Friday 2 September 2011

ഒരു നാത്തൂന്‍ പാട്ട്


നാത്തൂനേ നാത്തൂനേ നാമെങ്ങോട്ടോടുന്നു നാത്തൂനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ

നാത്തൂനേ നാത്തൂനേ നാമെന്ത് കുടിക്കണൂ നാത്തൂനേ
കാടിയെ മൂടിയും കോള മൂടാതെയും
ആടിക്കും മോടിക്കുമെന്തു ചേതം
നാത്തൂനെ നാത്തൂനെ നാമെന്തൊക്കെ തിന്നണ് നാത്തൂനെ
ചേര നടുക്കണ്ടം ചോരകലക്കിയ പാരമ്പര്യക്കുരു ചെന്നായം.

നാത്തൂനെ നാത്തൂനെ നാം എന്താണറിയണ് നാത്തൂനെ
കണ്ടാലറിയാത്ത കൊണ്ടലറിയണ കണ്ടുകെട്ടൽ കടചെണ്ടകൊണ്ട്


നാത്തൂനെ നാത്തൂനെ നാമാരൊക്കെയെന്തൊക്കെ നാത്തൂനെ
ആയിരം ജാതികൾ ആയിരം ചേരികൾ
അമ്പതിനായിരം നീയും ഞാനും

നാത്തൂനേ നാത്തൂനേ നാമെന്തു കളഞ്ഞിന്നു നാത്തൂനേ
ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺ തരി
നാട്ടുമാവിൻ ചുന നാട്ടുമണം

നാത്തൂനേ നാത്തൂനേ നാമോടിയടുക്കണതെങ്ങോട്ട്
വെള്ള തൊലിയുള്ള പുള്ളിയുടുപ്പിട്ട
കങ്കാണി മാളക്കുടുകിലേക്ക്

കങ്കാണി മാളക്കുടുക്കിലിന്നെന്തൊക്കെ
കാത്തിരിപ്പുണ്ടെന്റെ നാത്തൂനെ
കുപ്പിയിൽ വെള്ളത്തിനഞ്ചു കാശ്‌
ജീവവായു പൊതിഞ്ഞതിനെട്ടു കാശ്‌
സെന്റു പുരണ്ട വിയർപ്പുമണം പിന്നെ
ഓട്ടക്കാലഞ്ചണ വിറ്റു ബാക്കി

കാണം വിറ്റാലെന്ത് നാണം വിറ്റാലെന്തിനോണം
വിറ്റാലെന്തു നാത്തൂനെ
ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ
ഞാനോടട്ടെ നാത്തൂനേ
ഞാനോടട്ടെന്റെ നാത്തൂനെ
നിന്റെ പോഴവും വേഴവും പിന്നെപ്പിന്നെ




കവിത: ഒരു നാത്തൂന്‍ പാട്ട്
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

2 comments:

  1. വരികള്‍ പൂര്‍ണമല്ല... :)

    ReplyDelete
    Replies
    1. വിശദമായ ആസ്വാദനത്തിന് നന്ദി. വിട്ടുപോയ വരികൾ ചേർത്തിട്ടുണ്ട്. ഇനിയും വരിക, കവിതകൾ ആസ്വദിയ്ക്കുക, അഭിപ്രായമറിയിയ്ക്കുക!

      Delete