Saturday, 12 November 2011

സുലേഖ


ഇത്രയേറെ ചിറകുകളുമായി സുലേഖ
നീയവിടെ എന്തു ചെയ്യുകയാണ്..?
വിശുദ്ധിയുടെ വെള്ള വസ്ത്രങ്ങള്‍
വെളുത്ത പനിനീര്‍
വെളുത്ത സ്വപ്നങ്ങള്‍
ഞാനെല്ലാം കാണുന്നു..
ബലിരൂപങ്ങളുടെ വളര്‍ത്തുപുത്രിയാണു നീ..
കഠിന വസന്തങ്ങളുടെ പ്രാര്‍ത്ഥന സുഗന്ധം
പളുങ്കിന്റെ സുതാര്യ ഹതാശമായ ചിരി
ഉപ്പുപാടങ്ങളുടെ ലവണം കരിയുന്ന കാറ്റുകള്‍ക്കൊപ്പം
ഓരോ രാത്രിയും നീ കടന്നുവരുന്നു..
മൂടല്‍ മഞ്ഞുപോലെ മുറിവുകള്‍ കാട്ടി വിതുമ്പുന്നു..
ജനലരികില്‍ നിന്ന് വിറയ്ക്കുന്ന ഹിമകാല നിശീഥിനി
വെളുത്തുള്ളിപോലെ വിളറിയിരിയ്ക്കുന്നു..
നിന്റെ ചിതയില്‍ വിരിയുന്ന
അര്‍ബുദ്ധത്തിന്റെ ഇലകള്‍ക്ക് തവിട്ടു നിറം
എരുക്കിന്റെയും പാലയുടേയും
നറുഗന്ധം ശവം കരിയുന്ന മണത്തിലലിയുന്ന
ഈ നിലാവില്‍, ഈ ഹിമക്കോണീനടിയില്‍
നീയെന്നോടൊത്ത് അഭയം തേടേണ്ടതായിരുന്നു
ഇരുണ്ട കിണറുകള്‍ക്ക് ജീവിയ്ക്കുന്ന
ഉരുണ ആ വഴുവഴുപ്പന്‍ സത്വം
അന്ന് നമുക്കിടയില്‍ വന്നു നിന്നു
അതേ സത്വമാണോ
നിന്റെ കുടലുകള്‍ക്കത്ത്
ക്ടന്നുകൂടി പെറ്റുപെരുകിയത്..?
കാറ്റ് ഉമ്മവെയ്ക്കുന്ന
അശോക വൃക്ഷത്തിന്റെ
ഹരിതഗോപുരം പോലെ
നീ ഓര്‍മ്മയുടെ അതിരുകളില്‍
കൂര്‍ത്തുയരുന്നു..
എന്റെ പകലുകള്‍ക്കും
കവിതകള്‍ക്കുമിടയില്‍ കിടന്ന്
ഇലമുളച്ചിയെപ്പോലെ
പൊട്ടി പൊട്ടി മുളയ്ക്കുന്നു..
നിന്റെ മരിച്ച മുടിയിഴകളില്‍
സ്വര്‍ണ്ണവിരലുകളോടിച്ചുകൊണ്ട്
പട്ടട തീ നിന്റെ കൊച്ചുചെവിയില്‍
മന്ത്രിച്ചതെന്തായിരുന്നു..?
നിന്നെ മടിയില്‍ കിടത്തി
തലോടി തലോടീ
നിന്റെ അസ്ഥികളെ
വികാരാവേഗത്താല്‍ പൊട്ടിതെറിപ്പിച്ച്
അവന്‍ പാടിയ പാട്ടെന്തായിരുന്നു..?
സുലേഖ, നീ മറ്റൊരുകാലത്ത്
പിറക്കേണ്ടവളാണ്
ഈ ലോകത്ത്
സൂര്യകാന്തികള്‍ക്കുപോലും
നഖങ്ങളും ദ്രംഷ്ടകളുമുണ്ട്
കറുത്ത വിധിപുസ്തകം പോലെ
തടവറകള്‍ രാജ്യസ്നേഹികള്‍ക്കായി
തുറക്കപ്പെടുന്നു..
നീതിമാന്മാരുടെ നുറുങ്ങിയ
അസ്ഥികള്‍ക്കുമീതെ
മഴപ്പെയ്യിക്കാത്ത കാറ്റുകള്‍
ഉരുണ്ടുപോകുന്നു..
ഒരുനാള്‍. സൊരഭ്യങ്ങളുടെ ഭൂമിയില്‍
പുതുമണ്ണിന്റെ മണമുയര്‍ത്തുന്ന
ആദ്യമഴയായ് നീ വന്ന് പിറക്കുക
ഇറവെള്ളമായ് ആര്യവേപ്പിന്‍ ചുവട്ടിലൂടെ
ചിരിച്ച് പുളഞ്ഞൊഴുകുക
അപ്പോള്‍ നിന്റെ മാറില്‍
ഒരു കുട്ടി ഒരു കടലാസ്സ് തോണിയൊഴുക്കിവിട്ട്
കൈ കൊട്ടി ചിരിയ്ക്കും..
ഒരു ഞാവല്‍ക്കിളി ചുവന്ന ചിറകുവീശി
നിനക്കുമീതെ കൂരമ്പുപോലെ
പറന്നുപോകും...
ആ കിളി ഞാനായിരിയ്ക്കും...!!!ഇത്രയേറെ (Click here to download)
കവിത: സുലേഖ
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

5 comments:

 1. വെളുത്തുള്ളിപോലെ വിളറിയിരിയ്ക്കുന്നു..

  ReplyDelete
 2. നന്ദി....ഒരു മഴപെയ്തെങ്കില്‍!!!
  (ഒരുനാള്‍....
  സൊരഭ്യങ്ങളുടെ ഭൂമിയില്‍
  പുതുമണ്ണിന്റെ മണമുയര്‍ത്തുന്ന
  ആദ്യമഴയായ് നീ വന്ന് പിറക്കുക.)

  ReplyDelete
 3. ന്നെ നൊമ്പരപ്പെടുത്തുന്നൂ...!

  ReplyDelete
 4. പ്രിയപ്പെട്ട സുഹൃത്തേ,
  ഈ കവിത എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു!
  സസ്നേഹം,
  അനു

  ReplyDelete
 5. കലാവല്ലഭന്‍, വെള്ളരിപ്രാവ്, വര്‍ഷിണി & അനുപമ; കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ചിലവരികള്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിയ്ക്കും, നമുക്ക് പിറകിലുള്ള ഓര്‍മ്മകളായിരിയ്ക്കും ഒരു പക്ഷെ നമ്മെയെല്ലാവരേയും നൊമ്പരപ്പെടുത്തുന്നത്..

  ReplyDelete