Tuesday, 23 August 2011

അശ്വമേധം


ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻആരൊരാളെന്‍ (Click here to download)
കവിത: അശ്വമേധം
രചന: വയലാര്‍
ആലാപനം: മധുസൂദനന്‍ നായര്‍

6 comments:

 1. ആദ്യം വെള്ളരിപ്രാവിന് കൊച്ചുമുതലാളിയുടെ അഭിനന്ദനങ്ങള്‍! ഇവിടെ വന്ന് കവിതകള്‍ കേള്‍ക്കുന്നു എന്നറിയുമ്പോള്‍ തന്നെ മനസ്സിനൊരു സന്തോഷം തോന്നുന്നു.. നിറഞ്ഞമനസ്സോടെ, സന്തോഷത്തോടെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പങ്കുവെയ്ക്കുകയാണ് ഞാനിവിടെ ഒരോ കവിതയും. കവിതയെഴുതുവാന്‍ തക്ക കലാപരമായ കഴിവൊന്നും ഈ കൊച്ചുമുതലാളിയ്ക്കില്ല. പക്ഷെ, കവിതയെയും, പാട്ടിനെയും ഒരുപാട് സ്നേഹിയ്ക്കുന്നു.. ഇവിടെ പോസ്റ്റ് ചെയ്യുന്ന ഓരോ കവിതകളും വെള്ളരിപ്രാവ് പറഞ്ഞത് പോലെ ഒരുപാട് തവണ കേട്ടിട്ടുള്ളവയാണ്.. സന്തോഷം ഈ നിത്യസന്ദര്‍ശനത്തിന്... കൂടുതല്‍ കവിതകള്‍ പോസ്റ്റ് ചെയ്യുവാന്‍ പ്രചോദനമാകുന്നു ഓരോരുത്തരുടേയും സഹകരണം.. ഇതിനു പകരം സ്നേഹം മാത്രം..

  കൊച്ചുമുതലാളി

  ReplyDelete
 2. thank you for this post..mm ofcrse one of ma fvrits...

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. കൊച്ചുമുതലാളിക്ക് വീണ്ടും അഭിനന്ദനങ്ങൾ.
  നല്ല കവിതകൾ തിരഞ്ഞുപിടിച്ച് കാട്ടിത്തരുന്നതിന്.
  (അങ്ങുമിങ്ങുമുള്ള ചില അക്ഷരത്തെറ്റുകൾ കൂടി തിരുത്തണം)

  ReplyDelete
 5. അക്ഷരതെറ്റുകള്‍ എവിടെയൊക്കെയാണെന്ന് കൂടി ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ തിരുത്താന്‍ എളുപ്പമായിരുന്നു..

  നന്ദി!

  ReplyDelete