Wednesday 25 July 2012

ഗാന്ധിയും കവിതയും


ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെ കാണാന്‍ ആശ്രമത്തിലെത്തി
കുനിഞ്ഞിരുന്ന് രാമനിലേയ്ക്കുള്ള നൂല്‍-
നൂല്‍ക്കുകയായിരുന്നു ഗാന്ധി
താന്‍ ഒരു ഭജനായാകത്തില്‍ലജ്ജിച്ച്
വാതിലില്‍ തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല
കവിത മുരടനക്കിയപ്പോള്‍
ഗാന്ധി നരകം കണ്ട തന്റെ കണ്ണടയിലൂടെ
ഇടം കണ്ണിട്ട് നോക്കി ചോദ്യമാരംഭിച്ചു..
എപ്പോഴെങ്കിലും നൂല്‍ നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പെണീറ്റ് അടുക്കളയിലെ പുകയേറ്റിട്ടുണ്ടോ?
എപ്പോഴെങ്കിലും പട്ടിണീ കിടന്നിട്ടുണ്ടോ?
കവിത പറഞ്ഞു..
ജനിച്ചത് കാട്ടിലായിരുന്നു
ഒരു നായാടിയുടെ വായില്‍
വളര്‍ന്നത് മുക്കുവത്തിയുടെ കുടിലിലും
എങ്കിലും പാട്ടല്ലാതെ ഒരു തൊഴിലും അറിയില്ല
കുറെക്കാലം പാട്ടുപാടി കൊട്ടാരങ്ങളില്‍ കഴിഞ്ഞു
അന്ന് വെളുത്ത് കൊഴുത്തിരുന്നു
ഇപ്പോള്‍ തെരുവിലാണ് അരവയറില്‍
ഗാന്ധി പുഞ്ചിരിച്ച് പറഞ്ഞു..
ഈ ഒടുവില്‍ പറഞ്ഞ കാര്യം നല്ലതു തന്നെ!
പക്ഷെ; സംസ്കൃതം പറയുന്ന ശീലം
മുഴുവനുപേക്ഷിയ്ക്കണം..
വയലിലേയ്ക്ക് ചെല്ലൂ..
കര്‍ഷകര്‍ സംസാരിയ്ക്കുന്നത് ശ്രദ്ധിയ്ക്കൂ..
കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി പുതുമഴപെയ്ത്
നിലമുഴുതു മറിയ്ക്കാന്‍
കൃഷിക്കാരനെത്തുന്ന ദിവസവും-
കാത്ത് കിടന്നു..!



കവിത: ഗാന്ധിയും കവിതയും
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

7 comments:

  1. സച്ചിദാനന്ദന്റെ മഹത്തായ കവിത.അര്‍ത്ഥം അതി സമര്‍ത്ഥം....ഈ കവിത copy ചെയ്യട്ടെ?ഷെയര്‍ ചെയ്തു.
    ഇത് സമ്മാനിച്ചതിനു ഒരായിരം പൂച്ചെണ്ടുകള്‍ !

    ReplyDelete
  2. സുന്ദരമായ ഈ കവിത പങ്കു വച്ചതിനു നന്ദി.

    ReplyDelete
  3. കവിത കവിയുടെ ശബ്ദത്തിൽ തന്നെ കേൾക്കുമ്പോൾ കവിതയുടെ ഭാവമെന്തെന്ന് ശരിക്കറിയാനാവുന്നു.

    ഈ പങ്കുവെക്കലിന് നന്ദി അനിൽ......

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
    ശുഭദിനാശംസകള്‍!

    ReplyDelete
  5. നല്ലൊരു കവിത പങ്കുവെച്ചതിനു നന്ദി... വീണ്ടും വീണ്ടും വായിച്ചു ഈ വരികള്‍..

    ReplyDelete