  കവിത. ആലാപനവും നന്നായി.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 5. ഉം...തൊട്ടറിഞ്ഞ സ്നേഹം...കവിത.

  ReplyDelete
 6. Excellent .....

  Touching Lines.....

  Still..I could't complete it due 2 unknown reason...

  :(

  ReplyDelete
 7. രചനാ വൈശിഷ്ട്യം പ്രകടമായ കവിത.
  വളരെ നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 8. ഇവിടെ വന്ന് കവിത കേട്ട ഏവര്‍ക്കും നന്ദി!

  ReplyDelete
 9. തൊട്ടറിഞ്ഞ സ്നേഹം...കവിത.

  ReplyDelete
  Replies
  1. അനുഭവത്തില്‍ നിന്നെഴുതുന്ന കവിതകള്‍ക്ക് ജീവാത്മാവുണ്ടാകും..!

   Delete