Tuesday 2 June 2020

തനിച്ചല്ല



അരണ്ടവെട്ടത്തിൽ,മഴ കഴിഞ്ഞുള്ളോ-
രിരുണ്ട മങ്ങിയ നനവിൽ,അന്തിതൻ
നിഴലിൽ ഞാനിങ്ങു തനിച്ചിരിക്കുന്നു.
തനിച്ചോ? ചുറ്റുംവന്നിരിക്കയാണെന്നെ-
ക്കരച്ചിലിൽ മുക്കിത്തനിച്ചാക്കിപ്പോയോർ.
തിടുക്കിലിന്നലെയിറങ്ങിപ്പോയോരെ-
ന്നുടപ്പിറപ്പെന്നെ തഴുകി നിൽക്കുന്നു.
അടുത്തുനിൽക്കുന്നു പ്രസന്നനായെന്റെ-
യനുജൻ, ചുണ്ടത്തു ചിരി മായാത്തവൻ.
വിടില്ലെന്നെൻ കരം പിടിക്കുന്നു പ്രിയൻ
മടിയിലോടിവന്നിരിക്കുന്നു മകൻ.
നെറുകയിലുമ്മ തരികയാണമ്മ
കവിത മൂളിക്കൊണ്ടരികിലുണ്ടച്ഛൻ.
ശിരസ്സിൽ കൈ വെയ്പ്പൂ ഗുരുക്കന്മാർ, നിന്നു
ചിരിക്കുന്നു വിട്ടുപിരിഞ്ഞ കൂട്ടുകാർ.
കടലിരമ്പം പോൽ ഗഭീരമെങ്കിലും
ഇടവിടാതെ ഞാൻ തിരിച്ചറിയുന്നു
അവരുടെ പ്രിയസ്വരങ്ങൾ, സ്പർശങ്ങൾ
അവരെൻ നെഞ്ചിലുമുയിരിലും ചുറ്റി
നിറഞ്ഞു നിൽക്കുമീ തണുത്ത സന്ധ്യയിൽ
വിരഹത്താലെല്ലാം ചുടുന്ന സന്ധ്യയിൽ
കരയലില്ലാതെ പിരിയലില്ലാതെ
അവരെത്തൊട്ടുകൊണ്ടിരിക്കയാണു ഞാൻ.



കവിത: തനിച്ചല്ല.
രചന: സുഗതകുമാരി.
ആലാപനം: ബാബു മണ്ടൂർ.

5 comments:

  1. അജിത്4 June 2020 at 13:28

    ആരും തനിച്ചല്ല... ഭൗതികമായ സാമീപ്യം തന്നെ വേണമെന്നില്ലല്ലോ!
    മനോഹരമായ വരികൾ. ഹൃദ്യാലാപനം !

    ReplyDelete
  2. അതിമനോഹരകാവ്യം. ഹൃദ്യമായ ആലാപനം

    ReplyDelete