Friday 13 July 2012

മരണമെത്തുന്ന നേരത്ത്


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി
ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ, നിന്നിലേയ്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ





കവിത: മരണമെത്തുന്ന നേരത്ത്
രചന: റഫീഖ് അഹമ്മദ്
ആലാപനം: ഉണ്ണിമേനോന്‍

19 comments:

  1. ഈയിടയ്ക്ക് ഇറങ്ങിയ ‘സ്പിരിറ്റ്” എന്ന സിനിമയ്ക്ക് വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ കവിത; ഷഹ്ബാസിന്റെ സംഗീതത്തില്‍ ഉണ്ണീമേനോന്‍ അതിമനോഹരമായി ആലപിച്ചിരിയ്ക്കുന്നു..! ഈ മനോഹരകാവ്യം ഏവര്‍ക്കും വേണ്ടി പുലര്‍ക്കാലമിതാ സമര്‍പ്പിയ്ക്കുന്നു.. നന്ദി!

    ശുഭദിനാശംസകള്‍!

    ReplyDelete
  2. പ്രണയമേ,
    നിന്നിലേയ്ക് നടന്നൊരെന്‍
    വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
    അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി- പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍...

    ReplyDelete
  3. മനോഹരമായിരിക്കുന്നു കവിത.ആലാപനവും
    നന്നായി.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  4. ഓഹ് ... എന്തൊരു വരികള്‍ ... എന്താ പറയുക ...

    ReplyDelete
  5. ഇതിവിടെ പങ്കു വെച്ചതിനു ഒരുപാട് നന്ദിയുണ്ട്....

    കവിത വാക്കുകള്‍ക്ക് അതീതം!!!

    ReplyDelete
  6. മനോഹരകവിത

    ReplyDelete
  7. ഓരോ വരികളും കാണുവാന്‍ തന്നെ എന്തൊരു ചന്തം..!
    ആലാപന മനോഹാരിത ഓരോ വരികള്‍ക്കും കൂടുതല്‍ മിഴിവേകി!
    ഈ പരിചയപ്പെടുത്തലിനു നന്ദി കൊച്ചുമുതലാളി...

    ReplyDelete
  8. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
    ശുഭദിനാശംസകള്‍!

    ReplyDelete
  9. ഹോ..! മനോഹരം!

    ReplyDelete
  10. വാക്കുകളില്‍ ഈണത്തില്‍ കോര്‍ത്ത മനോഹര കാവ്യ ശില്‍പ്പം.... നന്ദി കൊച്ചു മുതലാളീ..

    ReplyDelete
  11. അസാമാന്യ വരികൾ..!
    കുപ്പിയിൽ നിറച്ച വീഞ്ഞണ് കവിത..!

    ReplyDelete
  12. മരണത്തിനുപ്പൊലും സ്നേഹത്തെ കീഴട ക്കുവാന്‍ കഴിയില്ലായെന്നു മനസിലാക്കുവാന്‍ പഠിപ്പിക്കുന്ന വരികള്‍. leaving together പ്രണയത്തിന്റെ പുതു ലോകത്ത്, തീവ്ര നൊമ്പത്തിന്റെ പ്രണയം കലര്‍ന്ന വരികള്‍

    ReplyDelete
  13. പ്രണയമേ, നിന്നിലേയ്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍ അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി- വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

    ReplyDelete
  14. മരിക്കുമ്പോൾ ഇവൻ കൊതിപ്പൂ നിൻ
    കരമൊരു നിമിഷമെൻ മുടി തഴുകണം
    അരുണമാമതിൻ കിരണപുരമരുമ-
    യായെന്നിലലിഞ്ഞു ചേരണം.
    - പാബ്ലോ നെരൂദ
    when I die

    ReplyDelete
  15. വീരാൻകുട്ടി31 May 2020 at 17:00

    പ്രണയമേ, നിന്നിലേയ്ക് നടന്നൊരെന്‍
    വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍

    ReplyDelete