Friday 27 July 2012

പട്ടാമ്പിപ്പുഴ മണലില്‍


പട്ടാമ്പിപ്പുഴ മൂളും
പാട്ടും കേട്ടൊരു നാളില്‍
വെറുതെ ഇത്തിരി നേരം
മണലില്‍ ഞാന്‍ ഇളവേല്‍ക്കേ
വെയിലാറി വരുന്നുണ്ട്
കുളിര്‍ക്കാറ്റിന് കനിവുണ്ട്
ഇരു കരയില്‍ തൈ തെങ്ങുകള്‍
മുടി കോതി നില്‍പ്പുണ്ട്
വെറുതെ ഇരിയ്ക്കുമ്പോഴെന്‍
വിരലോരോന്നെഴുതുകയായ്
മണലുഴുതു മറിയ്ക്കുകയായ്
മലയാളം തെളിയുകയായ്
അത്ഭുതമെന്‍ വിരലേതോ
നഗ്നതയില്‍ തൊട്ടതുപോല്‍
മണിലിളകുന്നിക്കിളിയാല്‍
ഉടലൊന്നു കുടഞ്ഞതുപോല്‍
കുതുകത്തോടവിടുത്തെ
മണല്‍ മാന്തിയൊഴിച്ചപ്പോള്‍
ഒരു സുന്ദരിയുണ്ടടിയില്‍
കനവൊണ്ടു കിടക്കുന്നു
ഉടുതുണിയില്‍ ഉടലില്‍
മിഴിയിണപൂട്ടി മയങ്ങുന്നു
നിറമാറില്‍ ചെവി ചേര്‍ക്കെ
ഹൃദയമിടിപ്പറിയുന്നു
പൊരുളറ്റ കടങ്കഥയോ
പുഴപെറ്റൊരു പൂമകളോ
മൊഴിയില്‍ പകരനാവാ-
ത്തൊരുപാവ നിഗൂഢതയോ
അവളുണരുന്നത് കാത്തി-
ട്ടരികത്ത് കിടന്നു ഞാന്‍
ഇരവേറി വരുന്നുണ്ട്
നനവാര്‍ന്നൊരു കാറ്റുണ്ട്
അറിയാതുറങ്ങിപ്പോയ്
ഞൊടിനേരം ഉണര്‍ന്നപ്പോള്‍
തെളിവാര്‍ന്ന നിലാവുണ്ട്
കരയില്‍ കരി നിഴലുണ്ട്
അവളരികത്തില്ലവിടെ
മണല്‍ നീങ്ങിയ കുഴിയുണ്ട്
കുഴിയില്‍ ചെളി വെള്ളത്തില്‍
മുഴുതിങ്കള്‍ തെളിയുണ്ട്
അകലെ കണ്ടേനപ്പോള്‍
ഉടലാര്‍ന്ന നിലാവൊളിയെ
അവളോ പുഴയോളത്തില്‍
നിലയില്ലാതാഴത്തില്‍
അരുതെന്ന് വിലക്കി ഞാന്‍
അലറിക്കൊണ്ടെന്നാലും
അരയോളം മാറോളം
പുഴയില്‍ താണവസാനം
അവളൊന്നു തിരിഞ്ഞെന്നെ
കടമിഴിയാല്‍ ഉഴിയുകയായ്
അതുമാത്രം പിന്നീടാ
മണല്‍ വിഗ്രഹം അലിയുകയായ്
പൊളിയില്ലിത് പിറ്റേന്നാ
പുഴയില്‍ നിന്നൊരു പെണ്ണിന്‍
ജഡവും കൊണ്ടൊരു ലോറി
കയറിപ്പോയതു കണ്ടു..



കവിത: പട്ടാമ്പിപ്പുഴ മണലില്‍
രചന: പി.പി. രാമചന്ദ്രന്‍
ആലാപനം: ബാബു മണ്ടൂര്‍

10 comments:

  1. മനോഹരഗാനങ്ങളുടെ കലവറയൊരുക്കുന്ന ഈ ബ്ലോഗിന് നന്ദി നിറഞ്ഞ ആശംസകള്‍

    ReplyDelete
  2. എത്ര മനോഹരമീ പട്ടാമ്പി പുഴയും, മണല്‍ത്തരിയും പിന്നെയീ പുലര്‍ക്കാലവും..
    സുന്ദരമായ ആലാപനം..!

    ReplyDelete
  3. ന്റ്റെ നാട്...നന്ദി പുലര്‍ക്കാലമേ...!

    ReplyDelete
  4. ഒരു തേക്കു പാട്ടുപോലെ മനോഹരമായി ആലപിച്ചിരിയ്ക്കുന്നു. ഗ്രാമത്തിന്റെ മണമുള്ള കവിതയും, ആലാപനവും!ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!

    ശുഭസായാഹ്നം!

    ReplyDelete
  5. നാട്..
    നാട്ടാരന്‍റെ കവിത..


    സന്തോഷം അനില്‍ജീ..

    ReplyDelete
  6. എന്‍റെ നാടും പുഴയും.... നന്ദി

    ReplyDelete
  7. നന്ദി മുതലാളീ

    ReplyDelete
  8. പ്രിയ സ്നേഹിതാ ഒരുപാട് നന്ദി.മനസ്സ് നിറഞ്ഞു

    ReplyDelete
  9. Absolutely beautiful, right balance of emotion. Enjoyed it.

    ReplyDelete
  10. മനോഹരം

    ReplyDelete