Sunday 10 June 2012

തിരസ്ക്കാരം


ഇരുണ്ട നാദത്തിന്‍
തുരങ്കത്തില്‍ നിന്നും
വരുന്നതാരിവന്‍
പുരാഭവന്‍ കവി
കിളിക്കുരുന്നിനെ
കരത്തിലേന്തുവോന്‍
കനല്‍ ചിലങ്കയില്‍
കുതിരുന്നു തുള്ളുവോന്‍
ഭയപിശാചിയെ
പിഴിഞ്ഞ ചോരയില്‍
തൊടുത്ത കണ്‍കളാല്‍
സ്വരം കുറിപ്പവന്‍
കരിങ്കനാക്കളെ
കുടഞ്ഞെറിഞ്ഞവന്‍
ഉടഞ്ഞു പെയ്യുവാന്‍
മുഴങ്ങി നില്‍പ്പവന്‍
അവന്റെ ചെഞ്ചിട
പരപ്പില്‍ നിന്നതാ
തുനിഞ്ഞു ചീറ്റമിട്ട്
ഉണര്‍ന്ന കാറ്റുകള്‍
അവന്റെ നെഞ്ചിലെ
ചുവപ്പില്‍ നിന്നിതാ
പിളര്‍ന്ന തീക്കനല്‍
തുറിച്ച വാക്കുകള്‍
നിനക്കു നല്‍കുവാന്‍
തിളച്ച വാളുകള്‍
മനം കടഞ്ഞു ഞാന്‍
എടുത്ത നേരുകള്‍
കുലച്ചു നീയിനി
കുതിച്ചു കൊള്ളുക
ഉറഞ്ഞ പാദമേല്‍
എഴിഞ്ഞു പായുക
വരുന്ന കാലവും
വരും വരായ്കയും
ഇതിന്‍ സ്വരങ്ങളില്‍
പകര്‍ന്നു പാടുക
വെറുപ്പെടുത്തു ഞാന്‍
എറിഞ്ഞ ചൊല്ലിനേന്‍
എനിയ്ക്കു വേണ്ട നിന്‍
നിയോഗമൊന്നുമേ
കവി വെടിഞ്ഞു നീ
പുറത്തു പോകുക
എനിയ്ക്കു മോഹന
സ്വരങ്ങളേ മതി
അടച്ച വാതിലിന്‍
അകത്തു നില്‍ക്കവേ
അടുത്തു കാണ്മൂ ഞാന്‍
ഒരു തരിക്കനല്‍
അവന്റെ നോക്കിനാല്‍
അടര്‍ന്നു വീണതാം
അവന്റെ വാക്കില്‍
നിന്നെരിഞ്ഞു വീണതാം
അതിന്റെ ജ്വാലയില്‍
ത്രികാല ജ്വാലയില്‍
മനുഷ്യരായിരം
മനങ്ങളായിരം
അവരിലൊന്നിനെന്‍
മെലിഞ്ഞ കാലടി
അതിന്റെ മേലെയെന്‍
തനി സ്വരൂപവും



കവിത: തിരസ്ക്കാരം
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

5 comments:

  1. കേട്ടു. ഇഷ്ടപ്പെട്ടു. മധുസൂദനന്‍ നായരുടെ കവിത ഇഷ്ടപ്പെടാതിരിക്കുമോ?

    ReplyDelete
  2. കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. അജിത്തേട്ടന്‍, തങ്കപ്പന്‍ സര്‍, കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കവിതാലാപന രംഗത്ത് പുതിയമാനങ്ങള്‍ കൊണ്ടുവന്ന കവിയാണ് മധുസൂദനന്‍ നായര്‍! അദ്ധേഹത്തിന്റെ നാറണത്ത് ഭ്രാന്തന്‍ എന്ന കവിത ഒരു കാലഘട്ടത്തില്‍ മലയാളിയുടെ മനസ്സിനെ പുളകം കൊള്ളിച്ചതാണ്..

    നന്ദി!

    ReplyDelete
  4. വളരെ നല്ല കവിതയും ആലാപനവും ....

    ReplyDelete
  5. കവിതയുടെ ആശയതലം കടുപ്പമാണ്. എങ്കിലും 1980 കളുടെ മദ്ധ്യത്തിൽ അവസാനിച്ച സംക്രമണത്തിന്റെ ഭാവുകത്വ പരിണാമം ഈ കവിതയിൽ കാണാം.

    ReplyDelete