Saturday 9 October 2021

മനുഷ്യനാകണം


മനുഷ്യനാകണം-- മനുഷ്യനാകണം 
ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. 
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. 

കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം.. 
എങ്കിലെന്ത് തോൽക്കുകില്ലതാണു മാർക്സിസം.. 
തോൽക്കുകില്ല... തോറ്റുവെങ്കിലില്ല മാർക്സിസം.. 

മാറ്റമെന്ന മാറ്റമേ നേർവഴിയ്ക്കു മാറണം 
മാറിമാറി നാം മനുഷ്യരൊന്നു പോലെയാവണം 
 നേർവഴിയ്ക്കു നാം കൊടുത്ത പേരതാണു മാർക്സിസം 
ആ നേർവഴിയ്ക്കു നാം കൊടുത്ത പേരതാണു മാർക്സിസം.. 

കഴിവിനൊത്തു പണിയണം ചിലവിനൊത്തെടുക്കണം 
മിച്ചമുള്ളതോ പകുത്തു പങ്കുവെയ്ക്കണം... 
തോൽക്കുകില്ല... തോറ്റുവെങ്കിലില്ല മാർക്സിസം.. 

ഞാനുമില്ല നീയുമില്ല നമ്മളൊന്നാകണം 
നമുക്ക് നമ്മളെ പകുത്തു പങ്കുവെയ്ക്കണം.. 
പ്രണയമേ.. കലഹമേ... പ്രകൃതി സ്നേഹമേ... 
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. 

മനുഷ്യനാകണം-- മനുഷ്യനാകണം 
പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും 
തുല്ല്യമെന്ന നേരതിന്റെ പേരതാണ് മാർക്സിസം.. 

കിഴക്കുനിന്നുമല്ല സൂര്യൻ.. 
തെക്കുനിന്നുമല്ല സൂര്യൻ 
ഉള്ളിൽനിന്നുയർന്നു പൊന്തി വന്നുദിയ്ക്കണം 
വെളിച്ചമേ... വെളിച്ചമേ... 
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. 

ചോപ്പ് രാശിയിൽ പിറന്ന സൂര്യ തേജസ്സേ.. 
അസ്തമിയ്ക്കയില്ല എന്നും നിത്യ താരകേ-- 
മനുഷ്യ സ്‌നേഹമേ.. മനുഷ്യ സ്‌നേഹമേ.. 
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. കവിത: മനുഷ്യനാവണം 
രചന: മുരുകൻ കാട്ടാക്കട 
ആലാപനം: മുരുകൻ കാട്ടാക്കട

Saturday 20 February 2021

ശിശിരഗീതം

 
വെറുതെയാണെങ്കിലും നിന്നെയോർമ്മിക്കെയെൻ
ഹൃദയമത്യുച്ചം മിടിക്കുമാറുളളതും,
ഇരുളായ്‌ പൊലിഞ്ഞ പൊൻതാരകം പോലെന്റെ
സകലവും നീയേ വലിച്ചെടുക്കുന്നതും,
അറിയില്ല നീപോലു,മീരാവിൽ നോവു ഞാൻ
പറയുന്നതെന്നോടു മാത്രമായ്‌, ഒരു നോക്കു
തിരിയുവാൻ, നിൽക്കുവാൻ കനിയുകയില്ലെങ്കിലും
നിഴൽപോലുമെത്രയോ ദൂരെയെന്നാകിലും,
ഇതരസൗന്ദര്യങ്ങൾ പ്രണയകാലത്തിന്റെ
ഘടികാര ചക്രങ്ങളാക്കി നീയെങ്കിലും,
വിഫലമായ്‌പ്പോയ സമർപ്പണത്തിൻ സ്‌മൃതി,
ചിരവിയോഗത്തിൻ ദുരന്ത ദുഃഖദ്യുതി,
തിരകളായ്‌, അന്തകത്തിരകളായ്‌, വറ്റാത്ത
സ്വരസാഗരങ്ങളിൽ സ്വപ്‌നാന്തരധ്വനി…
പകരുവാൻ മറ്റെന്തിനി? കാറ്റടിച്ചു വീ-
ണെരിതീയറിഞ്ഞ മയിൽപ്പീലിതൻ ചിരി…കവിത: ശിശിരഗീതം
രചന: വിജയലക്ഷ്മി
ആലാപനം: ബാബു മണ്ടൂർ

Friday 7 August 2020

നീ അടുത്തുണ്ടായിരുന്ന കാലം


നീ അടുത്തില്ലാതിരുന്ന കാലം
ഞാൻ എന്നിലില്ലാതിരുന്ന പോലെ…
സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ…
നീ അടുത്തുണ്ടായിരുന്ന കാലം…

കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ
നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം
നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ
നോട്ടത്തിലൂടെ പറഞ്ഞ കാലം…

നേരം വെളുത്താൽ നിനക്കായി വരമ്പത്തെ
നീളും നിഴൽ നോക്കി നിന്ന കാലം
നീ കാണുവാനായി മരം കേറി കൊമ്പത്തെ
നീറിന്റെ കൂടൊന്നുലഞ്ഞ കാലം…

നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ
എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം;
മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ,
കണ്ടു ഞാനെന്നു ചിരിച്ച കാലം!!

മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ,
കണ്ടു ഞാനെന്നു ചിരിച്ച കാലം!!
അക്കാലമാണു ഞാനുണ്ടായിരുന്നതെ-
ന്നിക്കാലമത്രേ തിരിച്ചറിയൂ…

നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…
ആവണി രാത്രിയിൽ…
ഓർമ്മ കൊളുത്തിയോരാതിര നാളം പൂക്കുന്നു
നീല നിലാവു നനച്ചു വിരിച്ചൊരു
ചേലയിൽ നിഴലു ശയിക്കുന്നു…

വെള്ളാരം കല്ലോർമ്മ നിറഞ്ഞോരാറ്റു വരമ്പു വിളിക്കുന്നു…
സ്ഫടിക ജലത്തിനടിയിൽ ഓർമ്മപ്പരലുകൾ നീീന്തി നടക്കുന്നു…
മുട്ടോളം പാവാട ഉയർത്തി; തുള്ളിച്ചാടി താഴംപൂ…
ഓർമ്മകൾ നീന്തുന്നക്കരെയിക്കരെ നിന്നെ കാട്ടി ജയിക്കാനായി…

വെള്ളാരം കൽവനം പൂത്തോരാറ്റിൻ വക്കിൽ
വെണ്ണിലാവേറ്റു കൈകോർത്തു നാം നിൽക്കവേ;
വെള്ളത്തിലെ ചന്ദ്രബിംബം കുളിർക്കാറ്റിൽ
ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ…

അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ
അന്നൊക്കെ നാം നമ്മിലുണ്ടായിരുന്ന പോൽ
നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ!!
മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ്
കവിളിൽ തലോടും തണുപ്പു പോലെ…
നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ!!

പടിയിറങ്ങുമ്പോൾ പ്രതീക്ഷയായി…
കിളിവാതിലാരോ തുറന്നപോലെ…
എന്നും പ്രതീക്ഷ പ്രതീക്ഷ പോൽ
ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ?
നീയടുത്തുണ്ടായിരുന്നപ്പോൾ ഓമനേ…

പിന്നെ ഞാൻ, പിന്നെ നീ, പിന്നെ നമ്മൾ
പിന്നെയും പിന്നെയും പെയ്ത കാലം…
പിന്നെ ഞാൻ… പിന്നെ നീ… പിന്നെ നമ്മൾ
പിന്നെയും പിന്നെയും പെയ്ത കാലം…

പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായി
പുന്നാരമൊക്കെ കൊടുത്താകാലം!
അക്കാലമാണു നാം നമ്മെ പരസ്പരം
നഷ്ടപ്പെടുത്തി നിറം കെടുത്തി…

നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…
നീ അടുത്തുണ്ടായിരുന്നപ്പോളോമലേ…
ഞാൻ എന്നിലുണ്ടായിരുന്നപോലെ…കവിത: നീ അടുത്തുണ്ടായിരുന്ന കാലം
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: മുരുഗൻ കാട്ടാക്കട

Saturday 20 June 2020

ഒഴിവുകാലംനീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍

ആകാശം മറന്നു ഞാന്‍
പൂകളും പൂന്തിങ്കളും മറന്നു
നീയിത്ര വേഗം മറക്കുമെന്നോര്‍ത്തില്ല
നിന്നെ ഞാന്‍ ഇന്നും മറന്നില്ല!
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍

സായാഹ്നങ്ങളെ കാണാറില്ലിപ്പോള്‍
ആരും തേടിയെത്താറുമില്ല
രാമഞ്ഞില്‍ തണുക്കാറില്ലെനിക്കിന്നു
രാപക്ഷികള്‍ കൂട്ടുമില്ല
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍

അമ്മയേറെ കരഞ്ഞിറങ്ങും വരെ
മരപ്പെട്ടിയില്‍ മണ്ണു വീഴും വരെ
അച്ഛനൊക്കെ കടിച്ചിറക്കി കൊണ്ടാള്‍-
തിരക്കിലുണ്ടായിരുന്നപ്പോഴും
കൂടിരുന്നു കുടിച്ചവരൊക്കെയാണി
കുഴിക്ക് മണ്‍മൂടുവാന്‍ നിന്നതും
കൈപ്പു കണ്ണീരിറ്റുകള്‍ തന്നെയാണി
കുഴിക്കവര്‍ ഇറ്റു വീഴിച്ചതും
ഞാന്‍ മരിച്ചത് നിന്നെ മാത്രം നിന-
ച്ചെറെ നീ ദു:ഖിയ്ക്കുമെന്നോര്‍മിച്ച്
വിഡ്ഢിയായ് പുഴു തിന്നു തീരുമ്പോഴും
നിന്നെ മാത്രം നിനച്ചുറങ്ങുന്നു ഞാന്‍
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നുകവിത: ഒഴിവുകാലം
രചന: സാം മാത്യു
ആലാപനം: സാം മാത്യു

Tuesday 16 June 2020

വാഴക്കുലമലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു -
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ
മലയന്റെ മാടത്ത പാട്ടു പാടി.
മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ
മലയന്റെ മാടവും പൂക്കള് ചൂടി.
വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്
വളരെപ്പണിപ്പാടു വന്നുകൂടി.
ഉഴുകുവാൻരാവിലെ പോകും മലയനു -
മഴകിയും --- പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്
മറവി പറ്റാറില്ലവർക്കു ചെറ്റും .
അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ -
ലതു വേഗവേഗം വളർന്നുവന്നു ;
അജപാലബാലനിൽ ഗ്രാമീണബാലത -
ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് -
പ്പരവതാനിക്കുമേല് ചെന്നിരിക്കും .
പൊരിയും വയറുമായുച്ചക്കൊടുംവെയില്
ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,
അവിടെയിരുന്നു കളിപ്പതു കാണ്കിലേ -
തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !
കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ -
'ക്കരുമാടിക്കുട്ടന്മാർ' മല്ലടിക്കും!
അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു -
മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന് ?
അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ -
രവരുടെ പട്ടിണിയെന്നു തീരാന് ?
അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ -
ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക -
ളിടമില്ലവർക്കൊന്നു കാലുകുത്താന് !
ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ -
ണിടയില്ല ലോകത്തിന്നവരെ നോക്കാന് .
ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ -
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ, നീ നിന്റെ
മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !v
പറയുന്നു മാതേവന് : ---- " ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദൊള്ളതായിരിക്കും !"
പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു
പരിഹാസഭാവത്താല് തേവനോതി :
" കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു !"
പരിഭവിച്ചീടുന്നു നീലി : " അന്നച്ചന -
തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും ."
" കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !"
കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !
അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി -
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :
" പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി
പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !"
" അതുകാണാമുവ്വെടി ചൂരപ്പഴാ നെന -
ക്കതിമോഹമേറെക്കടന്നുപോയി !
ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ -
ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !..."

ഇതുവിധം നിത്യമാ വാഴച്ചുവട്ടില -
ക്കൊതിയസമാജം നടന്നു വന്നു .
കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് -
ക്കരുതിയിരിക്കുമാ വാഴ പോലും !
അവരുടെയാഗ്രഹമത്രയ്ക്കഗാധവു
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്
കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും
കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !
അവളൊരു കള്ളിയാണാരുമറിഞ്ഞിടാ -
തറിയാമവള്ക്കെന്തും കട്ടുതിന്നാന് .
അതുകൊണ്ടവളോടു സേവ കൂടീടുകി -
ലവനു,മതിലൊരു പങ്കു കിട്ടും.
കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്
കഴിവതും കേളനെ പ്രീതനാക്കി .
നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന
നിലയല്ലോ നിർമ്മലബാല്യകാലം !
അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ -
ലഴകിക്കു ചിത്തം നിറഞ്ഞുപോയി .
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്
മലയനുമുള്ളില് തിടുക്കമായി .
അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു -
മവനൊരു സമ്മാനമേകാമല്ലോ .
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു -
മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .
ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി -
യ്ക്കലയണമുച്ചക്കൊടുംവെയിലില് !
അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ -
കനകവിമാനത്തില് സഞ്ചരിക്കൂ .
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ -
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .
പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവു കാണൂ .
ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ -
യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .
അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര -
രരമന കെട്ടിപ്പടുത്തിടട്ടേ .
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ -
രവകാശഗർവ്വം നടിച്ചിടട്ടേ .
ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്
മനതാരില് നിന്നൊരിടിമുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകർ -
ത്തലറുന്ന മട്ടിലവനു തോന്നി .
പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി -
ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !
ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി -
ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ -
രസഹനീയാതപജ്ജ്വാലമൂലം !
അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ -
ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;
ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ -
വലയംചെയ്തുലയുന്ന ലതകള് പോലെ .
അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക -
ളരുതവനങ്ങനെ നോക്കിനില്ക്കാന് .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക -
ണ്ടവനന്തരംഗം തകർന്ന് പോയി .
കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്
നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു
കരളിൽ തുളുമ്പും കുതൂഹലത്താല് .
അവളറിയാതുടനസിതാധരത്തില് നി -
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .
മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു
ചില കണ്ണീർക്കണികകള് പൂഴിമണ്ണില്
അണുപോലും ചലനമറ്റമരുന്നിതവശരാ -
യരികത്തുമകലത്തും തരുനിരകള് !
സരസമായ് മാതേവന് കേളന്റെ തോളത്തു
വിരല് തട്ടിത്താളം പിടിച്ചു നില്പൂ .
അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ -
ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, -
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്
ചതിവീശും വിഷവായു തിരയടിപ്പൂ !
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി -
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?...
കുലവെട്ടി ---- മോഹിച്ചു, മോഹിച്ചു, ലാളിച്ച
കുതുകത്തിന് പച്ചക്കഴുത്തു വെട്ടി ! ---
കുല വെട്ടി -- ശൈശവോല്ലാസകപോതത്തിൻ
കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! ----

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്
മലയന്റെ വക്ത്രം വിളർത്തുപോയി !
കുല തോളിലേന്തി പ്രതിമയെപ്പോലവൻ
കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ -
മപരാധം, നിശിതമാമശനിപാതം !
കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്
കനിവറ്റ ലോകം , കപടലോകം !
നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം
നിസ്സഹായത്വം, ഹാ, നിത്യദുഃഖം !
നിഹതാനിരാശാ തിമിരം ഭയങ്കരം !
നിരുപാധികോഗ്രനിനിയമഭാരം ! -- ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ
മലയനാ മുറ്റത്തു നിന്നുപോയി .
അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്
തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !
ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :
" കരയാതെ മക്കളേ ..... കല്പിച്ചു ... തമ്പിരാന് ...
ഒരുവാഴ വേറെ ...ഞാന് കൊണ്ടുപോട്ടെ !"

മലയന് നടന്നു --- നടക്കുന്നു മാടത്തി -
ലലയും മുറയും നിലവിളിയും !
അവശന്മാ,രാർത്തന്മാരാലംബഹീനന്മാ
- രവരുടെ സങ്കടമാരറിയാന് ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ? --- ഞാന് പിന് വലിച്ചു !കവിത: വാഴക്കുല
രചന: ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം: ദേവിക രാജീവ്, ശാലിനി രാജീവ്, നിള പ്രഭകുമാർ, മാധവ് മനോജ്, വൈശാഖ് ഗോപി

Tuesday 9 June 2020

വർണ്ണ ഗർജ്ജനം


എന്റെ കഴുത്തിൽ അമരും ശക്തിയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ നിറത്തെ വെറുക്കും നാട്ടിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വിശപ്പിനു തീകൂടുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ കിടപ്പറ തെരുവാകുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെയുയർച്ചയ്ക്കതിരുകളിട്ടാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വിയർപ്പിനു വില കുറയുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ പറമ്പിനു വിലയിടിയുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വോട്ടിനു വിലപറയുമ്പോൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ കുരുന്നിനു കൂട്ടു കുറഞ്ഞാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ കിതപ്പിനു സാന്ത്വനമില്ലേൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെയെതിർപ്പിനു ഫലമില്ലെങ്കിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു നേരെയുയരും വിരലാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ വിധിയ്ക്കായി നിയമം തീർത്താൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു കോരാനേകും ചവറാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്നെയിറക്കും യുദ്ധച്ചൂളയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു നൽകും വൈദ്യക്കെടുതിയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്നെ വിഴുങ്ങും പ്രണയച്ചുഴിയിൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു വേദിയിൽ വേഷം ചെറുതേൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു കിട്ടും ഖ്യാതി തടഞ്ഞാൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്നെ വെറുക്കാൻ വാർത്തകൾ തീർത്താൽ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു വേണം വർണ്ണച്ചിറകുകൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കുവേണം ഏണിപ്പടവുകൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കു വേണം നീതിപ്പാതകൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എനിയ്ക്കുവേണം സ്വപ്നങ്ങൾ
എനിയ്ക്കു ശ്വാസം മുട്ടുന്നു
എന്റെ നീറുംധമനികൾ പേറും
എന്റെ ചോരത്തുള്ളികൾ നോക്കി
എന്റെ വർണ്ണം തിരയും കണ്ണാൽ
എനിയ്ക്കു തുല്യതയേകും നാട്ടിലേ
എനിയ്ക്കു ശ്വാസം കിട്ടുകയുള്ളൂ...കവിത: വർണ്ണ ഗർജ്ജനം
രചന: സോഹൻ റോയ്
ആലാപനം: ബി.ആർ.ബിജുറാം

Tuesday 2 June 2020

തനിച്ചല്ലഅരണ്ടവെട്ടത്തിൽ,മഴ കഴിഞ്ഞുള്ളോ-
രിരുണ്ട മങ്ങിയ നനവിൽ,അന്തിതൻ
നിഴലിൽ ഞാനിങ്ങു തനിച്ചിരിക്കുന്നു.
തനിച്ചോ? ചുറ്റുംവന്നിരിക്കയാണെന്നെ-
ക്കരച്ചിലിൽ മുക്കിത്തനിച്ചാക്കിപ്പോയോർ.
തിടുക്കിലിന്നലെയിറങ്ങിപ്പോയോരെ-
ന്നുടപ്പിറപ്പെന്നെ തഴുകി നിൽക്കുന്നു.
അടുത്തുനിൽക്കുന്നു പ്രസന്നനായെന്റെ-
യനുജൻ, ചുണ്ടത്തു ചിരി മായാത്തവൻ.
വിടില്ലെന്നെൻ കരം പിടിക്കുന്നു പ്രിയൻ
മടിയിലോടിവന്നിരിക്കുന്നു മകൻ.
നെറുകയിലുമ്മ തരികയാണമ്മ
കവിത മൂളിക്കൊണ്ടരികിലുണ്ടച്ഛൻ.
ശിരസ്സിൽ കൈ വെയ്പ്പൂ ഗുരുക്കന്മാർ, നിന്നു
ചിരിക്കുന്നു വിട്ടുപിരിഞ്ഞ കൂട്ടുകാർ.
കടലിരമ്പം പോൽ ഗഭീരമെങ്കിലും
ഇടവിടാതെ ഞാൻ തിരിച്ചറിയുന്നു
അവരുടെ പ്രിയസ്വരങ്ങൾ, സ്പർശങ്ങൾ
അവരെൻ നെഞ്ചിലുമുയിരിലും ചുറ്റി
നിറഞ്ഞു നിൽക്കുമീ തണുത്ത സന്ധ്യയിൽ
വിരഹത്താലെല്ലാം ചുടുന്ന സന്ധ്യയിൽ
കരയലില്ലാതെ പിരിയലില്ലാതെ
അവരെത്തൊട്ടുകൊണ്ടിരിക്കയാണു ഞാൻ.കവിത: തനിച്ചല്ല.
രചന: സുഗതകുമാരി.
ആലാപനം: ബാബു മണ്ടൂർ.

Saturday 23 May 2020

മൃഗശിക്ഷകൻഭയമാണങ്ങയെ,
പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-
മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍‌ദ്രമോ
ഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -
ഭയമാണങ്ങയെ.

വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചുഞാന്‍ , പക്ഷേ
ഇടയ്ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.

മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോ
രപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !

തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി- ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ
ഭയമാണങ്ങയെ.. ഭയമാണങ്ങയെ..

ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലിഴിയാതെന്നെ, ഞാന്‍ മൃഗമാനെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍
ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടന്‍ ത്രസിക്കുന്നു

പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികണ്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ട‌ത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍‌പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ

അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ,ഞാന്‍ തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍കവിത: മൃഗശിക്ഷകന്‍
രചന: വിജയലക്ഷ്മി
ആലാപനം: ബാബു മണ്ടൂർ

Saturday 16 May 2020

മഴയോർമ്മകൾഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു തീപടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു

വിരഹജനാലകൾ വിജനവരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
ശിശിരത്തിനിലകളായി മണ്ണിൻ
മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ

മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ
മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും

ചിറകടിച്ചുയരുവാൻ ഓർമ്മതൻ തൂവൽ
പകരമായേകുന്ന മണ്ണിൽ
മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
ഇനി വേനലോളം കൈകോർത്തിരിക്കാംകവിത: മഴയോർമ്മകൾ
രചന: അജീഷ് ദാസൻ
ആലാപനം: കാർത്തിക്

Wednesday 13 May 2020

പടർപ്പ്മുറ തെറ്റി മാറും കറയേറ്റപാടം
നിറയെ നിന്റെ മോഹങ്ങൾ
ഇരുളില് തന്ന മോഹങ്ങൾ
അകമേ ഉറവയറ്റടയുന്ന
നീരൊഴുക്കിലയായ്
മലരായ് തളിരിടുമ്പോൾ
ഇടവിട്ടുവേദനിക്കുന്നു താഴ്വാരം,
ഇളവെയില് താണുറങ്ങുന്ന തീരം.
എവിടെയോ എന്നെ ഓര്ത്തിരിപ്പുണ്ടെന്ന്
കരുതി ഞാനിരിക്കുന്നു.
മോഹമുറിവുമായിക്കുന്നു
ആരോടും പറഞ്ഞില്ലിതേവരെ..
ആരൊക്കെയിറക്കിവിട്ടിട്ടും..
നീ തന്ന നിലാവിനെ പേറി ഞാന്..
രാവൊക്കെ തനിച്ചുതാണ്ടുന്നു..
കാട്ടുവള്ളിയിലൂടെഇഴഞ്ഞെത്തി..
ആര്ത്തുചുറ്റിവരിഞ്ഞ കാമത്തിലും..
നീ അന്ധമാം പ്രേമസംഗീതമായ്..
അന്തരംഗങ്ങളില് ലയിച്ചൂ..
ചോരയിൽ പൊക്കിൾ വേരിറങ്ങുന്നുവോ
ചാരമാകുന്ന ബാല്യമേതലി
അമ്മയാകുന്നു മാറും മനസ്സും,
നന്മയിൽ ഞാൻ കുതിർന്നു പൊങ്ങട്ടെ ...കവിത: പടർപ്പ്
രചന: സാം മാത്യു
ആലാപനം: സാം മാത്യു