Saturday 27 August 2011

ആനന്ദധാര


ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍...
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍...
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.



കവിത: ആനന്ദധാര
രചന: ചുള്ളിക്കാട്
ആലാപനം: ചുള്ളിക്കാട്

5 comments:

  1. ഒരു പക്ഷെ ഹൃദയം കൊണ്ട് ഞാന്‍ ആദ്യമായി വായിച്ച, ആദ്യമായി ഹൃദയത്തില്‍ സൂക്ഷിച്ച കവിതയാണ് ഇത്.
    ചുള്ളിക്കാടിനെ സ്നേഹിച്ചു തുടങ്ങിയതും ഈ കവിതയിലൂടെയാണ്‌.
    നന്ദി.

    ReplyDelete
    Replies
    1. ഒരുകാലത്ത് കാമ്പസ്സുകളില്‍ അലയടിച്ചിരുന്ന ഒരു കവിതയാണിത്.. സന്ധ്യമയങ്ങും നേരം, സായം സന്ധ്യയെ നോക്കി വട്ടമിട്ടിരുന്നു എത്രയോ തവണ എന്റെ കൂട്ടുകാരന്‍ ചൊല്ലുന്നത് കേട്ടിരിയ്ക്കുന്നു..!

      നന്ദി അവന്തിക!

      Delete
  2. ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗില്‍ വരുന്നത്....
    ഈ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    തുടരുക സുഹൃത്തേ.... ഈ ഉദ്യമം !!!

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇനിയും വരിക.. ഈ സംരഭം കവിതയെ ഇഷ്ടപ്പെടുന്ന സമാനഹൃദയര്‍ക്കു വേണ്ടിയിട്ടുള്ളതാണ്.

      Delete
  3. ഇവിടെ വന്നാൽ സമയം പോകുന്നതേ അറിയില്ല..

    ReplyDelete