Saturday 20 July 2013

കളിയച്ഛൻ



ഒക്കില്ലൊരിയ്ക്കലും മേലിലെനിയ്ക്കിനി
ഈ കളിയച്ഛനോടൊത്തു കളിയ്ക്കുവാൻ
ദുർമുഖം കാണേണ്ടെനി' ക്കോതി ദേശികൻ
ദുർമ്മൃതിഘോരാഗ്രഹണമാം ശാപമായ്!
ക്രൂരമിടിത്തിയ്യിൽ വെന്തുപോയി; കേശ-
ഭാരകിരീടമണിയേണ്ട മസ്തകം!
പോവാതെയായന്നുതൊട്ടു ഞാൻ പൊന്നണി-
ക്കോവിലി,ലുത്സവപ്പന്തൽക്കളികളിൽ
വ്യഗ്രനാമെന്നെത്തുടർന്നെത്തി പന്തലി-
ലുഗ്രഗുരുത്വപ്പിഴതൻ കരിനിഴൽ!
ചൂടുറ്റ വീർപ്പോടുമേകാന്തവിശ്രമം
തേടിവലഞ്ഞിരുൾമൂടുമീയന്തിയിൽ,
മാടിവിളിക്കുന്നു പൊന്താഴികക്കുടം
ചൂടിയ കോവിലിൻ ഗോപുരവീഥികൾ!
ലോലമയവിറക്കുന്നു കരൾത്തട-
മാലും കുളവുമരയാൽത്തറകളും!
തോറ്റുതുലഞ്ഞു ഹാ; വയ്യെനിക്കിപ്പടു-
കൂറ്റൻ കഥകളിപ്പെട്ടികളേറ്റുവാൻ!
ബോധമില്ലാതെകിടക്കുമവസ്ഥയ്ക്കു-
മീതെയായ് ഘോരവിപത്തെന്തു ഭൂമിയിൽ?
വേദനാപൂർണ്ണമാണിക്കഥ, രാവണ-
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയ്!
മഞ്ഞിൽക്കുളിച്ചുകുളിരാർന്നൊരാതിര-
ത്തെന്നൽക്കുറുനിരയൊന്നു മുകരണം
മുന്തിരിച്ചാറുപിഴിയുന്ന മൂവന്തി-
യൊന്നായ്ച്ചിരട്ടയിലിത്തിരി മോന്തണം.
രാകാശശാങ്കമുഖിയാം രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം:
വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ
വാനത്തു മോഹപ്പുകക്കോട്ടകെട്ടണം!
വട്ടം തിരിയുന്നു പന്തൽ; അടരുന്നു
ചൊട്ടി; കിരീടം ചെരിയുന്നു മേൽക്കുമേൽ
ശ്യാമളവാനിൻ തിരുമിഴി ചോന്നുപോയ്
താമസമില്ലിനി നേരം പുലരുവാൻ
മെല്ലെത്തിരിക്കുകയായിതാ നക്ഷത്ര-
മുല്ലമലരുകൾ ചൂടിയ യാമിനി
വ്യോമരജതദീപത്തിലണഞ്ഞുപോയ്
ഹേമന്തരാത്രിതൻ ശീതളമുത്സവം
ഇന്നിപ്പുരാതനക്ഷേത്രനടയിലെ-
യുത്സവകാലക്കളിയവസാനമായ്!
അന്ധകാരത്തിൽക്കളികഴിഞ്ഞാടുന്ന
പന്തലുപോലെ കുഴയുന്നു വിണ്ടലം;
പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം
ചേങ്ങലംപോലെ മയങ്ങുന്നു ഭൂതലം.
തോടും പുഴയുമുറക്കമായ്, മുറ്റത്തു
വാടിത്തളർന്നു കിടക്കുന്നു താരകൾ,
പൊങ്ങും പരിവേഷവായ്പിൽത്തിളങ്ങുന്നു
മങ്ങിയെരിയും നിലവിളക്കിൻതിരി
ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമതൻ പൊൻതിടമ്പാം മഹാ
ജ്യോതിസ്വരൂപനെക്കാണുന്നതില്ലയോ?
കഷ്ടമിങ്ങെന്തിനു ശങ്കിപ്പു? കാരുണ്യ-
ഭിക്ഷതരുവാനുഴറുന്നു സൽഗ്ഗുരു.
ഊരിവലിച്ചെറിഞ്ഞേക്കുക, ഭോഷനി-
ന്നാത്മസമർപ്പണവിഘ്നമിക്കഞ്ചുകം.
ഭാസുരഭാവിക്കു രാഹുവാണി ഭക്തി-
ഭാവം തളിക്കാത്തൊരുന്മത്തഗഗൗരവം.

 
ഒക്കില്ലൊരിയ്ക്കലും (Click here to download)
കവിത: കളിയച്ഛൻ
രചന: പി. കുഞ്ഞിരാമൻ നായർ
ആലാപനം: അൻവിൻ കെടാമംഗലം

15 comments:

  1. 1959ൽ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായ കൃതി. കളിയച്ഛൻ എന്ന കവിതയുടെ പൂർണ്ണരൂപമല്ല ഇവിടെ ചേർത്തിരിയ്ക്കുന്നത്. പ്രസക്തഭാഗങ്ങൾ കൂട്ടിച്ചേർത്ത ഒരു കവിതാ ശകലം. ഏവക്കും ഇഷ്ടപ്പെടുന്ന പ്രതീക്ഷയോടെ ഒരിയ്ക്കൽ കൂടി..

    ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!

    ReplyDelete
  2. കവിതയില്‍ നിന്നും കളിയച്ഛന്‍ .

    ReplyDelete
  3. സൗന്ദര്യാരാധകനായി,കാമുകനായി,ദേശാടകനായി,വിരഹിയായി പാടിനടന്ന മഹാകവി പി.കുഞ്ഞിരാമൻ നായരുടെ മനോഹരമായ വരികൾ.
    ആലാപനവും ഹൃദ്യം.നന്ദി.


    ശുഭാശംസകൾ....

    ReplyDelete
  4. മനോഹരമായ വരികളും, ആലാപനവും..

    ReplyDelete
  5. ഹൃദ്യാ‍ലാപനം

    ReplyDelete
  6. ഒത്തിരി ഇഷ്ടമായി
    നന്ദി!

    ReplyDelete
  7. bhaava theevramaya aalapana mikavinal kooduthal jwalikunnu ii kavitha.....
    aasamsakal...

    ReplyDelete
  8. നല്ല ആലാപനത്തിലൂടെ കവിത കൂടുതല്‍ ആസ്വാദ്യമായി... :)

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..
    നന്ദി!

    ReplyDelete
  10. ഹൃദ്യമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  11. ‘പി’ പ്രകൃതിയെ പ്രണയിച്ച കവി

    Kunhiraman_nair-epathram

    “കുയിലും, മയിലും,
    കുഞ്ഞിരാമന്‍ നായരും
    കൂടുകൂട്ടാറില്ല” -: കെ. ജി. ശങ്കരപ്പിള്ള

    മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.
    തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.
    “ക്ഷേത്രം ഭരിപ്പുകാരായ
    പെരുച്ചാഴികള്‍ കൂട്ടമായ്
    മാന്തിപ്പൊളിക്കയായ് സ്വര്‍ണ
    നിക്ഷേപത്തിന്റെ കല്ലറ.” (നരബലി)
    ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
    “പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
    നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
    പേര്‍ത്തുമടച്ച നട തുറക്കും വരെ
    കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
    മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
    കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”
    പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
    “ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
    മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”
    അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
    “ഏവമെന്തിനിണങ്ങി നാം തമ്മില്‍
    വേര്‍പിരിയുവാന്‍ മാത്രമായ് ” (മാഞ്ഞുപോയ മഴവില്ല്)
    “യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
    ലേഖനം പൂവു തിരിച്ചയച്ചു” (പിച്ചിച്ചീന്തിയ പുഷ്പചിത്രം)



    ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
    വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,'എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.
    കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.



    - ഫൈസല്‍ ബാവ

    ReplyDelete
  12. പി.യുടെ 'മംഗളാശംസ' ഓൺലൈനിൽ ലഭ്യമാണോ?

    ReplyDelete
  13. ഇത് എത്രയുണ്ട്

    ReplyDelete
  14. വളരെ ഹൃദ്യമായ ആലാപനം

    ReplyDelete