Tuesday 24 July 2012

നന്ദി തിരുവോണമേ


നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലേ അടിമണ്ണിടഞ്ഞു-
കടയിളകി ചെരിഞ്ഞൊരു കുനും തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ

ആട്ടം കഴിഞ്ഞു കളിയരങ്ങത്തു
തനിച്ചു വെറുക്കനെ പടുതുരി കത്തി-
കരിഞ്ഞു മണത്ത കളിവിളക്കിന്‍ ചിരി
ഇപ്പഴോര്‍ക്കുന്നുവോ..
ഇനിയൊരു കളിയ്ക്കിത് കൊളുത്തേണ്ടെ-
യെന്നോര്‍ത്തിരിയ്ക്കെ നീ വന്നുവല്ലേ

പോയ തിരുവോണ ഘന മൌനമോര്‍ക്കുന്നുവോ
ചെറിയൊരു വെളിച്ചം പിടഞ്ഞു കെട്ടാല്‍
മൃതിപോല്‍ തണുത്ത നിറമിഴിനീര്‍ കുടങ്ങളൊരു
പ്രളയമായ് പൊട്ടി പുളഞ്ഞൊഴുകി
ഒക്കയും മൂടുവാന്‍ ചൂഴ്ന്നുറ്റു നില്‍ക്കുമൊരു
ഘന തിമിരമായി ഭൂമി നിന്നതോര്‍ക്കുന്നുവോ

നന്ദി തിരുവോണമേ നന്ദി നീ വന്നുവല്ലോ
ഇളവെയില്‍ കുമ്പിളില്‍ തരിമഴ നിറച്ച്
ഇടറുന്ന വഴികളില്‍ തുടുകഴല്‍ പൂക്കളം വിരിയിച്ച്
പുതുവാഴ കൂമ്പുപോല്‍ നീ വന്നുവല്ലോ

നന്ദി പോയ് വരിക വരുമാണ്ടിലും
നിഴലായ്, വെളിച്ചമായ്, കണ്ണീരായ്,
കനിവായ്, മൃതിയായ്, ജനിയായ്,
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായ് അറിവായ് നറുമിഴി-
വിടര്‍ത്തി നീ വരുമാണ്ടിലും വരിക



കവിത: നന്ദി തിരുവോണമേ
രചന: എന്‍ എന്‍ കക്കാട്
ആലാപനം: വേണുഗോപാല്‍

5 comments:

  1. ഓണപ്പാട്ടുകളുടെ കാലമായല്ലോ
    പൂവിളി പൂവിളി പൊന്നോണമായീ....

    ReplyDelete
  2. സുപ്രഭാതം പുലര്‍ക്കാലമേ...
    വരവേല്‍ക്കാം ഓണം...തിരുവോണം...!

    ReplyDelete
  3. കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം അജിത്തേട്ടന്‍ & വര്‍ഷിണി..

    ReplyDelete
  4. നന്ദി പോയ് വരിക വരുമാണ്ടിലും
    നിഴലായ്, വെളിച്ചമായ്, കണ്ണീരായ്,
    കനിവായ്, മൃതിയായ്, ജനിയായ്,

    ReplyDelete
  5. നന്ദി തിരുവോണമേ നന്ദി നീ വന്നുവല്ലോ

    ReplyDelete